Your Image Description Your Image Description

തൃശൂർ: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണം കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയാണ് വി ഡി സതീശൻ വിമർശനം ഉന്നയിച്ചത്. ആരോഗ്യപ്രവർത്തകരുടെ വായടപ്പിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയാണ് ഇന്ന് പ്രിൻസിപ്പൽ നടത്തിയ പത്രസമ്മേളനമെന്നും ഡോ, ഹാരിസിന്റെ മേൽ ഒരുതരി മണ്ണ് വീഴാൻ കേരളത്തിലെ പ്രതിപക്ഷം സമ്മതിക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

ആരോഗ്യകേരളം വെന്റിലേറ്ററിലാണ് എന്ന വെളിപ്പെടുത്തലാണ് ഡോ. ഹാരിസ് നടത്തിയത്. ഒരു രൂപ കൈക്കൂലി വാങ്ങാത്ത, രോഗികൾക്ക് വേണ്ടി ജീവിക്കുന്ന ഒരാളെയാണ് മോഷണക്കുറ്റത്തിൽ പ്രതിയാക്കി വേട്ടയാടാൻ ശ്രമിക്കുന്നത്. ആ ശ്രമങ്ങളെ എന്തുവില കൊടുത്തും തടയുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. ഡോ. ഹാരിസ് ചിറക്കലിന്റെ മുറിയില്‍ പരിശോധന നടത്തിയെന്നും കാണാതായി എന്ന് പറയപ്പെടുന്ന ഉപകരണം അവിടെ കണ്ടെത്തിയെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാര്‍ അല്പസമയം മുൻപ് വാർത്താസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു.

കാണാതായെന്ന് പറയപ്പെടുന്ന മോസിലോസ്‌കോപ്പ് ഹാരിസിന്റെ മുറിയില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത കുറവുണ്ട്, അതിനാൽ ഉപകരണം പുതിയതാണോയെന്ന് പരിശോധന വേണം. ഹാരിസിന്റെ മുറിയില്‍ ആരോ കടന്നതായും പ്രിന്‍സിപ്പല്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഹാരിസിന്റെ മുറിയില്‍ മൂന്ന് തവണ പരിശോധന നടന്നുവെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. ആദ്യ പരിശോധനയില്‍ ഹാരിസിന്റെ മുറിയില്‍ കാണാതായെന്ന് പറയപ്പെടുന്ന മോസിലോസ്‌കോപ്പ് എന്ന ഉപകരണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

സര്‍ജിക്കല്‍ ഉപകരണങ്ങളെക്കുറിച്ച് തനിക്ക് വലിയ ധാരണയില്ലാത്തതിനാല്‍ സര്‍ജിക്കല്‍, ടെക്‌നിക്കല്‍ ടീമുമായി വീണ്ടും പരിശോധന നടത്തി. അതില്‍ ആദ്യ പരിശോധനയില്‍ കാണാത്ത മറ്റൊരു പെട്ടി മുറിയില്‍ കണ്ടെത്തി. കൊറിയർ ബോക്സ് പോലെ ആയിരുന്നു. എല്ലാവരുടേയും സാന്നിധ്യത്തിൽ കവർ പൊട്ടിച്ചു. അതില്‍ ഉപകരണം കണ്ടെത്തി. അതിനൊപ്പം ഉണ്ടായിരുന്ന പേപ്പറില്‍ മോസിലോസ്‌കോപ്പ് എന്ന് എഴുതിയിരുന്നു. ഇതിനൊപ്പം കണ്ടെത്തിയ ബില്ലില്‍ ഓഗസ്റ്റ് രണ്ട് എന്ന് എഴുതിയിരുന്നു. എറണാകുളത്തെ സ്ഥാപനത്തിന്‍റേതായിരുന്നു ബില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.

Related Posts