കൊച്ചി: കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണമെന്ന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ. വിദേശരാജ്യങ്ങൾ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയിട്ടുണ്ട്. ആംസ്റ്റർഡാമിൽ ഇതിനായി കഫേയുണ്ട്. ഇംഗ്ലണ്ടിൽ ഇതൊന്നും വലിയ കുറ്റമല്ല. എംഡിഎംഎ പോലുള്ള രാസലഹരി ഉപയോഗിച്ചാൽ പിന്നെ തിരിച്ചുവരാൻ കഴിയില്ല. മദ്യപിച്ച് ആളുകളുടെ കരൾ നശിക്കുന്നുണ്ട്. അത്രയും ശല്യമേ കഞ്ചാവും ചെയ്യൂ എന്നതിനാലാണ് നിയമവിധേയമാക്കാൻ മുൻപ് സർക്കാരിന് നോട്ട് കൊടുത്തത്.
വിദേശ രാജ്യങ്ങളിലുള്ളവർ മദ്യപിക്കും. റഷ്യക്കാരാണെങ്കിൽ രാവിലെ മുതൽ വോഡ്ക കുടിക്കും. പക്ഷേ നമ്മുടെ നാട്ടിൽ കാണുന്നത് മദ്യപിച്ചു കഴിഞ്ഞാൽ തറയിൽ വീഴണം എന്നാണ്. റെസ്പോൺസിബിൾ ഡ്രിങ്കിങ്പോലെ റെസ്പോൺസിബിൾ കഞ്ചാവടിയും പഠിപ്പിക്കേണ്ടിവരും. കള്ളും വൈനും ബിയറും വ്യാപകമാക്കി ലഹരിമരുന്ന് ഉപയോഗം തടയണമെന്നും ബിജു പ്രഭാകർ പറഞ്ഞു.
സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികളിൽ ഞെട്ടിക്കുന്ന അഴിമതികളാണ് നടക്കുന്നതെന്നും ബിജു പ്രഭാകർ പറഞ്ഞു. 230 കോടി രൂപയുടെ റോഡ് നിര്‍മാണക്കരാര്‍ ലഭിച്ച കമ്പനിക്ക് 65 കോടി രൂപയുടെ ലാഭം ഉണ്ടാകുന്ന തരത്തില്‍ പാറമട വ്യവസ്ഥകള്‍ മാറ്റിമറിച്ചെന്ന് ബിജു പ്രഭാകര്‍ വെളിപ്പെടുത്തി. ഇതിന്‍റെ ഫയല്‍ നോക്കിയതിന്റെ തൊണ്ണൂറ്റൊന്നാം ദിവസം അവിടെനിന്ന് തന്നെ മാറ്റി. സെക്രട്ടറിമാര്‍ ആറുമാസം ചായ കുടിക്കാന്‍ ആറു ലക്ഷം രൂപ ചെലവഴിച്ചത് വലിയ വാര്‍ത്തയായപ്പോള്‍ 65 കോടി രൂപ അടിച്ചുമാറ്റിയത് ആരും അറിയുന്നില്ലെന്നും ബിജു പ്രഭാകർ പറഞ്ഞു.
