Your Image Description Your Image Description

തമിഴർക്ക് സ്റ്റൈൽ മന്നൻ രജനികാന്ത് ആണെങ്കിൽ മലയാളികൾക്ക് ലുക്കിലും അഭിനയത്തിലും അത് മമ്മൂട്ടി തന്നെയാണ്. അതുകൊണ്ടു മാത്രമാണ് പ്രായം എഴുപത് കടന്നെങ്കിലും സമൂഹ മാധ്യമങ്ങളിൽ ഏത് ന്യൂജൻ താരങ്ങളേക്കാൾ വിലപിടിച്ച താരമായി മമ്മൂട്ടി ഇന്നും നിലകൊള്ളുന്നത് . മമ്മൂട്ടിയുടെ ചിത്രങ്ങൾ അതിവേഗത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രത്യേകിച്ച് അലസ സൗന്ദര്യത്തോടെയുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾക്ക് ചെറുപ്പക്കാർക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്.
കൈ നിറയെ സിനിമകളുമായി നിൽക്കുമ്പോഴാണ് അടുത്തിടെ അദ്ദേഹം കാൻസർ ബാധിതനാവുന്നതും ഷൂട്ടിങ് നടന്നുകൊണ്ടിരുന്ന സിനിമകളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തത്. രണ്ടു മാസത്തോളം സമൂഹ മാധ്യമങ്ങളിൽ പുതിയ വിവരങ്ങൾ ഒന്നും പങ്കുവെച്ചിരുന്നതുമില്ല. എന്നാൽ വളരെ വേഗത്തിലാണ് ആരോഗ്യം വീണ്ടെടുത്ത് മമ്മൂട്ടി ഷൂട്ടിങ് തിരക്കുകളിലേക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ നിർമാതാവായ ജോർജ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച മമ്മൂട്ടിയുടെ ഒരു ചിത്രം ചൂടു മാറുന്നതിന് മുൻപ് അതിവേഗത്തിൽ പ്രചരിക്കുകയാണ്.
എല്ലാം അറിയുന്നവൻ’ എന്ന് അർത്ഥമുള്ള കാപ്ഷനോടെയാണ് നിർമാതാവ് ജോർജ് മമ്മൂട്ടിയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്യാമറയുടെ നീണ്ട ഫോക്കസ് ലെൻസിലൂടെ വിദൂരതയിലേക്ക് നോക്കുന്ന മമ്മൂട്ടിയുടെ പിൻഭാഗമാണ് ചിത്രത്തിലുള്ളത്. ബ്ലാക്ക് ആൻഡ് വൈറ്റ് ഷർട്ടാണ് മമ്മൂട്ടി ധരിച്ചിരിക്കുന്നത്. കടലിന് അഭിമുഖമായി നിന്നാണ് മമ്മൂട്ടി ഫോക്കസ് ചെയ്യുന്നത്. ‘രാജാവിനായി വഴിയൊരുക്കൂ’ എന്നും ജോർജ് അടിക്കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. മമ്മൂട്ടിയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഹോബി കൂടിയാണ് ഫോട്ടോഗ്രാഫി. ഏറ്റവും പുതുതായി വിപണിയിലെത്തുന്ന ക്യാമറകളെക്കുറിച്ച് വരെ നടൻ അപ്‌ഡേറ്റഡാണ്. നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകൾ അർപ്പിച്ച് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘അയാൾ വീണ്ടും തയാറെടുക്കുകയാണ്…!’ എന്നാണ് ഒരാൾ കുറിച്ച കമന്റ്. ‘രാജാവ് തിരിച്ചെത്തി’ എന്നും ചിലർ പ്രതികരിച്ചിട്ടുണ്ട്.
ചികിത്സകൾക്കു പോകുന്നതിന് മുൻപ് മമ്മൂട്ടിയുടേതായി അവസാനം ഇറങ്ങിയ ബസൂക്ക എന്ന ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. പ്രായം തോൽക്കുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പും പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത് . തമിഴിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ അടക്കമുള്ള പ്രമുഖ താരങ്ങളാണ് ബസൂക്കയിൽ അണിനിരന്നത്. നവാഗത സംവിധയകൻ ജിതിൻ കെ. ജോസിന്റെ ‘കളങ്കാവൽ’ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും പുതുതായി റിലീസിന് ഒരുങ്ങുന്നത്. സിനിമയിൽ വില്ലൻ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. അങ്ങനെയെങ്കിൽ ഭ്രമയുഗം എന്ന രാജ്യാന്തര ശ്രദ്ധ നേടിയ ചിത്രത്തിനു ശേഷം മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു വഴിത്തിരിവായിരിക്കും ‘കളങ്കാവൽ’ എന്ന് റിപ്പോർട്ടുകളുണ്ട്. ചത്രത്തിൽ നടൻ വിനായകനാണ് മറ്റൊരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയാണ് ‘കളങ്കാവൽ’. മമ്മൂട്ടി കമ്പനിയുടെ എംഡിയാണ് ജോർജ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന താരനിബിഡമായ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് മമ്മൂട്ടി ആരോഗ്യ പ്രശ്‌നങ്ങളാൽ ചെറിയ ഇടവേള എടുത്തത്. ചികിത്സകൾക്കു ശേഷം പൂർവാധികം ആരോഗ്യവാനായി ഷൂട്ടിങ് സെറ്റിലേക്കു തിരിച്ചെത്തുകയും ചെയ്തു. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ തുടങ്ങി വൻ താരനിരയുള്ള ചിത്രത്തെ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts