Your Image Description Your Image Description

സുരക്ഷയും അടിയന്തര പ്രതികരണ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആന്റി-ഹൈജാക്ക് മോക്ക് എക്‌സര്‍സൈസ് വിജയകരമായി നടത്തി. രാവിലെ 11.20 ഓടെ വിമാനം അപഹരിക്കപ്പെട്ടതായി സന്ദേശം ലഭിച്ച ഉടന്‍ എ ടി സി ടവറില്‍ സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹിയുടെ അധ്യക്ഷതയില്‍ എയ്‌റോഡ്രോം കമ്മിറ്റി യോഗം ചേര്‍ന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഹൈജാക്കര്‍മാരെ കീഴ്‌പ്പെടുത്തിയതോടെ ഉച്ചക്ക് 12 മണിക്കാണ് മോക്ക് എക്‌സര്‍സൈസിന് സമാപനമായത്.

എയര്‍ ഇന്ത്യ വിമാനമാണ് അഭ്യാസം നടത്താന്‍ ഉപയോഗിച്ചത്. എക്‌സര്‍സൈസ് വിജയകരമായിരുന്നെന്ന് സബ് കലക്ടര്‍ വിലയിരുത്തി. എയര്‍പോര്‍ട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അശ്വനി കുമാര്‍ കണ്‍വീനര്‍ ആയിരുന്നു. ചീഫ് എയ്‌റോഡ്രോം സെക്യൂരിറ്റി ഓഫീസര്‍ നിതിന്‍ ത്യാഗി, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ പി. സതീഷ് ബാബു, അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് പോലീസ് കെ വി പ്രമോതന്‍, എ എ ഐ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജോണ്‍സന്‍ ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി വിനീഷ്, പ്രതിരോധം, സ്‌പെഷല്‍ ബ്യൂറോ, ഐ ബി, എന്‍ സ് ജി, വിവിധ എയര്‍ലൈന്‍സ്, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

എയര്‍പോര്‍ട്ടില്‍ ഒരു വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാല്‍ അല്ലെങ്കില്‍ ഏതെങ്കിലും ഒരു ഹൈജാക്ക് ചെയ്യപ്പെട്ട വിമാനം എയര്‍പോര്‍ട്ടില്‍ ഇറങ്ങിയാല്‍ സ്വീകരിക്കേണ്ട നടപടികളുടെയും അത്തരം സാഹചര്യത്തില്‍ എയര്‍പോര്‍ട്ടില്‍ വേണ്ട സജ്ജീകരണങ്ങളുടേയും അവലോകനമാണ് മോക്ക് എക്‌സര്‍സൈസില്‍ നടന്നത്. വര്‍ഷത്തില്‍ ഒരു തവണ നടത്തുന്ന ഈ എക്‌സര്‍സൈസ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ മാനദണ്ഡം അനുസരിച്ചാണ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts