തോട്ടപ്പള്ളി സ്പിൽവെ സന്ദർശനവുമായി ബന്ധപ്പെട്ട് കുട്ടനാട് എം.എൽ.എ റെജി ചെറിയാനുമായി ഉണ്ടായ വാക്പോരിൽ നിലപാട് മയപ്പെടുത്തി അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ. താൻ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും, ഈ വിഷയത്തിൽ ഇനി കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും ജി. സുധാകരൻ വ്യക്തമാക്കി. നിയമങ്ങളും പാർലമെന്ററി കീഴ്വഴക്കങ്ങളും എന്താണെന്ന് നിങ്ങൾ പരിശോധിച്ചാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ മണ്ഡല പരിധിയിൽ വരുന്ന തോട്ടപ്പള്ളി സ്പിൽവെയിൽ, സ്ഥലം എം.എൽ.എയായ തന്നെ മുൻകൂട്ടി അറിയിക്കാതെ സന്ദർശനം നടത്തിയതിനാണ് കുട്ടനാട് എം.എൽ.എ റെജി ചെറിയാനെതിരെ ജി. സുധാകരൻ പൊതുവേദിയിൽ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നത്. എന്നാൽ ഇതിന് മറുപടിയായി, ആരും “എം.എൽ.എമാരുടെ രാജാവാകാൻ” വരേണ്ടതില്ലെന്നും വ്യക്തിപരമായി അധിക്ഷേപിച്ചാൽ അതിനപ്പുറം പറയുമെന്നും റെജി ചെറിയാനും കടുത്ത ഭാഷയിൽ തിരിച്ചടിച്ചിരുന്നു
ഭരണകക്ഷിയിലെ രണ്ട് പ്രമുഖ എം.എൽ.എമാർ തമ്മിൽ ആലപ്പുഴയിൽ ഉണ്ടായ ഈ പരസ്യമായ ചേരിപ്പോര് യു.ഡി.എഫ് നേതൃത്വത്തിൽ വലിയ അമർഷത്തിന് ഇടയാക്കിയിരുന്നു. ജി. സുധാകരന്റെ പൊതുവേദിയിലെ വിമർശനം അതിരുകടന്നുപോയെന്ന വികാരം മുന്നണിക്കുള്ളിൽ ശക്തമായതോടെയാണ് സുധാകരൻ ഒടുവിൽ വിവാദത്തിൽ നിന്നും പിൻവാങ്ങാൻ തയ്യാറായത്. കുട്ടനാട്ടിലെ മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി മെയ് 25-നാണ് കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ തോട്ടപ്പള്ളി സ്പിൽവെയിൽ സന്ദർശനം നടത്തിയത്. എന്നാൽ സ്പിൽവെ സ്ഥിതി ചെയ്യുന്നത് അമ്പലപ്പുഴ മണ്ഡലത്തിലായതിനാൽ, തന്നെ അറിയിക്കാതെ അയൽ മണ്ഡലത്തിലെ എം.എൽ.എ എത്തിയതാണ് ജി സുധാകരനെ ചൊടിപ്പിച്ചത്.
