Your Image Description Your Image Description

മലയാളത്തിൽ അധികം സിനിമകൾ ചെയ്തിട്ടില്ലെങ്കിലും മലയാളികളുടെ പ്രിയങ്കരിയാണ് ഇഷ തൽവാർ. തട്ടൻമറയത്തിലെ ആയിഷയാണ് മലയാളികൾക്ക് ഇഷ ഇന്നും. ബോളിവുഡിലാണ് ഇഷ ഇപ്പോൾ സജീവം. മിർസാപൂർ അടക്കമുള്ള സീരീസുകളിൽ തന്റെ പ്രകടനത്തിലൂടെ കയ്യടി നേടാൻ ഇഷയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാളികൾ ഇത്രയധികം സ്‌നേഹിക്കുമ്പോഴും മലയാള സിനിമയിൽ നിന്നും അകലം പാലിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇഷ തൽവാർ.

മലയാളത്തിൽ അവസരം കുറയുന്നതിൽ വിഷമമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഇഷ. ”തീർച്ചയായും ഉണ്ട്. എന്റെ മലയാളം അത്ര മെച്ചമുള്ളതല്ലെന്നറിയാം. കേട്ടാൽ മനസ്സിലാകും. പക്ഷെ സംസാരിക്കാൻ കുറച്ചു പ്രയാസമാണ്. അതുകൊണ്ടു തന്നെ എന്നെ കാസ്റ്റ് ചെയ്യുമ്പോൾ റിസ്‌ക് എടുക്കേണ്ട എന്ന് അണിയറ പ്രവർത്തകർക്ക് തോന്നുമായിരിക്കും. മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ട്.” എന്നാണ് താരം പറയുന്നത്.

സിനിമയിൽ അവസരം കുറയുമ്പോഴും കേരളത്തോടും മലയാളത്തോടുമുള്ള ഇഷയുടെ സ്‌നേഹം കൂടുക മാത്രമാണ് ചെയ്യുന്നത്. താരം ഇപ്പോൾ കേരളത്തിലുണ്ട്. ഇതേക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ”കേരളം തരുന്ന സ്‌നേഹം തന്നെ. എന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം ഇവിടെ നിന്നാണല്ലോ. ഒരുപാട് നാളായി മലയാളത്തിൽ ഒരു മുഴുനീള കഥാപാത്രം ചെയ്തിട്ട്. എങ്കിലും ഇന്നും ആളുകൾ തിരിച്ചറിയുന്നു. ഓടി വന്ന് സംസാരിക്കുകയും സുഖ വിവരങ്ങൾ തിരക്കുകയും ചെയ്യുന്നു. എന്നോടിഷ്ടമായതു കൊണ്ടല്ലേ ഈ കരുതൽ.” താരം പറയുന്നു.

തുടർച്ചയായി അവസരങ്ങൾ ലഭിക്കുന്നത് ഹിന്ദിയിൽ നിന്നായതു കൊണ്ടാണ് ബോളിവുഡിൽ സജീവമാകുന്നതെന്നാണ് ഇഷ പറയുന്നത്. വെബ് സീരീസുകൾ മാത്രം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ചിലർ ചോദിക്കാറുണ്ട്. ഇത് തന്നെയാണ് ആ ചോദ്യത്തിന്റേയും ഉത്തരം. കേൾക്കുന്ന കഥകളിൽ ഇഷ്ടപ്പെടുന്നതു ചെയ്യുകയാണ് എന്റെ രീതി. അതിനപ്പുറത്തേക്കു പ്രത്യേക തീരുമാനങ്ങളൊന്നുമില്ലെന്നും താരം പറയുന്നുണ്ട്.

Related Posts