Home » Blog » kerala Max » ഇന്ത്യൻ ഫുട്ബോളിന് പുതിയ ഉണർവ് നൽകും; ബ്രസീൽ ടീമിന്റെ വരവിനെ സ്വാഗതം ചെയ്ത് ഐ.എം. വിജയൻ
vijayan-680x450

ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിന്റെ വരാനിരിക്കുന്ന ഇന്ത്യൻ സന്ദർശനം രാജ്യത്തെ യുവ ഫുട്ബോൾ താരങ്ങൾക്ക് ആയുഷ്കാലം മുഴുവൻ ഓർത്തു വെക്കാവുന്ന മികച്ച അനുഭവമായിരിക്കുമെന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ. വിനീഷ്യസ് ജൂനിയർ, റഫീന്യ തുടങ്ങിയ ലോകോത്തര താരങ്ങൾ അണിനിരക്കുന്ന ബ്രസീലിയൻ സംഘത്തിന്റെ വരവ് ഇന്ത്യൻ ഫുട്ബോളിന് വലിയ ഉണർവ് നൽകുമെന്നും കായിക ലോകത്തിന്റെ ശ്രദ്ധ ഇന്ത്യയിലേക്ക് ആകർഷിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് മുൻ ഇന്ത്യൻ സ്ട്രൈക്കർ തന്റെ നിലപാട് വ്യക്തമാക്കിയത്.

നമ്മുടെ യുവതാരങ്ങൾക്ക് മികച്ച അനുഭവസമ്പത്ത് നേടാനുള്ള അപൂർവ അവസരമാണിതെന്ന് വിജയൻ ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർക്കൊപ്പം പിച്ച് പങ്കിടുന്നത് വളർന്നുവരുന്ന താരങ്ങളുടെ ആത്മവിശ്വാസം ഇരട്ടിയാക്കാൻ സഹായിക്കും. തന്റെ കരിയർ പണ്ടേ അവസാനിച്ചതാണെന്നും കളിച്ച കാലമത്രയും പൂർണമനസ്സോടെയാണ് പന്തിനെ സമീപിച്ചതെന്നും പറഞ്ഞ അദ്ദേഹം, ഇനി പുതിയ തലമുറയിലെ താരങ്ങൾ ഈ വലിയ അവസരം ആസ്വദിച്ചു കളിക്കട്ടെയെന്നും കൂട്ടിച്ചേർത്തു.

വലിയ തുക ചെലവഴിച്ചാണ് ബ്രസീൽ പോലൊരു വമ്പൻ ടീമിനെ എത്തിക്കുന്നതെങ്കിലും, ഫുട്ബോളിനായി പണം മുടക്കാൻ ആളുകൾ തയ്യാറാകുന്നത് ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയുടെയും പുരോഗതിയുടെയും തെളിവാണെന്ന് അദ്ദേഹം വിലയിരുത്തി. കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ഈ ചരിത്രപരമായ മത്സരത്തിന് ഗാലറിയിലിരുന്ന് സാക്ഷിയാകാൻ തനിക്ക് ആഗ്രഹമുണ്ടെന്നും വിജയൻ വ്യക്തമാക്കി. അതേസമയം, സമ്മിശ്ര പ്രതികരണങ്ങൾ ഉയരുന്ന ഈ മത്സരത്തിനെതിരെ കഴിഞ്ഞ ദിവസം മുൻ താരം ബൈച്ചൂങ് ബൂട്ടിയ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *