Home » Blog » Kerala » ​ഇനി ടൈപ്പ് ചെയ്യേണ്ട, വീഡിയോയോട് നേരിട്ട് ചോദിക്കാം; യൂട്യൂബിൽ വിപ്ലവകരമായ മാറ്റവുമായി ഗൂഗിൾ
YouTube-680x450

യുട്യൂബ് ഉപയോഗിക്കുന്ന രീതി അടിമുടി മാറ്റാൻ സഹായിക്കുന്ന പുത്തൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ട് ഗൂഗിൾ പരീക്ഷിക്കുന്നു. വീഡിയോകൾക്കായി കോൺവർസേഷണൽ എഐ ഉപയോഗിക്കാൻ അനുവദിക്കുന്ന ആസ്ക് യുട്യൂബ് എന്ന ഈ ഫീച്ചറിലൂടെ വീഡിയോകൾ തിരയുന്ന രീതി കൂടുതൽ ലളിതമാകും. വീഡിയോകൾ പ്ലേ ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ അവയിലെ പ്രധാന കാര്യങ്ങൾ സംഗ്രഹിക്കാനും, യാത്രാ പദ്ധതികൾ തയ്യാറാക്കാനും, വീഡിയോയുമായി ബന്ധപ്പെട്ട മറ്റ് സംശയങ്ങൾ ചോദിക്കാനും ഉപയോക്താക്കൾക്ക് ഈ എഐ ടൂൾ സഹായകമാകും.

 

ഈ ഫീച്ചർ 18 വയസ്സിന് മുകളിലുള്ള യുട്യൂബ് പ്രീമിയം വരിക്കാർക്കാണ് ലഭ്യമാകുക. 2026 ജൂൺ 8 വരെയാണ് നിലവിൽ ഇതിന്റെ ടെസ്റ്റിംഗ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഉൾപ്പെടെയുള്ള ഒൻപത് പ്രധാന ഭാഷകളിൽ ഈ സേവനം ലഭ്യമാണ്. വീഡിയോ പ്ലെയറിന് താഴെയോ സെർച്ച് ബാറിലോ കാണുന്ന പ്രത്യേക ബട്ടൺ വഴിയാണ് ഉപയോക്താക്കൾക്ക് എഐയുമായി സംവദിക്കാൻ സാധിക്കുന്നത്.

 

മൊബൈൽ, വെബ് പ്ലാറ്റ്‌ഫോമുകൾക്ക് പുറമെ സ്മാർട്ട് ടിവികളിലും ഗെയിം കൺസോളുകളിലും ഈ ഫീച്ചർ ലഭ്യമാകും. ടിവികളിൽ റിമോട്ട് ഉപയോഗിച്ചും വോയിസ് കമാൻഡുകൾ നൽകിയും എഐയോട് ചോദ്യങ്ങൾ ചോദിക്കാൻ സാധിക്കും. എങ്കിലും, ഈ സംവിധാനം വികസന ഘട്ടത്തിലായതിനാൽ ഇതിൽ നിന്നുള്ള മറുപടികളുടെ കൃത്യതയിൽ വ്യത്യാസമുണ്ടാകാമെന്ന് യുട്യൂബ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഭാവിയിൽ സാധാരണ ഉപയോക്താക്കളിലേക്ക് കൂടി ഈ ഫീച്ചർ എത്തിക്കാനാണ് ഗൂഗിളിന്റെ തീരുമാനം.