Your Image Description Your Image Description

ഇന്ത്യന്‍ രൂപയെ ആഗോള തലത്തില്‍ കൂടുതല്‍ സ്വീകാര്യമാക്കുന്നതിനു വേണ്ടി രൂപയില്‍ വായ്പ അനുവദിക്കുന്നതിനുള്ള നീക്കവുമായി റിസര്‍വ് ബാങ്ക്. വിദേശ രാജ്യങ്ങളിലെ വായ്പക്കാര്‍ക്ക് ഇന്ത്യന്‍ രൂപയില്‍ വായ്പ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ് ആര്‍ബിഐ. രൂപയുടെ അന്താരാഷ്ട്രവല്‍ക്കരണത്തിനായുള്ള സുപ്രധാന നീക്കമാണിത്. ഇതാദ്യമായാണ് വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ രൂപയില്‍ വായ്പ ലഭ്യമാക്കുന്നതിനുള്ള ആലോചനകള്‍ നടക്കുന്നത്.

കഴിഞ്ഞ മാസം റിസര്‍വ് ബാങ്ക് ധനമന്ത്രാലയത്തിന് അയച്ച ശുപാര്‍ശയില്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളിലെ പ്രവാസി വായ്പക്കാര്‍ക്ക് രൂപയില്‍ വായ്പ നല്‍കാന്‍ ഇന്ത്യന്‍ ബാങ്കുകളെയും അവരുടെ വിദേശ ശാഖകളെയും അനുവദിക്കണമെന്ന് നിര്‍ദ്ദേശിച്ചതായി വൃത്തങ്ങള്‍ പറയുന്നു. നിലവില്‍, ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ശാഖകള്‍ക്ക് വിദേശ കറന്‍സികളില്‍ മാത്രമേ വായ്പ നല്‍കാന്‍ അനുമതിയുള്ളൂ. ഈ വായ്പകള്‍ പ്രധാനമായും ഇന്ത്യന്‍ കമ്പനികള്‍ക്കാണ് നല്‍കുന്നത്.

അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചു കൊണ്ട് ഇന്ത്യന്‍ കറന്‍സിയുടെ വിദേശ ഇടപാടുകളിലെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ കുറച്ചുകാലമായി ശ്രമിച്ചുവരികയാണ്. അടുത്തിടെ, പ്രവാസികള്‍ക്ക് രൂപ അക്കൗണ്ടുകള്‍ തുറക്കാന്‍ കേന്ദ്ര ബാങ്ക് അനുമതി നല്‍കി. രൂപയിലുള്ള ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ അയല്‍ രാജ്യങ്ങളുമായി നിരവധി കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ജനുവരിയില്‍, ഇന്തോനേഷ്യ, മാലിദ്വീപ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകളുമായി ഇന്ത്യന്‍ രൂപ ഉള്‍പ്പെടെയുള്ള പ്രാദേശിക കറന്‍സികളിലെ ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി റിസര്‍വ് ബാങ്ക് ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു.

വിദേശ ബാങ്കുകള്‍ക്ക് ഇന്ത്യന്‍ രൂപയില്‍ വായ്പ നല്‍കാന്‍ കഴിഞ്ഞാല്‍, വിദേശ വ്യാപാര ഇടപാടുകള്‍ ഇന്ത്യന്‍ രൂപയില്‍ നടത്തുന്നതിനുള്ള സാധ്യതകള്‍ തുറക്കും. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 25 ബില്യണ്‍ ഡോളറായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts