
മഞ്ഞപ്ര: കലുങ്ക് പാലത്തിൻ്റെ കൈവരി തകർന്ന് അപകടാവസ്ഥയിൽ. മഞ്ഞപ്ര ഗവ. ഹൈസ്കൂളിന് സമീപത്തെ പ്രധാന മെയിൻ റോഡിലെ കനാൽ കലുങ്കാണ് കൈവരി തകർന്ന അവസ്ഥയിൽ ഉള്ളത്. മൂന്ന് വഴികൾ കൂടി ചേരുന്ന ഭാഗത്തെ കലുങ്കാണ് പൊട്ടി പൊളിഞ്ഞ് താറുമാറായി കിടക്കുന്നത്. മാസങ്ങൾ ഏറെയായി ഈ കലുങ്ക് ഇത്തരത്തിൽ തകർന്ന് ചന്നം പിന്നമായി മാറിയിട്ട്.
നിരവധി തവണ കലുങ്കിൻ്റെ ദുരവസ്ഥ ബന്ധപ്പെട്ട അധികാരികളെ രേഖാമൂലം അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയമാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കലുങ്കിൻ്റെ ശോചീനയാവസ്ഥ അധികാരികൾ
സ്ഥലം സന്ദർശിച്ച് നേരത്തെ ബോധ്യപ്പെട്ടിട്ടുള്ള താണ്. എന്നാൽ നാളിതുവരെ കനാൽ ക്രോസ് പാലത്തിൻ്റെ അറ്റകുറ്റപണികൾ നടത്താൻ ഒരു നീക്കവും ഇന്നേ വരെ ഉണ്ടായിട്ടില്ല. എന്നാൽ ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം ഇന്ദിര ഗാന്ധി
കൾചറൽ ഫോറം ഭാരവാഹികൾ വീണ്ടും ഓഫീസിൽ നേരിട്ടത്തെി കലുങ്ക് അപകടവസ്ഥയുടെകാര്യങ്ങൾ ധരിപ്പിച്ചു. കലുങ്ക് വീതി കൂട്ടി നിർമിക്കണമെന്നാവശ്യം ഇപ്പോൾ ശക്തമാണ്.
കൈവരി തകർന്നതിനെ തുടർന്ന് നിരവധി അപകടങ്ങൾ ഈ വളവിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ബന്ധപ്പെട്ട അധികാരികൾ ഇവിടെ അപായ സൂചന ബോർഡ് പോലും നാളിതുവരെ സ്ഥാപിച്ചിട്ടില്ല.
വാഹനങ്ങൾ അപകടത്തിൽ ഉൾപ്പെടാതിരിക്കാൻ വഴിയോര കച്ചവടക്കാരുടെ തട്ട് മേശ ഇവിടെ ഇപ്പോൾ നാട്ടുക്കാർ നീക്കിയിട്ടിരിക്കുകയാണ്.
ചിത്രം : മഞ്ഞപ്ര ഗവ. ഹൈസ്കൂളിന് സമീപത്തെ പ്രധാന റോഡിലെ കനാൽ കലുങ്ക് പാലം പൊട്ടിപൊളിഞ്ഞ നിലയിൽ.
