
-ഡാറ്റാ അനലിറ്റിക്സും എ.ഐ.യും ഉപയോഗിച്ച് ഉപഭോക്തൃ അനുഭവം കൂടുതൽ മെച്ചപ്പെടുത്തി
2026 മാർച്ച് 31ന് കേരളത്തിലെ ഇൻഷുറൻസ് പരിരക്ഷയുടെ ആകെ തുക 63,394 കോടി രൂപയിലെത്തി 2026 മാർച്ച് 31ലെ കണക്ക് പ്രകാരം സംസ്ഥാനത്ത് 6217 പാർട്ട്ണർ ബ്രാഞ്ചുകളും 2865 സ്റ്റാഫുകളും 20,008 അഡ്വൈസർമാരുമടങ്ങുന്ന വിപുലമായ ശൃംഖല
കൊച്ചി: ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് 2027 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ കേരളത്തിലെ ടേം പ്ലാൻ ബിസിനസിൽ 68.96 ശതമാനം വാർഷിക വളർച്ച കൈവരിച്ചു. 2026 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം 8,30,274 പേർക്കാണ് കമ്പനി ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകിയിരിക്കുന്നത്. കേരളത്തിലെ ലിങ്ക്ഡ്, നോൺ ലിങ്ക്ഡ് സമ്പാദ്യ പദ്ധതികൾ, വാർഷിക വരുമാന പദ്ധതികൾ എന്നിവ ഉൾപ്പെടെയുള്ള സേവിംഗ് ബിസിനസിലും കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്.
2026 മാർച്ച് 31ന് കേരളത്തിൽ കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തികളുടെ മൂല്യം 12,922 കോടി രൂപയാണ്. ഇതേ സമയം സംസ്ഥാനത്തെ കമ്പനിയുടെ ഇൻഷുറൻസ് പരിരക്ഷയുടെ ആകെ തുക 63,394 കോടി രൂപയായിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ കേരളത്തിലെ ഉപഭോക്താക്കൾക്ക് ആകെ 2,773 കോടി രൂപയുടെ ആനുകൂല്യങ്ങളും കമ്പനി നൽകിയിട്ടുണ്ട്.
കമ്പനിയുടെ പേര് ‘ഐസിഐസിഐ ലൈഫ് ഇൻഷുറൻസ് ലിമിറ്റഡ്’ എന്ന് മാറ്റുന്നതിനുള്ള നിർദേശവും ഡയറക്ടർ ബോർഡ് അടുത്തിടെ അംഗീകരിച്ചു. 2026 മാർച്ച് 31ലെ കണക്ക് പ്രകാരം കേരളത്തിൽ കമ്പനിക്ക് 31 ശാഖകളും 20,008 ഉപദേശകരും 6271 പാർട്ട്ണർ ബ്രാഞ്ചുകളും 2865 സ്റ്റാഫുകളും ഉണ്ട്.
കേരളം തങ്ങളുടെ തന്ത്രപ്രധാനമായ വിപണിയായി തുടരുകയാണെന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ ഡിസ്ട്രിബൂഷൻ വിഭാഗം മേധാവി മണികണ്ഠൻ രാജമണി പറഞ്ഞു. സംസ്ഥാനത്തെ നഗര മേഖലകളിലും വളർന്നുവരുന്ന കേന്ദ്രങ്ങളിലും ശക്തമായ മുന്നേറ്റമാണ് കാണുന്നത്. കഴിഞ്ഞ ഏതാനും പാദങ്ങളിലായി ഉപഭോക്താക്കളുടെ രീതികളിൽ വലിയ മാറ്റങ്ങളാണ് കാണുന്നത്. വ്യക്തികൾ അവരുടെ സമഗ്രമായ സാമ്പത്തിക ലക്ഷ്യങ്ങളുടെ ഭാഗമായി സാമ്പത്തിക പരിരക്ഷ, ദീർഘകാല സമ്പാദ്യം, വിരമിക്കൽ ആസൂത്രണം എന്നിവയ്ക്ക് കൂടുതൽ മുൻഗണന നൽകുന്നുണ്ട്. വിതരണ ശൃംഖല, ഡിജിറ്റൽ സംവിധാനങ്ങൾ, വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ, ഉപഭോക്തൃ ഇടപെടൽ എന്നിവയിൽ ഞങ്ങൾ നടത്തുന്ന തുടർച്ചയായ നിക്ഷേപങ്ങൾ മേഖലയിൽ ഞങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ സഹായിക്കുന്നുണ്ട്.
ഉപഭോക്താക്കൾക്ക് അവരുടെ ഭാവി ആസൂത്രണം ചെയ്യാനും അതിന്റെ നിയന്ത്രണം ഏറ്റെടുക്കാനും കഴിയുന്ന തരത്തിൽ നടപടിക്രമങ്ങൾ ലളിതമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിൽ കേന്ദ്രീകരിച്ചാണ് ഞങ്ങളുടെ മുഴുവൻ പ്രവർത്തനങ്ങളും.
