ടെഹ്‌റാൻ: അമേരിക്കൻ ഉപരോധത്തിനും ഭീഷണികൾക്കും വഴങ്ങി യാതൊരു ചർച്ചകൾക്കുമില്ലെന്ന നിലപാടിൽ ഇറാൻ. സമാധാന ചർച്ചകളെ കീഴടങ്ങുന്നതിനുള്ള വേദിയാക്കാനാണ് ഡൊണാൾഡ് ട്രംപ് ശ്രമിക്കുന്നതെന്നും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് ആരോപിച്ചു. ഭീഷണിയുടെ നിഴലിൽ ചർച്ചകൾ നടത്തുന്നത് ഇറാന്റെ നയമല്ലെന്നും അമേരിക്കയുടെ സമ്മർദ തന്ത്രങ്ങൾക്ക് വഴങ്ങില്ലെന്നും മുഹമ്മദ് ബാഗർ ഖാലിബാഫ് അറിയിച്ചു. ഭീഷണികൾക്ക് കീഴിൽ ചർച്ചകൾ നടത്തിയാൽ പുതിയ ‘യുദ്ധ തന്ത്രങ്ങൾ’ പുറത്തെടുക്കാൻ ഇറാൻ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ട്രംപിന്റെ നയങ്ങൾക്കെതിരേ കടുത്ത ഭാഷയിലാണ് ഖാലിബാഫ് പ്രതികരിച്ചത്.
ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പൽ പിടിച്ചെടുത്ത നടപടി മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായ ചർച്ചകൾക്ക് ഇറാൻ എപ്പോഴും തയ്യാറാണ്. എന്നാൽ, അത് പരസ്പര ബഹുമാനത്തോടെയും അന്തസ്സോടെയും ആയിരിക്കണം. ഉപരോധങ്ങളും സൈനിക ഭീഷണികളും ഉയർത്തിക്കൊണ്ട് ചർച്ചാ മേശയിലേക്ക് ഇറാനെ എത്തിക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
