Home » Blog » Kerala » ‘നരസിംഹം’ വീണ്ടും റിലീസ് ചെയ്യുമ്പോൾ സമൂഹത്തിനും ഗുണമാകണം; ഷാജി കൈലാസ്
MV5BNWEwNTY2NjUtMmE5YS00MjYwLWI3MDUtYTJmNWMxNjBlNWQxXkEyXkFqcGc@._V1_FMjpg_UX1000_

പഴയകാല ഹിറ്റ് സിനിമകളുടെ റീ-റിലീസുകൾ ഇന്ന് വലിയൊരു ട്രെൻഡായി മാറിക്കഴിഞ്ഞു. തമിഴ്, ഹിന്ദി സിനിമാ മേഖലകളിൽ തുടങ്ങിയ ഈ രീതി ഇപ്പോൾ മലയാളത്തിലേക്കും സജീവമായിട്ടുണ്ട്. നിരവധി ചിത്രങ്ങൾ തിയറ്ററുകളിൽ വീണ്ടും വമ്പൻ വിജയം നേടിയപ്പോൾ ചില ചിത്രങ്ങൾക്ക് കാര്യമായ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ ‘നരസിംഹം’ വീണ്ടും തിയറ്ററുകളിൽ എത്തുമോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് സംവിധായകൻ ഷാജി കൈലാസ്.

 

ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് ഷാജി കൈലാസ് ഇക്കാര്യം വ്യക്തമാക്കിയത്. ‘നരസിംഹം’ വീണ്ടും റിലീസ് ചെയ്യേണ്ട ആവശ്യമില്ലെന്നും, ഈ സിനിമ കാണാത്ത മലയാളി ഉണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമയുടെ 4കെ വേർഷൻ ഇതിനകം തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എങ്കിലും ഒരു വാണിജ്യ റിലീസിന് പകരം കാരുണ്യ പ്രവർത്തനങ്ങൾക്കായി ഈ ചിത്രം ഉപയോഗിക്കാനാണ് താൻ ആന്റണിയോട് നിർദ്ദേശിച്ചിരിക്കുന്നത്. കാൻസർ രോഗികൾക്ക് സഹായമെത്തിക്കുന്നതിനായി പ്രീമിയം ടിക്കറ്റുകൾ വഴി ഫണ്ട് സമാഹരിക്കാൻ ചിത്രം ഉപയോഗിക്കാമെന്നും അതിന് ആന്റണി സമ്മതം അറിയിച്ചതായും ഷാജി കൈലാസ് പറഞ്ഞു.

 

2000-ത്തിൽ റിലീസ് ചെയ്ത ‘നരസിംഹം’ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാണിജ്യ വിജയങ്ങളിലൊന്നാണ്. മോഹൻലാലിന്റെ മാസ് കഥാപാത്രമായ പൂവള്ളി ഇന്ദുചൂഡൻ ഇന്നും പ്രേക്ഷകർക്ക് ആവേശമാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിലെ ആദ്യ ചിത്രം കൂടിയായ ഇതിന്റെ തിരക്കഥ രഞ്ജിത്തിന്റേതാണ്. തിലകൻ, എൻ.എഫ്. വർഗീസ്, ഐശ്വര്യ ഭാസ്കരൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.