ഉപഭോക്താക്കളുമായുള്ള ഇടപാടുകളിലുടനീളം എ.ഐ, മെഷീൻ ലേണിംഗ്, ഡാറ്റാ അനലിറ്റിക്സ്, ഡിജിറ്റലൈസേഷൻ തുടങ്ങിയവ പ്രയോജനപ്പെടുത്തുന്നുണ്ട്. 2027 സാമ്പത്തിക വർഷത്തിൻ്റെ ഒന്നാം പാദത്തിൽ, ഞങ്ങളുടെ സേവിംഗ്സ് പോളിസികളിൽ ഏകദേശം 54 ശതമാനവും അതേ ദിവസം തന്നെ അനുവദിച്ചു. കൂടാതെ, ഇൻഷുറൻസ് പോളിസികളിൽ ഏകദേശം 58 ശതമാനവും ഡിജിറ്റൽ കെവൈസി ഉപയോഗിച്ചാണ് അനുവദിച്ചത്. ഞങ്ങളുടെ സേവനങ്ങളിൽ 97 ശതമാനവും സ്വയംസേവന സംവിധാനങ്ങളിലൂടെയോ ഡിജിറ്റൽ മാർഗങ്ങളിലൂടെയോ ആണ് ലഭ്യമാക്കുന്നത്. ഏതാനും ക്ലിക്കുകളിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ പോളിസികൾ അനായാസം കൈകാര്യം ചെയ്യാൻ ഇതിലൂടെ സാധിക്കും.
കൂടാതെ,ഈ മേഖലയിലെ തന്നെ ആദ്യത്തെ ഡിജിറ്റൽ പ്ലാറ്റഫോമായ ഐസിഐസിഐ പ്രു പാർട്ണർ സ്റ്റാക്കും ഞങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളും വിവര-വിശകലന സംവിധാനങ്ങളും സംയോജിപ്പിക്കുന്ന ആദ്യ സംവിധാനമാണിത്.
ഞങ്ങളുടെ ഉപദേശക ശൃംഖലയായ ഐപ്രൂ എഡ്ജ് രാജ്യത്തുടനീളമുള്ള 2.44 ലക്ഷം ഏജന്റുമാരെ അവരുടെ ബിസിനസ് കാര്യക്ഷമമായി വളർത്താനും പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും അതേ ദിവസം തന്നെ പോളിസികൾ അനുവദിക്കാനും മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവം നൽകാനും സഹായിക്കുന്നു. തിരഞ്ഞെടുത്ത വിതരണ പങ്കാളികൾക്ക് അതേ ദിവസം തന്നെ കമ്മീഷൻ നൽകുന്ന ആദ്യ കമ്പനിയും ഞങ്ങളാണ്. ഒരു പുതിയ വിതരണ പങ്കാളിയെ രണ്ടാഴ്ചയിൽ താഴെ സമയത്തിനുള്ളിൽ ശൃംഖലയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു.
2027 സാമ്പത്തിക വർഷത്തിൻ്റെ ഒന്നാം പാദത്തിലെ ഞങ്ങളുടെ ക്ലെയിം സെറ്റിൽമെൻ്റ് നിരക്ക് 99.3 ശതമാനമാണ്. അന്വേഷണം ആവശ്യമില്ലാത്ത വ്യക്തിഗത ക്ലെയിമുകൾ ശരാശരി ഒരു ദിവസം കൊണ്ട് തന്നെ തീർപ്പാക്കാറുണ്ട്. ഉപഭോക്താക്കൾക്കും അവരുടെ കുടുംബങ്ങൾക്കും നൽകിയ വാഗ്ദാനം നിറവേറ്റുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. കമ്പനിയുടെ വെബ്സൈറ്റ്, ഇമെയിൽ, എസ്എഎസ്, വാട്സ്ആപ്പ് എന്നിവ വഴിയും ശാഖയിൽ നേരിട്ടെത്തിയും അനായാസം ക്ലെയിമുകൾ സമർപ്പിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ സേവനവും ലഭ്യമാണ്. കമ്പനിയുടെ മൊത്തത്തിലുള്ള പ്രവർത്തന തലത്തിലെ ആദ്യകാല ക്ലെയിം സെറ്റിൽമെൻ്റ് നിരക്ക് 22 ശതമാനമായിരുന്നു. ഈ മേഖലയിലെ മികച്ച നിരക്കാണിത്. വർഷങ്ങളായി നൽകി വരുന്ന മികച്ച സേവനമാണ് ഇതിലൂടെ വ്യക്തമാകുന്നത്. 2026 മാർച്ച് 31 വരെയുള്ള കഴിഞ്ഞ ഏഴ് വർഷത്തിനിടെ കേരളത്തിൽ ഡെത്ത് ക്ലെയിം ഇനത്തിൽ 356 കോടി രൂപയും നൽകിയിട്ടുണ്ട്.
കേരളം ദീർഘകാലാടിസ്ഥാനത്തിൽ വലിയ അവസരങ്ങൾ നൽകുന്ന വിപണിയാണ്. സംസ്ഥാനത്തുടനീളമുള്ള ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കനുസരിച്ചുള്ള പരിഹാരങ്ങൾ ലഭ്യമാക്കുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഞങ്ങളുടെ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
രാജ്യത്തെ ‘ഏറ്റവും ഉപഭോക്തൃ സൗഹൃദവും പങ്കാളിത്തത്തിന് അനുയോജ്യവുമായ ഇൻഷുറൻസ് കമ്പനി’ എന്ന നിലയിൽ പ്രവർത്തിക്കാനുള്ള കമ്പനിയുടെ ലക്ഷ്യത്തിൻ്റെ ഭാഗമായി ഇൻഷുറൻസ് സേവനങ്ങളുടെ വ്യാപനം വർധിപ്പിക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനുമായി കമ്പനി വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയും ചെയ്യുകയാണ്.
കൂടാതെ, ശാഖകളുടെ വിപുലീകരണം, കൂടുതൽ ഉപദേശകരെ നിയമിക്കൽ, ഉപഭോക്താക്കളിലേക്ക് കൃത്യമായി എത്തിച്ചേരുന്നതിനായുള്ള പ്രവർത്തനങ്ങൾ എന്നിവയിലൂടെ കേരളത്തിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
