
കൊച്ചി: സ്ക്രീൻ ഇല്ലാത്ത ഫിറ്റ്നസ് ബാൻഡുകളുടെ വിഭാഗത്തിലേക്ക് ചുവടുവെച്ചുകൊണ്ട് ഫാസ്റ്റ്ട്രാക്ക് സ്മാർട്ട് തങ്ങളുടെ പുതിയ ഉൽപ്പന്നമായ ഫ്ലെക്സ് വിപണിയിലിറക്കി. സ്ക്രീൻ നോട്ടിഫിക്കേഷനുകളുടെ ശല്യമില്ലാതെ ദൈനംദിന പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആരോഗ്യ വിവരങ്ങൾ കൃത്യമായി നിരീക്ഷിക്കാനും ഉപഭോക്താക്കളെ സഹായിക്കുന്നതാണ് പുതിയ ഫ്ലെക്സ് ഫിറ്റ്നസ് ബാൻഡ്. 4,499 രൂപ വിലയുള്ള ഫ്ലെക്സ് ഫിറ്റ്നസ് ബാൻഡ് ഫാസ്റ്റ്ട്രാക്ക് വെബ്സൈറ്റിലും റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.
10 ദിവസം വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫുള്ള ഫ്ലെക്സിൽ ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്റെ അളവ്, ഉറക്കം, സമ്മർദ്ദം എന്നിവ നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും സ്ലീപ്പ് സ്കോർ, വൈറ്റാലിറ്റി ഇൻഡക്സ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. നൂറിലധികം മൾട്ടിസ്പോർട്ട് മോഡുകൾ, ഔട്ട്ഡോർ വ്യായാമങ്ങൾക്കായി അസിസ്റ്റഡ് ജിപിഎസ്, വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുന്ന ഐപി68 റേറ്റിംഗ് എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. 9 ഇന്ത്യൻ ഭാഷകളിൽ ലഭ്യമായ ഫാസ്റ്റ്ട്രാക്ക് സ്മാർട്ട് വേൾഡ് ആപ്പുമായി ബന്ധിപ്പിക്കാവുന്ന ഈ ബാൻഡിനൊപ്പം ഒരു വർഷത്തേക്ക് എഐ അധിഷ്ഠിത ഹെൽത്ത് ഇൻസൈറ്റുകൾ സൗജന്യമായി ലഭിക്കും.
ആധുനിക മിനിമലിസ്റ്റ് ശൈലിയിൽ ഭാരം കുറഞ്ഞതും സൗകര്യപ്രദവുമായ ഫാബ്രിക് സ്ട്രാപ്പോടു കൂടിയാണ് ഫ്ലെക്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒനിക്സ് ബ്ലാക്ക്, ബർഗണ്ടി, ഗ്ലേസിയർ ബ്ലൂ, ഫോറസ്റ്റ് ടീൽ എന്നീ നാല് നിറങ്ങളിൽ ലഭ്യമാകുന്ന ഈ ബാൻഡ് ഓഫീസ് ആവശ്യങ്ങൾക്കും വ്യായാമ വേളകൾക്കും ഒരുപോലെ അനുയോജ്യമാണ്.
സ്ക്രീനുകളുടെ അമിത ഉപയോഗമില്ലാതെ ഫിറ്റ്നസ് നിലനിർത്താൻ ആഗ്രഹിക്കുന്ന യുവതലമുറയ്ക്ക് മികച്ചൊരു തിരഞ്ഞെടുപ്പായിരിക്കും ഫ്ലെക്സ് എന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ് സ്മാർട്ട് വെയറബിൾസ് വിഭാഗം ചീഫ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഓഫീസർ ശ്രീനിവാസൻ കൃഷ്ണമൂർത്തി പറഞ്ഞു. ഫിറ്റ്നസ്, ഫാഷൻ, ഫോക്കസ് എന്നിവയെ ഒന്നിപ്പിക്കുന്ന ഈ ഉൽപ്പന്നം സ്മാർട്ട് വെയറബിൾ വിപണിയിൽ ഫാസ്ട്രാക്കിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഭാവിയിൽ ഈ വിഭാഗത്തിൽ കൂടുതൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
