Home » Blog » kerala Max » ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ഉപഭോക്തൃ സംരക്ഷണം ശക്തമാക്കാൻ ആമസോണും ഐ4സിയും
IMG-20261026-WA0009

ന്യൂഡൽഹി:  ഓൺലൈൻ തട്ടിപ്പുകൾ തിരിച്ചറിയുന്നതിനൊപ്പം അവയ്‌ക്കെതിരെ ജാഗ്രതയോടെ നടപടിയെടുക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിനായി ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്ററുമായി (ഐ4സി) സഹകരണം വിപുലീകരിച്ച് ആമസോൺ ഇന്ത്യ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഐ4സിയുമായി ചേർന്ന് നടത്തുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സുരക്ഷാ ബോധവത്കരണം, സാങ്കേതികവിദ്യാധിഷ്ഠിത നവീകരണം, ഇന്ററാക്റ്റീവ് ഉപഭോക്തൃ വിദ്യാഭ്യാസം എന്നിവയ്ക്കാണ് പ്രാധാന്യം. സംശയാസ്പദമായ സന്ദേശങ്ങൾ തിരിച്ചറിയാനും സുരക്ഷിതമായി ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താനും പുതിയ സൈബർ ഭീഷണികളോട് ജാഗ്രത പുലർത്താനും ഉപഭോക്താക്കളെ സഹായിക്കുകയാണ് ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി ദീപാവലിക്ക് മുന്നോടിയായി ഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിലായി 10 ലക്ഷം ആമസോൺ ഡെലിവറി പാക്കേജുകളിൽ സുരക്ഷിത ഓൺലൈൻ ഷോപ്പിങ്ങിനെക്കുറിച്ചുള്ള സന്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഐടി ഡൽഹിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘രക്ഷം – നാഷണൽ എ.ഐ. സൈബർ സെക്യൂരിറ്റി ഹാക്കത്തോൺ 2026’ വഴി വോയ്‌സ് ക്ലോണിങ് തട്ടിപ്പുകൾ, തട്ടിപ്പ് രീതികൾ തിരിച്ചറിയൽ, ഡീപ്‌ഫേക്ക് കണ്ടെത്തൽ തുടങ്ങിയ വെല്ലുവിളികൾക്ക് എ.ഐ. അധിഷ്ഠിത പരിഹാരങ്ങൾ വികസിപ്പിക്കാൻ വിദ്യാർഥി ടീമുകളെ ക്ഷണിച്ചു. ഏകദേശം 5,000 രജിസ്‌ട്രേഷനുകൾ ലഭിച്ച ഹാക്കത്തോണിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്ത 30 ടീമുകളിൽ നിന്നുള്ള വിജയിയെ ഒക്ടോബർ 25ന് പ്രഖ്യാപിക്കും. വ്യാജ ഡെലിവറി അറിയിപ്പുകൾ, റീഫണ്ട് അഭ്യർഥനകൾ, പേയ്‌മെന്റ് സന്ദേശങ്ങൾ, ആകർഷകമായ ഓഫറുകൾ എന്നിവയും യഥാർഥ സന്ദേശങ്ങളും തിരിച്ചറിയാൻ ഉപഭോക്താക്കളെ സഹായിക്കുന്ന ഡിജിറ്റൽ ഇന്ററാക്ടീവ് ഗെയിമും പദ്ധതിയുടെ ഭാഗമാണ്.

ആമസോണിന്റെ ഉപഭോക്തൃ വിശ്വാസം ശക്തിപ്പെടുത്തുന്നതിനും ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനുമുള്ള വിപുലമായ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ സംരംഭം. ഇന്ത്യയിലെ വ്യാജ ഉൽപ്പന്നങ്ങൾക്കെതിരായ പ്രവർത്തനങ്ങൾക്കായി കൗണ്ടർഫീറ്റ് ക്രൈംസ് യൂണിറ്റ് (സി.സി.യു) വിപുലീകരിക്കാനുള്ള പ്രഖ്യാപനത്തിനും ഉപഭോക്താക്കളെ കൂടുതൽ അറിവുള്ളവരും ജാഗ്രതയുള്ളവരുമാക്കാൻ ലക്ഷ്യമിടുന്ന ‘മിഷൻ ഗ്രഹാഖ്’ പദ്ധതിക്കും ആമസോൺ പിന്തുണ നൽകുന്നു. ‘#ScamSmartIndia’ ക്യാമ്പയിനിലൂടെ സംശയാസ്പദമായ അഭ്യർഥനകൾ പരിശോധിക്കാനും തട്ടിപ്പിന്റെ സൂചനകൾ തിരിച്ചറിയാനും ഔദ്യോഗിക മാർഗങ്ങളിലൂടെ പരാതിപ്പെടാനും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ദേശീയ ഹെൽപ്‌ലൈൻ നമ്പറായ 1930 അല്ലെങ്കിൽ cybercrime.gov.in ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *