Home » Blog » Business » ഒ.എന്‍.ഡി.സി കേരളത്തിലെ സംരംഭകര്‍ക്ക് ആഗോള വിപണിയിലേക്ക് വഴിതുറക്കും: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
18
തിരുവനന്തപുരം: ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒ.എന്‍.ഡി.സി) ശൃംഖലയുടെ ഫലപ്രദമായ നടപ്പാക്കലിലൂടെ കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇടനിലക്കാരില്ലാതെ നേരിട്ട് ആഗോള വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്ന് വ്യവസായ, വാണിജ്യ, ഐടി, എ.ഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഇത് സംരംഭകര്‍ക്ക് കൂടുതല്‍ ലാഭവും പുതിയ വിപണി സാധ്യതകളും തുറന്നുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ഹോട്ടല്‍ റെസിഡന്‍സി ടവറില്‍ സംഘടിപ്പിച്ച ഒ.എന്‍.ഡി.സി (Open Network for Digital Commerce) അന്തര്‍-വകുപ്പ് ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ റീട്ടെയില്‍, ടൂറിസം, ഗതാഗത മേഖലകളില്‍ ഒ.എന്‍.ഡി.സി വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍, യുവതലമുറയിലെ ബിസിനസ് പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സെപ്റ്റംബറില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന ‘യങ് എന്റര്‍പ്രണേഴ്സ് കോണ്‍ക്ലേവ്’ പരിപാടിയുടെ ഔദ്യോഗിക ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.
ഡിജിറ്റല്‍ വാണിജ്യ മേഖലയെ ജനാധിപത്യവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഒ.എന്‍.ഡി.സി പ്രവര്‍ത്തിച്ചുവരികയാണ്. കേരളത്തില്‍ ഇതിന്റെ സുഗമമായ നടപ്പാക്കലിനായുള്ള റോഡ്മാപ്പ് തയ്യാറാക്കുന്നതിനും വിവിധ വകുപ്പുകള്‍ക്കിടയിലെ ഏകോപനം ശക്തിപ്പെടുത്തുന്നതിനുമായാണ് ശില്പശാല സംഘടിപ്പിച്ചത്.
വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി  എ.പി.എം. മുഹമ്മദ് ഹനീഷ് ഐഎഎസ്  അധ്യക്ഷത വഹിച്ച ചടങ്ങില്‍ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍  അരുണ്‍ കെ. വിജയന്‍ ഐഎഎസ്  സ്വാഗതം ആശംസിച്ചു.  അജിത്കുമാര്‍ കെ. (എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, ബോര്‍ഡ് ഫോര്‍ പബ്ലിക് സെക്ടര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍),  സന്തോഷ് കോശി തോമസ് (മാനേജിംഗ് ഡയറക്ടര്‍, കിന്‍ഫ്ര), സൂരജ് എസ്. (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കെ-ബിപ്), എ. നിസാറുദ്ദീന്‍ (സംസ്ഥാന പ്രസിഡന്റ്, കെ എസ് എസ് ഐ എ (KSSIA),  സുരേഷ് മാത്യു (സീനിയര്‍ മെമ്പര്‍ – എക്‌സ്‌പോര്‍ട്ട് കമ്മിറ്റി, ഫിക്കി (FICCI) കേരള സ്റ്റേറ്റ് കൗണ്‍സില്‍),  സന്തോഷ് കുമാര്‍ (വൈസ് ചെയര്‍മാന്‍, സി ഐ ഐ (CII) കേരള),  രാജീവ് ജി. (അഡീഷണല്‍ ഡയറക്ടര്‍, വ്യവസായ വാണിജ്യ വകുപ്പ്) തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഉദ്ഘാടക സെഷന് ശേഷം ഒ.എന്‍.ഡി.സി പ്രതിനിധികളായ \തമന്ന ശര്‍മ്മ (പ്രോഗ്രാം മാനേജര്‍, സ്റ്റേറ്റ് എന്‍ഗേജ്‌മെന്റ്‌സ്),  പ്രവീണ്‍ ചൗധരി (വൈസ് പ്രസിഡന്റ്, റീട്ടെയില്‍),  കാര്‍ത്തിക് പ്രഭു (വൈസ് പ്രസിഡന്റ്, ടൂറിസം),  ശ്രീനിവാസ് ബണ്ഡാരി (വൈസ് പ്രസിഡന്റ്, ട്രാന്‍സ്‌പോര്‍ട്ട്) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളില്‍ സാങ്കേതിക സെഷനുകളും ചര്‍ച്ചകളും നടന്നു.