
കൊച്ചി: പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ക്രോമ, ആപ്പിളിന്റെ പുതിയ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഫോണുകൾക്കായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചു. രാജ്യവ്യാപകമായി 200 ലധികം നഗരങ്ങളിലെ 560 ലധികം ക്രോമ സ്റ്റോറുകൾ വഴിയും, ക്രോമ വെബ്സൈറ്റ്, ടാറ്റ ന്യൂ ആപ്പ്, ബിഗ് ബാസ്കറ്റ് എന്നിവ വഴിയും ഉപഭോക്താക്കൾക്ക് ഈ പുതിയ സ്മാർട്ട്ഫോണുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. പുതിയ പ്രോ സീരീസ് മോഡലുകൾക്ക് 12,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ബോണസും ക്രോമ പ്രഖ്യാപിച്ചിട്ടുണ്ട്.
മികച്ച പ്രവർത്തനക്ഷമതയും ക്യാമറ ശേഷിയും ഉറപ്പുനൽകുന്ന എ20 പ്രോ ചിപ്പ്, ആപ്പിളിന്റെ സി2 വയർലെസ് മോഡം, ഫിസിക്കൽ വേരിയബിൾ അപർച്ചറോട് കൂടിയ പുതിയ 48 മെഗാപിക്സൽ ഫ്യൂഷൻ ക്യാമറ എന്നിവ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളാണ് പുതിയ ഐഫോൺ 18 പ്രോ സീരീസ് ഫോണുകളിലുള്ളത്.
ക്രോമ സ്റ്റോറുകളിൽ 5,000 രൂപ നൽകി ഐഫോൺ 18 പ്രോ, 18 പ്രോ മാക്സ് ഫോണുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ബുക്ക് ചെയ്യുമ്പോൾ മുഴുവൻ തുകയും അടയ്ക്കേണ്ടതുണ്ട്. കൂടാതെ, ആപ്പിൾ വാച്ച് സീരീസ് 12, ആപ്പിൾ വാച്ച് അൾട്രാ 4, എയർപോഡ് എന്നിവ സ്റ്റോറുകളിൽ 2,000 രൂപ നൽകിയും ഓൺലൈനിൽ മുഴുവൻ തുകയും നൽകിയും ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് ഫോണുകൾക്കും മികച്ച ആനുകൂല്യങ്ങൾ ക്രോമ ഒരുക്കിയിട്ടുണ്ട്. സെലക്ട് ക്രെഡിറ്റ് കാർഡുകൾക്ക് ലഭിക്കുന്ന 4,000 രൂപ ബാങ്ക് ക്യാഷ്ബാക്ക്, പഴയ ഐഫോൺ 15 പ്രോയ്ക്ക് ലഭിക്കുന്ന 44,500 രൂപ വരെയുള്ള എക്സ്ചേഞ്ച് തുക, 12,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് എന്നിവ ഉൾപ്പെടെയുള്ള ഓഫറുകളിലൂടെ ഐഫോൺ 17 പ്രോ 256 ജിബി മോഡൽ 69,990 രൂപയിലും 512 ജിബി മോഡൽ 88,490 രൂപയിലും സ്റ്റോറുകളിൽ ലഭ്യമാകും. ക്രോമ വെബ്സൈറ്റിൽ 4,000 രൂപ ബാങ്ക് ക്യാഷ്ബാക്ക് ഉൾപ്പെടെ 256 ജിബി പതിപ്പ് 1,26,490 രൂപയ്ക്കും 512 ജിബി പതിപ്പ് 1,45,990 രൂപയ്ക്കും ലഭിക്കും.
സമാനമായ ഓഫറുകളോടെ ഐഫോൺ 17 പ്രോ മാക്സ് 256 ജിബി പതിപ്പ് 74,990 രൂപയ്ക്കും 512 ജിബി പതിപ്പ് 94,990 രൂപയ്ക്കും സ്റ്റോറുകളിൽ നിന്ന് ലഭിക്കും. 4,000 രൂപ ബാങ്ക് ക്യാഷ്ബാക്ക്, പഴയ ഐഫോൺ 15 പ്രോ മാക്സിന് ലഭിക്കുന്ന 53,000 രൂപ വരെയുള്ള എക്സ്ചേഞ്ച് മൂല്യം, 12,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് എന്നിവ പ്രയോജനപ്പെടുത്തിയാണ് ഉപഭോക്താക്കൾക്ക് ഈ നിരക്കിൽ ഫോൺ ലഭിക്കുക. ഈ മോഡലുകൾ ഓൺലൈനിൽ യഥാക്രമം 1,39,990 രൂപയ്ക്കും 1,59,990 രൂപയ്ക്കും ലഭ്യമാകും.
