കൊച്ചി: ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) മെയ് മാസത്തിൽ നടത്തിയ സി എ എക്സാമിന്റെ ഫലം പ്രസിദ്ധീകരിച്ചു. ദേശീയതലത്തിൽ താനെ (മഹാരാഷ്ട്ര) സ്വദേശി ഷാർദൂൽ ശേഖർ വിചാരെ ഒന്നാം റാങ്ക് കരസ്ഥമാക്കി. 600ൽ 531 മാർക്കാണ് ലഭിച്ചത്. 530 മാർക്കോടെ കൊച്ചി സ്വദേശി അഭിനവ് സതീഷ് രണ്ടാം റാങ്കും 519 മാർക്കോടെ മുംബൈ സ്വദേശി തീർഥ് ജെയിൻ മൂന്നാം റാങ്കും നേടി. കേവലം ഒരു മാർക്കിന്റെ വ്യത്യാസത്തിലാണ് അഭിനവ് സതീഷിന് ഒന്നാം റാങ്ക് നഷ്ടമായത്.

91237 കുട്ടികൾ എഴുതിയ ഒന്നാം ഗ്രൂപ്പിൽ 9350 പേരാണ് പാസായത്. 64381 കുട്ടികൾ പരീക്ഷയെഴുതിയ രണ്ടാം ഗ്രൂപ്പിൽ 10372 കുട്ടികളും, രണ്ടു ഗ്രൂപ്പും ഒന്നിച്ചെഴുതിയ 33304 കുട്ടികളിൽ 2820 പേരും പാസായി. ഇന്ത്യയിലും വിദേശത്തുമായി സജ്ജീകരിച്ച 611 സെന്ററുകളിലായി ആകെ 1,53,862 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്.
സി എ എക്സാം വിജയികളായവരെ അനുമോദിച്ച ഐസിഎഐ പ്രസിഡന്റ് പ്രസന്ന കുമാർ ഡി, ചാർട്ടേർഡ് അക്കൗണ്ടന്റായുള്ള വിദ്യാർഥികളുടെ കരിയർ യാത്രയിൽ വിജയാശംസ നേർന്നു.
ഫലമറിയാൻ https://caresults.icai.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
