Your Image Description Your Image Description

നിസ്സാര കാരണം പറഞ്ഞ് ഇൻഷുറൻസ് നിഷേധിച്ച മലപ്പുറം മങ്കടയിലെ ക്ഷീരകർഷകന് ഉപഭോക്തൃ കമ്മീഷൻ അനുകൂല വിധി നൽകി. ഇൻഷുറൻസ് തുക നിഷേധിച്ച കമ്പനി കർഷകന് 1.3 ലക്ഷം രൂപ നൽകണമെന്നാണ് ഉത്തരവ്. മങ്കട സ്വദേശിയായ തയ്യിൽ ഇസ്മായിൽ 70,000 രൂപ മുടക്കിയാണ് ഒരു ഉന്നത ഇനം പശുവിനെ വാങ്ങിയത്.

ഈ പശു ദിവസവും ഏകദേശം 23 ലിറ്റർ പാൽ നൽകിയിരുന്നു. എന്നാൽ രണ്ടാഴ്ച കഴിഞ്ഞപ്പോൾ പശുവിന് അസുഖം ബാധിച്ച് ചത്തു. ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിനായി പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ തന്നെ ഫോട്ടോ എടുക്കുകയും ഇൻഷുറൻസ് കമ്പനിക്ക് അയക്കുകയും ചെയ്തു.

 

പശുവിൻ്റെ ഫോട്ടോ എടുത്തപ്പോൾ ഇൻഷുറൻസ് ടാഗ് കാണാനായി ചെവിയോട് ചേർത്ത് വെച്ചിരുന്നു. എന്നാൽ ടാഗ് വലത് ചെവിയിലായിരുന്നെന്നും ഫോട്ടോയിൽ അത് വ്യക്തമല്ലെന്നും പറഞ്ഞ് കമ്പനി ഇൻഷുറൻസ് നിഷേധിച്ചു. ടാഗിന്റെ സ്ഥാനം വ്യക്തമാക്കിക്കൊണ്ട് വെറ്ററിനറി ഡോക്ടർ രേഖാമൂലം അറിയിച്ചിട്ടും കമ്പനി തുക നൽകാൻ തയ്യാറായില്ല.

ഇതിനെത്തുടർന്നാണ് ഇസ്മായിൽ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. കേസ് പരിഗണിച്ച കമ്മീഷൻ, ഇൻഷുറൻസ് തുക നൽകാൻ വൈകിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് കണ്ടെത്തി. തുടർന്ന് ഇൻഷുറൻസ് തുകയായ 70,000 രൂപയും, നഷ്ടപരിഹാരമായി 50,000 രൂപയും, കോടതി ചെലവായി 10,000 രൂപയും ചേർത്ത് ആകെ 1.3 ലക്ഷം രൂപ ഒരു മാസത്തിനകം കർഷകന് നൽകാൻ ഉത്തരവിട്ടു. ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ വിധി പ്രഖ്യാപിച്ച തീയതി മുതൽ 9% പലിശയും നൽകേണ്ടിവരും.

Related Posts