Your Image Description Your Image Description

കൊച്ചി: എമ്പുരാന്‍ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. തൃശ്ശൂര്‍ സ്വദേശിയായ ബിജെപി പ്രവര്‍ത്തകന്‍ വി.വി വിജീഷാണ് ഹർജി നൽകിയത്. സിനിമയുടെ പ്രദർശനം തടയണമെന്നാണ് ആവശ്യം. മതവികാരം വ്രണപ്പെടുത്തുന്നതാണ് ചലച്ചിത്രമെന്നാണ് ഹർജിയിലെ വാദം. കലാപം സൃഷ്ടിക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ശ്രമം. രാജ്യ വിരുദ്ധത പ്രചരിപ്പിക്കുന്നതാണ് എമ്പുരാൻ. ദേശീയ അന്വേഷണ ഏജൻസികളെ തെറ്റായി ചിത്രീകരിക്കുകയാണ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ അന്വേഷണം നടത്തണമെന്നും ഹർജിയിൽ പറയുന്നു. മോഹൻലാൽ, ആന്റണി പെരുമ്പാവൂര്‍, പൃഥ്വിരാജ് സുകുമാരന്‍, ഗോകുലം ഗോപാലന്‍, സുഭാസ്‌കരന്‍, ഇഡി ഡയറക്ടര്‍, സംസ്ഥാന പൊലീസ് മേധാവി, കേന്ദ്ര നികുതി ബോര്‍ഡ് ചെയര്‍മാന്‍, കേന്ദ്ര വാര്‍ത്താവിനിമയ സംപ്രേക്ഷണ മന്ത്രാലയം, സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവരാണ് എതിര്‍കക്ഷികള്‍.

ഗോധ്ര കലാപത്തെ കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തുന്നുവെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ഹർജിയിൽ ആരോപണമുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെയും ദേശീയ അന്വേഷണ ഏജൻസിയെയും സിനിമയിൽ വികലമാക്കി ചിത്രീകരിച്ചു എന്നും ഹർജിയിൽ പറയുന്നുണ്ട്. വ്യക്തിപരമായി നൽകുന്ന പ്രതിയാണെന്ന് ഹർജിക്കാരൻ പറഞ്ഞു. മത ദ്രുവീകരണം ഉണ്ടാക്കുകയാണ് സിനിമ ചെയ്യുന്നത്. അതിൽ മനംനൊന്താണ് ഇത്തരത്തിൽ ഒരു പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗമാണ് താൻ. പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തിട്ടില്ല. വ്യക്തിപരമായ പരാതിയെന്ന് അഭിഭാഷകനോട് പറഞ്ഞിട്ടുണ്ട്. പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്നും വിജീഷ് പറഞ്ഞു.

അതേ സമയം, മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാനെ തുടര്‍ന്നുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇതിൽ എന്താണ് വിവാദമെന്നും എല്ലാം കച്ചവടമാണ് എന്നുമാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ആളെ ഇളക്കി വിട്ട് പണം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എമ്പുരാൻ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് ‘നല്ല കാര്യങ്ങൾ സംസാരിക്കൂ’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ ആദ്യ ഭാഗങ്ങളിലെ 2 മിനിറ്റ് 8 സെക്കന്റ് രംഗം വെട്ടി മാറ്റി റീ എഡിറ്റ് ചെയ്ത ചിത്രം നാളെ വീണ്ടും പ്രദര്‍ശനത്തിന് എത്തുമെന്നാണ് സൂചന. അതേ സമയം ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ കളക്ഷന്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എമ്പുരാന്‍. ടൊവിനോ തോമസ് നായകനായ 2018 എന്ന ചിത്രത്തെ മറികടന്നാണ് എമ്പുരാന്‍റെ നേട്ടം.

Leave a Reply

Your email address will not be published. Required fields are marked *