Your Image Description Your Image Description

ബഹുമുഖ പ്രതിഭയായ ഇഎംഎസിന്റെ ചരിത്രം പുതുതലമുറയ്ക്ക് ലഭ്യമാക്കുന്നതിന് നിയമസഭയിൽ ഒരുക്കുന്ന ഇ.എം.എസ് സ്മൃതി ഡിജിറ്റൽ മ്യൂസിയത്തിലൂടെ സാധിക്കുമെന്ന് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ പറഞ്ഞു. രാഷ്ട്രീയത്തിനപ്പുറം എല്ലാ വിഭാഗം ജനങ്ങളും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിത്വമായിരുന്നു ഇ എം എസ്. കേരള നിയമസഭയിൽ സജ്ജീകരിക്കുന്ന ഇ.എം.എസ് സ്മൃതി മ്യൂസിയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു സ്പീക്കർ.

കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയും ആധുനിക കേരളത്തിന്റെ സ്രഷ്ടാവുമായിരുന്ന ഇ എം എസിനെ പുതിയ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിൽ മ്യൂസിയം ഗുണകരമാകും. സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ഈ സംരംഭം നടപ്പിലാക്കാൻ കേരള നിയമസഭയ്ക്ക് സാധിക്കുന്നതിൽ ചാരിതാർഥ്യമുണ്ട്. ചരിത്രം വളച്ചൊടിക്കപ്പെടുന്ന കാലഘട്ടത്തിൽ, യഥാർത്ഥ ചരിത്രം നാടിനെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. നിയമസഭ സന്ദർശനം ആകർഷകമാക്കുന്നതിൽ ഇ എം എസ് മ്യൂസിയം പ്രധാന പങ്ക് വഹിക്കുമെന്നും സ്പീക്കർ പറഞ്ഞു.

നിയമസഭാ ക്യാംപസിലെ ജി. കാർത്തിയേകൻ മ്യൂസിയത്തിന്റെ ഒന്നാം നിലയിലാണ് ഇ എം എസി ന്റെ ജീവിതവും രാഷ്ട്രീയ-സർഗാത്മക പ്രവർത്തനങ്ങളും വിശദമാക്കുന്ന ഇഎംഎസ് സ്മൃതി ഒരുങ്ങുന്നത്. 4500 സ്‌ക്വയർ ഫീറ്റിൽ ഇഎംഎസിന്റെ ചിത്രങ്ങളും സ്മരണികകളും ഉൾപ്പെടുന്ന ഗാലറികളും, മിനി തിയേറ്ററും സുവനീർ ഷോപ്പും ഗെയ്മിങ് സോണും മ്യൂസിയത്തിൽ ഉണ്ടാകും. കേരള ചരിത്ര പൈതൃക മ്യൂസിയത്തിനാണ് നിർമ്മാണ ചുമതല. ഡിജിറ്റൽ മ്യൂസിയത്തിൽ മികച്ച രീതിയിൽ ഇഎംഎസിനെ അവതരിപ്പിക്കുന്നതിലും വെർച്വൽ റിയാലിറ്റി സാങ്കേതികത ഉപയോഗപ്പെടുത്തി ഓരോ ഗ്യാലറികളും രൂപകല്പന ചെയ്യുന്നതിനും അവർക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഡിസംബറിൽ മ്യൂസിയം നിർമ്മാണം പൂർത്തിയാകുമെന്നും സ്പീക്കർ പറഞ്ഞു.

Related Posts