ആക്‌സിയം 4 ദൗത്യം; ശുഭാംശു ശുക്ല ഉൾപ്പെടെ നാല് സഞ്ചാരികള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്

ആക്സിയം 4 ദൗത്യത്തിന് കീഴിൽ ശുഭാംശു ശുക്ല ഉൾപ്പെടെ നാല് സഞ്ചാരികള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പറക്കാൻ ഒരുങ്ങുകയാണ്. ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്‌സിന്‍റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിലായിരിക്കും ശുഭാംശു ഉൾപ്പെടെയുള്ളവർ കുതിക്കുക. ബഹിരാകാശ യാത്ര എളുപ്പവും താങ്ങാനാവുന്നതുമാക്കി മാറ്റിയ ഒരു ആധുനിക ബഹിരാകാശ വാഹനമാണ് സ്‌പേസ് എക്‌സിന്‍റെ ഡ്രാഗൺ സ്പേസ്‌ക്രാഫ്റ്റ്. 2025 മാർച്ചിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നാസ സുനിത വില്യംസിനെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവന്നത് ഡ്രാഗൺ പേടകത്തിലായിരുന്നു. ഇപ്പോൾ ശുഭാംശു ശുക്ല ഉൾപ്പെടെയുള്ളവർ സഞ്ചരിക്കാനിരിക്കുന്ന ഡ്രാഗൺ സ്പേസ്‌ക്രാഫ്റ്റിനെ കുറിച്ചും, അതിനെ വഹിക്കുന്ന ഫാൽക്കൺ 9 റോക്കറ്റിനെക്കുറിച്ചും വിശദമായി അറിയാം.

എന്താണ് ഡ്രാഗണ്‍ പേടകം?

8.1 മീറ്റര്‍ ഉയരവും 4 മീറ്റര്‍ വ്യാസവുമാണ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിനുള്ളത്. ലോഞ്ച് പേലോഡ് മാസ് 6,000 കിലോഗ്രാമും റിട്ടേണ്‍ പേലോഡ് മാസ് 3,000 കിലോഗ്രാമുമാണ്. ഭൂമിയുടെ ഭ്രമണപഥത്തിലേക്കും അതിനപ്പുറത്തേക്കും ദൗത്യങ്ങളിൽ സ്പേസ് എക്സിന്‍റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിന് ഏഴ് യാത്രക്കാരെ വരെ വഹിക്കാൻ കഴിയും. മനുഷ്യരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോയ ആദ്യത്തെ സ്വകാര്യ പേടകമാണിത്. നിലവിൽ ഭൂമിയിലേക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഗണ്യമായ അളവിൽ മാലിന്യങ്ങള്‍ ഭൂമിയില്‍ തിരികെ എത്തിക്കാന്‍ കഴിവുള്ള ഒരേയൊരു ബഹിരാകാശ പേടകമാണ് ഡ്രാഗണ്‍ എന്നാണ് സ്‌പേസ് എക്സ് പറയുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *