Your Image Description Your Image Description

ആള്‍ക്കൂട്ടം പാഞ്ഞടുത്താലും കോലംകത്തിച്ച് തീപടര്‍ത്തിയാലും വടിയെടുത്താലും കല്ലെടുത്താലും നേരിടാന്‍ സുസജ്ജമാണ് പൊലിസ്. ആശ്രാമം മൈതാനത്ത് തയ്യാറെടുപ്പ് പരിശീലനം (മോക്ഡ്രില്‍) നടത്തി സേനയുടെ കാര്യക്ഷമതയുടെ മാറ്റുരച്ചുനോക്കുന്നതിന് സിറ്റി പൊലിസ് കമ്മിഷണര്‍ കിരണ്‍നാരായണനാണ് നേതൃത്വം നല്‍കിയത്.

ചാത്തന്നൂര്‍, കരുനാഗപ്പള്ളി, എഴുകോണ്‍ സബ് ഡിവിഷനുകളിലെയും എ ആര്‍ ക്യാമ്പിലെയും 46 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. നാഷണല്‍ പോലീസ് അക്കാദമിയില്‍നിന്ന് വിരമിച്ച ഡ്രില്‍ഇന്‍സ്ട്രക്ടര്‍ കെ എന്‍ സോമനും കേരള പോലീസ് അക്കാദമിയില്‍ നിന്നുള്ള വിദഗ്ധ പരിശീലകരുമാണ് മോക്ക് ഡ്രില്‍ നയിച്ചത്.

എട്ടരയ്ക്ക് ആരംഭിച്ച മോക്ക് ഡ്രില്‍ ഒരുമണിക്കൂറിലാണ് പൂര്‍ത്തിയായത്.  ആദ്യം ലാത്തിചാര്‍ജ്, ജനക്കൂട്ടം കൂടുതല്‍ അക്രമത്തിലേക്ക് നീങ്ങുമ്പോള്‍ ഗ്രനേഡ് പ്രയോഗം. കോലം കത്തിക്കുമ്പോള്‍ ഫയര്‍ഫോഴ്‌സ് തീഅണയ്ക്കുന്നതും പരിക്കേല്‍ക്കുന്നവരെ ആംബുലന്‍സിലെത്തിച്ചുള്ള രക്ഷാപ്രവര്‍ത്തനവും പൊലീസ്‌വാഹനആക്രമണപ്രതിരോധവും അവതരിപ്പിച്ചു.

അടുത്തഘട്ടമായി നഗരപ്രദേശങ്ങളില്‍ ഭീകരാക്രമണംപോലെയുള്ള പ്രതിസന്ധി പ്രതിരോധിക്കുന്നതിനുള്ള തയ്യാറെടുപ്പ് പരിശീലനം സംഘടിപ്പിക്കും. ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം ജി നിര്‍മല്‍കുമാര്‍, സബ് കലക്ടര്‍ നിഷാന്ത് സിഹാര,  അഡീഷണല്‍ കമ്മീഷണര്‍ സക്കറിയ മാത്യു, എ സി പി എസ് ഷെരീഫ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി പ്രദീപ് കുമാര്‍, കരുനാഗപ്പള്ളി എ.സി.പി  അഞ്ജലി ഭാവന, നാര്‍ക്കോട്ടിക് സെല്‍ എ.സി.പി ജയചന്ദ്രന്‍, ചാത്തന്നൂര്‍ എ.സി.പി അലക്‌സാണ്ടര്‍ തങ്കച്ചന്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts