Home » Blog » kerala Max » കേരളപ്പിറവി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി ‘ഓറഞ്ച് റൺ 2026’; മൂവായിരത്തിയെണ്ണൂറോളം കായികപ്രേമികൾ അണിനിരന്നു
IMG-20261103-WA0007

കൊച്ചി: കേരളപ്പിറവി ദിനമായ നവംബർ 1-ന് ‘ഓറഞ്ച് റൺ 2026’ മാരത്തൺ വിജയകരമായി സംഘടിപ്പിച്ചു. കൊച്ചി ഓറഞ്ച് റണ്ണേഴ്സ് ആൻഡ് റൈഡേഴ്സ് ക്ലബ്, കേരള ടൂറിസം വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടി വെല്ലിംഗ്ടൺ ഐലൻഡിലെ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഗ്രൗണ്ടിലാണ് നടന്നത്. ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറൽ (ASG) അഡ്വ. പി. ശ്രീകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഓറഞ്ച് റണ്ണേഴ്സ് ആൻഡ് റൈഡേഴ്സ് ക്ലബ് പ്രസിഡന്റ് കൃഷ്ണപ്രസാദ്

ബി.പി.സി.എൽ ചീഫ് മാനേജർ ലെഫ്റ്റനന്റ് കേണൽ ആർ. മുരുഗയ്യൻ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
പ്രായഭേദമന്യേ മൂവായിരത്തിയെണ്ണൂറോളം കായികപ്രേമികളാണ് ഓട്ടത്തിലും നടത്തത്തിലുമായി പരിപാടിയിൽ അണിനിരന്നത്.
കേരളത്തിന്റെ പരമ്പരാഗത വേഷമായ കസവു സാരി ധരിച്ച് മുന്നൂറോളം സ്ത്രീകൾ അണിനിരന്ന 3 കിലോമീറ്റർ ‘കസവു ക്വീൻസ് റൺ’ ആയിരുന്നു മാരത്തണിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. സ്ത്രീകളുടെ ആരോഗ്യവും കായികക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന ഒന്നായി മാറി ഈ വിഭാഗം. കസവു സാരിയുടുത്ത് കളത്തിലിറങ്ങിയ ഓട്ടക്കാരുടെ പങ്കാളിത്തം കേരളപ്പിറവി ആഘോഷങ്ങൾക്ക് വേറിട്ട മാറ്റ് നൽകി.
റണ്ണർമാർ, വാക്കർമാർ, കുടുംബങ്ങൾ എന്നിവർക്കായി അഞ്ച് വിഭാഗങ്ങളിലായാണ് മാരത്തൺ സംഘടിപ്പിച്ചത്. പ്രധാന ഇനമായ 21 കിലോമീറ്റർ ഹാഫ് മാരത്തൺ പുലർച്ചെ 5:00 മണിക്ക് ആരംഭിച്ചു. കൂടാതെ, 10 കിലോമീറ്റർ മിനി മാരത്തൺ, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന 5 കിലോമീറ്റർ ‘ഗോഡ്സ് ഓൺ വാക്ക്’, കുടുംബങ്ങൾക്ക് ഒന്നിച്ചു പങ്കെടുക്കാവുന്ന 5 കിലോമീറ്റർ ‘ഫാമിലി ഫൺ റൺ’, സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ 3 കിലോമീറ്റർ ‘കസവു ക്വീൻസ് റൺ’ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.
2022 മുതൽ തുടർച്ചയായി കൊച്ചി ഓറഞ്ച് റണ്ണേഴ്സ് ആൻഡ് റൈഡേഴ്സ് ക്ലബ്‌ സംഘടിപ്പിച്ചുപോരുന്ന മാരത്തണിന്റെ നാലാമത് എഡിഷനാണ് ഇത്. കായികമേഖലയെയും സന്നദ്ധ സേവനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം കായികത്തിലൂടെ സമൂഹത്തെ ഒന്നിച്ചുനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഈ വർഷത്തെ പരിപാടിയിൽ നിന്ന് ലഭിക്കുന്ന ലാഭവിഹിതം പരിക്കേറ്റ കായികതാരങ്ങളുടെ പുനരധിവാസത്തിനും സഹായത്തിനുമായി വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു. കായികവും പാരമ്പര്യവും സമന്വയിച്ച ‘ഓറഞ്ച് റൺ 2026’ നാടിന്റെ കൂട്ടായ്മയുടെയും ആരോഗ്യ ബോധത്തിന്റെയും പ്രതീകമായി മാറിയാണ് സമാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *