Your Image Description Your Image Description

ആലപ്പുഴയിൽ 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാൾ കൂടി പിടിയിൽ. ഒന്നാം പ്രതി തസ്ലീമ സുൽത്താനയുടെ മുൻ ഭർത്താവ് സുൽത്താനാണ് പിടിയിലായത്. തമിഴ്നാട് ആന്ധ്ര അതിർത്തിയിൽ വച്ചാണ് സുൽത്താൻ എക്സൈസിന്റെ പിടിയിലായത്. മലേഷ്യയിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് രാജ്യത്തെത്തിച്ചത് സുൽത്താൻ എന്നാണ് എക്സൈസ് സംശയിക്കുന്നത്. രണ്ടു കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീമ സുൽത്താനയും ഫിറോസും നിലവിൽ റിമാൻഡിൽ ആണ്.

കഞ്ചാവിന്റെ ഉറവിടത്തെ പറ്റി യാതൊരു സൂചനയും ചോദ്യം ചെയ്യലിൽ തസ്ലീമ സുൽത്താനയും ഫിറോസും എക്സൈസ് സംഘത്തിന് നൽകിയിരുന്നില്ല. എന്നാൽ തസ്ലീമയുടെ ഫോണിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് മുൻ ഭർത്താവ് ചെന്നൈ സ്വദേശിയായ സുൽത്താനെ പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നത്.

സുൽത്താൻ കേസിലെ മുഖ്യ കണ്ണിയെന്നു ബോധ്യപ്പെട്ട എക്സൈസ് സംഘം ഇയാൾക്കായി ചെന്നൈയിൽ വലയൊരുക്കിയിരുന്നു. എന്നാൽ തസ്ലീമ പിടിയിലായെന്നു മനസ്സിലായ സുൽത്താൻ തമിഴ്നാട് ആന്ധ്ര അതിർത്തിയിലെ ഗ്രാമത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇവിടുത്തെ ലോക്കൽ പൊലീസിന്റെ സഹായത്തോടെ ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അശോക് കുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ചെന്നൈയിൽ ഒരു ഇലക്ട്രോണിക്സ് സ്ഥാപനം നടത്തിവരികയാണ് സുൽത്താൻ. സ്ഥാപനത്തിന്റെ മറവിലാണ് ലഹരി ഇടപാടുകൾ. മലേഷ്യയിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയിൽ എത്തിച്ചത് സുൽത്താൻ ആണെന്നാണ് എക്സൈസ് സംശയിക്കുന്നത്.

സുൽത്താൻ കഞ്ചാവ് മൊത്ത വിൽപ്പനക്കാരിൽ പ്രധാനിയാണ്. സുൽത്താനെ ആലപ്പുഴയിലെ എക്സൈസ് ആസ്ഥാനത്ത് എത്തിച്ചു ചോദ്യം ചെയ്യും. സുൽത്താൻ എത്തിച്ചു തരുന്ന ലഹരിയുമായി കേരളത്തിൽ സിനിമാ മേഖലയിൽ അടക്കം ഇടപാടുകൾ നടത്തുന്നത് തസ്ലീമയാണ്. കേസിലെ മുഖ്യ കണ്ണി കൂടി പിടിയിലായതോടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് എക്സൈസ് വിലയിരുത്തൽ.

ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉൾപ്പടെ രണ്ടുപേരാണ് പിടിയിലായത്. കെണിയൊരുക്കി മൂന്ന് മാസം കാത്തിരുന്നാണ് ലഹരിക്കടത്ത് സംഘത്തിന്റെ മുഖ്യ കണ്ണിയായ ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന് വിളിക്കുന്ന തസ്ലീമ സുൽത്താനയെ എക്സൈസ് ആലപ്പുഴയിൽ എത്തിച്ചത്. ഓമനപ്പുഴ തീരദേശ റോഡിൽ വച്ച് ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പടെ തസ്ലീമയെയും കൂട്ടാളിയായ ഫിറോസിനെയും എക്സൈസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് സിനിമ നടന്മാരായ രണ്ട് പേര്‍ക്ക് കഞ്ചാവും ലഹരി വസ്തുക്കളും പലതവണ കൈമാറിയിട്ടുണ്ടെന്ന് തസ്ലിമ എക്സൈസിനോട് വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts