Your Image Description Your Image Description

അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ പാലം തകര്‍ന്ന് പതിമൂന്നോളം പേർ മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ ഗുരുതര ആരോപണം. മൂന്ന് വര്‍ഷം മുന്‍പ് പാലം അപകടത്തിലാണെന്ന് അറിയിച്ച് അധികൃതർക്ക് കത്ത് നല്‍കിയിരുന്നു. വഡോദര ഡിവിഷന്‍ റോഡ് ആന്‍ഡ് ബില്‍ഡിംഗ് ഡിപ്പാര്‍ട്ട്‌മെൻ്റിന് ജില്ലാ പഞ്ചായത്ത് അംഗമാണ് അപകടം ചൂണ്ടിക്കാട്ടി കത്ത് നല്‍കിയത്. പാലത്തിന് അസാധാരണ കുലുക്കം ഉണ്ടെന്നായിരുന്നു കത്തിൽ അറിയിച്ചിരുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ കത്ത് നിഷേധിച്ചുവെന്നാണ് ആരോപണം.

പാലം തകർന്നതിന് പിന്നാലെ ഗുജറാത്ത് മോഡല്‍ വികസനത്തിന് എതിരെ ശിവസേന ഉദ്ദവ് പക്ഷം രംഗത്തുവന്നു. ഗുജറാത്ത് മോഡലിന്റെ പരാജയം മനസ്സിലായെന്ന് ശിവസേന മുഖപത്രം സാംനയിൽ വിമർശനം ഉയർന്നു. ബുധനാഴ്ചയായിരുന്നു ഗുജറാത്തില്‍ പാലം തകര്‍ന്നുവീണ് അപകടമുണ്ടായത്. മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ‘ഗംഭീര’ എന്ന പാലമാണ് തകര്‍ന്നത്. സൂയിസൈഡ് പോയിന്റ് എന്ന പേരില്‍ പ്രസിദ്ധമായ പാലമാണിത്. പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോഴായിരുന്നു അപകടം.

അപകടത്തെ തുടർന്ന് രണ്ട് ട്രക്കുകളും രണ്ട് വാനുകളും ഒരു ഓട്ടോറിക്ഷയും നദിയില്‍ പതിച്ചതായി വഡോദര ജില്ലാ കളക്ടര്‍ അനില്‍ ധമേലിയ പറഞ്ഞു. പാലം തകര്‍ന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അന്‍ക്ലേശ്വര്‍ എന്നിവിടങ്ങളുമായുളള ബന്ധം തകർന്നു. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലത്തിൽ ട്രാഫിക് ബ്ലോക്ക് രൂക്ഷമായ സാഹചര്യത്തില്‍ പുതിയ പാലം നിർമിക്കാന്‍ അടുത്തിടെ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ടെന്‍ഡര്‍ നടപടികളും ഡിസൈനിംഗും പുരോഗമിക്കുകയാണ്. ഏകദേശം 212 കോടി രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts