കേരളത്തിൽ കടുത്ത പോരാട്ടത്തിനൊടുവിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രമുഖ സർവ്വേ ഏജൻസിയായ ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. യുവവോട്ടർമാരുടെയും കന്നിവോട്ടർമാരുടെയും വലിയ പിന്തുണ യുഡിഎഫിന് ലഭിക്കുമെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് 44 ശതമാനം വോട്ടും എൽഡിഎഫ് 39 ശതമാനം വോട്ടും എൻഡിഎ 14 ശതമാനം വോട്ടും നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യ പ്രവചനം.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ യുവാക്കളുടെയും കന്നിവോട്ടർമാരുടെയും നിലപാട് നിർണ്ണായകമാകുമെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്. 51 ശതമാനം കന്നിവോട്ടുകളും യുഡിഎഫ് നേടുമെന്നാണ് പ്രവചനം. മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഈ വിഭാഗത്തിൽ യുഡിഎഫിന് 13 ശതമാനം വോട്ട് വർദ്ധനവുണ്ടാകും. 20 മുതൽ 29 വയസ്സ് വരെയുള്ളവർക്കിടയിൽ യുഡിഎഫ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കിടയിൽ മാത്രമാണ് എൽഡിഎഫ് നേരിയ മുന്നേറ്റം നിലനിർത്തുന്നത്. എന്നാൽ കന്നിവോട്ടർമാർക്കിടയിൽ ഇടതുമുന്നണിക്ക് 13 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നും സർവ്വേ പറയുന്നു. ശക്തമായ ഭരണവിരുദ്ധ വികാരവും യുവാക്കൾക്കിടയിലുണ്ടായ സ്വാധീനക്കുറവുമാണ് എൽഡിഎഫിന് തിരിച്ചടിയാകുന്നതെന്ന് ആക്‌സിസ് മൈ ഇന്ത്യ വിലയിരുത്തുന്നു.
