Your Image Description Your Image Description

കാപ്പാട് ബ്ലൂഫ്‌ളാഗ് ബീച്ചിനടുത്തുള്ള ഭാഗത്തെ ശക്തമായ കടലാക്രമണം തടയാന്‍ അടിയന്തര പരിഹാരം. കാപ്പാട് ബീച്ചിലേക്കുള്ള പ്രധാന പാതയായ തിരുവങ്ങൂര്‍-കാപ്പാട് റോഡില്‍ കടലാക്രമണം രൂക്ഷമായതോടെ അടിയന്തര പരിഹാരം വേണമെന്ന് കാനത്തില്‍ ജമീല എംഎല്‍എ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് ജില്ലാ കലക്ടര്‍ 20 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. പ്രവൃത്തി നടപ്പാക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

 

നിലവില്‍ കാപ്പാട്-കൊയിലാണ്ടി തീരപാത തകര്‍ന്ന നിലയിലാണ്. കേരളത്തില്‍ രൂക്ഷമായ കടലാക്രമണം നേരിടുന്ന പത്ത് ഹോട്ട്‌സ്‌പോട്ടുകളിലൊന്നാണ് കാപ്പാട്. തീരസംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി പഠനം നടത്താന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ തയാറാക്കിയ ഡിസൈന്‍ പ്രകാരമുള്ള എസ്റ്റിമേറ്റ് സര്‍ക്കാരിന്റെ പരിഗണനയിലാണ്. 80 കോടിയോളം വേണ്ടിവരുന്ന പദ്ധതി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാനായിരുന്നു ആലോചന. എന്നാല്‍, കിഫ്ബിയില്‍ നിന്നുള്ള ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ പദ്ധതി പ്രതിസന്ധിയിലാണ്. കാനത്തില്‍ ജമീല എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് സീ വാള്‍ റീഫോര്‍മേഷന്‍ വര്‍ക്കിനായി ബജറ്റില്‍ ആറ് കോടി രൂപ വകയിരുത്തിയിരുന്നു. ഇത് ടെണ്ടര്‍ നടപടികളിലാണ്.

 

കാനത്തില്‍ ജമീല എംഎല്‍എയുടെ അഭാവത്തില്‍ കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, ജില്ലാപഞ്ചായത്ത് അംഗം സിന്ധു സുരേഷ് തുടങ്ങിയവര്‍ അനുഗമിച്ചു

Related Posts