Your Image Description Your Image Description

ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്. മൂന്നാം ഭാഗത്തിൽ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പക്കാലം കാണിക്കുന്ന ഭാഗങ്ങളുണ്ടാകുമെന്ന് പൃഥ്വിരാജ് പറഞ്ഞു. സര്‍സമീന്‍ എന്ന പുതിയ ഹിന്ദി ചിത്രത്തിന്റെ ഭാഗമായി ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം L3യെ കുറിച്ച് സംസാരിച്ചത്.

മോഹന്‍ലാലിന്റെ ചെറുപ്പം അവതരിപ്പിക്കാന്‍ എമ്പുരാനില്‍ എന്തുകൊണ്ടാണ് എഐ പോലുള്ള ടെക്‌നോളജികള്‍ ഉപയോഗിക്കാതിരുന്നത് എന്നതിനെ കുറിച്ചും പൃഥ്വിരാജ് അഭിമുഖത്തില്‍ പറയുന്നുണ്ട്. ചിത്രത്തില്‍ പ്രണവിന്റെ ലുക്കിന് റഫറന്‍സായി എടുത്തത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മോഹന്‍ലാലിന്റെ ചിത്രങ്ങളായിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു.

സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലം കാണിക്കുന്ന ഒരു ഭാഗം L3യില്‍ ഉണ്ടാകും. പക്ഷെ അത് ഏറെ നീണ്ട ഒരു ഭാഗമായിരിക്കില്ല, ചെറുതായിരിക്കും. ഈ യങ് വേര്‍ഷന്‍ കാണിക്കാന്‍ എഐ, ഫേസ് റീപ്ലേസ്‌മെന്റ് പോലുള്ള ടെക്‌നോളജികള്‍ ഉപയോഗിക്കാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. ഭാഗ്യത്തിന് എനിക്ക് പ്രണവിനെ ലഭിച്ചു. ആ ലുക്കില്‍ പ്രണവിന് ലാല്‍ സാറുമായി വലിയ സാമ്യവും തോന്നുന്നുണ്ട്. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ പോലെയുള്ള ചിത്രങ്ങളില്‍ ഇരുപതുകളിലെ മോഹന്‍ലാലിനെ കാണാം. ആ ഒരു ലുക്ക് പ്രണവിനുണ്ട്. എമ്പുരാനിലെ പ്രണവിന്റെ സീനുകള്‍ക്കുള്ള ഞങ്ങളുടെ റഫറന്‍സ് ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലെ ലാല്‍ സാറിന്റെ ചിത്രങ്ങളായിരുന്നു,‘ പൃഥ്വിരാജ് പറഞ്ഞു.

മൂന്നാം ഭാഗത്തിൽ കൂടുതല്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ഉണ്ടാകുമെന്നും പൃഥ്വിരാജ് പറഞ്ഞു. വിവാദങ്ങള്‍ക്കും റീ സെന്‍സറിങ്ങിനും ഇടയിലും വലിയ കളക്ഷനായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ നിന്നും നേടിയത്. സിനിമ 260 കോടിയ്ക്ക് മുകളില്‍ സ്വന്തമാക്കി ഇന്‍ഡസ്ട്രി ഹിറ്റ് പദവിയും സ്വന്തമാക്കിയിരുന്നു.

Related Posts