
കൊച്ചി: 2026 സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ 24,750 കോടി രൂപയുടെ മൊത്ത വരുമാനം നേടി ഐടി കമ്പനിയായ വിപ്രോ. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 9.1 ശതമാനമാണ് വളർച്ച. കമ്പനിയുടെ ലാഭം 3,200 കോടി രൂപയായി. ഐടി സർവീസസ് വിഭാഗത്തിന്റെ വരുമാനം 261.15 കോടി ഡോളറിലെത്തി. സ്ഥിര കറൻസി അടിസ്ഥാനത്തിൽ വാർഷിക വളർച്ച 0.6 ശതമാനമാണ്. പ്രവർത്തന ലാഭ മാർജിൻ മുൻപാദത്തെ അപേക്ഷിച്ച് 0.5 ശതമാനം വർധിച്ച് 16.5 ശതമാനമായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സേവനങ്ങളിലും കൺസൾട്ടിങ് രംഗത്തുമുള്ള നിക്ഷേപങ്ങൾ പുതിയ വിപണികളിലും ഉപഭോക്താക്കളിലും വളർച്ച നേടാൻ സഹായിക്കുന്നതായി വിപ്രോ സിഇഒയും മാനേജിങ് ഡയറക്ടറുമായ ശ്രീനി പല്ലിയ പറഞ്ഞു.
