Your Image Description Your Image Description

സാധാരണക്കാരുടെ പ്രതീക്ഷകൾക്ക് ഊർജ്ജം പകർന്നുകൊണ്ടാണ് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വർക്ക് അഥവാ കെഫോൺ പദ്ധതിയ്ക്ക് കേരള സർക്കാർ തുടക്കം കുറിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതലമുറയ്ക്ക് പുത്തൻ സാധ്യതകൾ കൂടിയാണ് ഇതുവഴി സർക്കാർ തുറന്നു കൊടുത്തത്. ഇന്റർനെറ്റ് എന്നത് ഓരോ ദിവസം കഴിയുന്തോറും മനുഷ്യന്റെ ഏറ്റവും അ‌ടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്റർനെറ്റിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് എല്ലാവർക്കും ഇന്റർനെറ്റ് എത്തിക്കുക എന്നത് സർക്കാരിന്റെ കടമയാണ് എന്ന് വളരെ നേരത്തെ തിരിച്ചറിയാൻ കഴിഞ്ഞു എന്നിടത്താണ് കേരള സർക്കാരിന്റെ ആദ്യ വിജയം. സാങ്കേതിക മേഖലയിലും സാമൂഹിക പരിതസ്ഥിതിയിലും പുത്തനുണർവ് സൃഷ്ടിക്കാൻ കെഫോണിന് സാധിച്ചു എന്ന് നിസംശയം പറയുവാൻ സാധിക്കും.
നിരവധി സവിശേഷതകളോടെയായിരുന്നു കെഫോൺ എന്ന കേരള മോഡലുമായി കേരള സർക്കാർ ഈ രംഗത്തേയ്ക്ക് ചുവടുവയ്പ്പ് നടത്തിയത്. മാത്രമല്ല രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാനസർക്കാർ ജനക്ഷേമം മുൻനിർത്തി നേരിട്ട് ഇൻർനെറ്റ് സേവന വിതരണം ചെയ്യുന്നതെന്ന പ്രത്യേകതയും കെഫോണിനുണ്ട്. കേരള സർക്കാർ പ്രാവർത്തികമാക്കിയ ഈ പദ്ധതി, ഇന്ന് ബൃഹത്തായ ഒരു നെറ്റ്‌വർക്കായി വളർന്നു കഴിഞ്ഞു. ഇന്റര്‍നെറ്റ് പൗരന്റെ അടിസ്ഥാനാവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. അതിലൂന്നിക്കൊണ്ടാണ് കെഫോണിന്റെ പ്രവര്‍ത്തനങ്ങള്‍. സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച രാജ്യത്തെ ആദ്യ സംസ്ഥാനം കൂടിയാണ് കേരളം. ലോകത്തിന്റെ മറ്റ് ഭാഗങ്ങളെടുത്ത് പരിശോധിച്ചാലും സമ്പൂര്‍ണമായി ഒരു ജനത മുഴുവന്‍ ഡിജിറ്റല്‍ സാക്ഷരത നേടിയ മറ്റ് പ്രദേശമില്ല. ഈ നേട്ടത്തിന് കൂടി കെഫോണ്‍ ഭാഗഭാക്കാവുന്നു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾ, സ്വകാര്യ സേവനദാതാക്കൾ എത്തിപ്പെടാതെ പോയ ഉൾനാടൻ ഗ്രാമങ്ങൾ, ഗതാഗത സൗകര്യങ്ങൾ കുറവായ ദ്വീപുകൾ തുടങ്ങി എല്ലാ പ്രദേശങ്ങളിലും കെഫോൺ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നു. ഇതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിൽ കണക്ഷൻ സ്ഥാപിക്കുന്നതിനായി ദ്രുതഗതിയിൽ നടക്കുന്ന പ്രവർത്തനങ്ങൾ. ഉടൻ തന്നെ നെല്ലിയാമ്പതി മേഖലയിലും ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാകും. ഇതിനായി നെല്ലിയാമ്പതി-കൊല്ലങ്കോട് ബാക്ക്ബോണ്‍ ലിങ്ക് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. അടിസ്ഥാന സൗകര്യങ്ങളെല്ലാം അടിയന്തര പ്രാധാന്യം നല്‍കി പൂര്‍ത്തിയാക്കിക്കൊണ്ട് എത്രയും വേഗത്തില്‍ ഉപഭോക്താക്കള്‍ക്കായി സേവനങ്ങളുറപ്പാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളിലാണ് കെഫോണ്‍. ആദ്യ ഘട്ടത്തില്‍, 17 സര്‍ക്കാര്‍ ഓഫീസുകള്‍ക്കും തുടര്‍ന്ന് ഗാര്‍ഹിക, വാണിജ്യ ഉപഭോക്താക്കള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും കെഫോണിന്റെ അതിവേഗ ഇന്റര്‍നെറ്റ് സേവനത്തിന്റെ ഗുണഭോക്താക്കളാകാം. കേരളത്തിന്റെ ഡിജിറ്റല്‍ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള കെഫോണിന്റെ വലിയൊരു ചുവടുവയ്പ്പാണിത്.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ വലിയ അവസരങ്ങളാണ് ഓരോ വ്യക്തിക്ക് മുന്നിലുമെത്തിക്കുന്നത്. സാമ്പത്തിക, സാമൂഹിക, ഭൂമിശാസ്ത്ര അസമത്വങ്ങളില്ലാതെ കേരളത്തിലൂടനീളം എല്ലാ ജനങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് ഉറപ്പാക്കുക എന്നതാണ് കെഫോണിന്റെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് ഇനി അധികം ദൂരമില്ലെന്ന് കെഫോണ്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
പദ്ധതിയുടെ തുടക്ക കാലം മുതൽക്കേ ഉന്നയിക്കപ്പെട്ട അവകാശവാദങ്ങളെയും വെല്ലുവിളികളെയും നിരാകരിച്ചുകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇതിനകം ഒരു 1,23,239 കണക്ഷനുകള്‍ കെഫോണ്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. 2026 ഓടെ 2.5 ലക്ഷം കണക്ഷനുകള്‍ നല്‍കുക എന്നതാണ് കെഫോണിന്റെ മുന്നില്‍ ഇപ്പോഴുള്ള ലക്ഷ്യം. നിലവില്‍ അടിസ്ഥാന സേവനങ്ങള്‍ക്കൊപ്പം, വാല്യൂ ആഡഡ് സര്‍വീസുകളിലേക്കും കടന്നുകൊണ്ട് കൂടുതല്‍ സംതൃപ്ത ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുകയാണ് കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് സേവനമായ കെഫോണ്‍. മാത്രമല്ല ഐ.എസ്.പി – എ ലൈസന്‍സ് നേടാൻ കഴിഞ്ഞത് കെഫോണിന്റെ ജൈത്രയാത്രയിലെ വലിയൊരു നാഴികക്കല്ലാണ്
സംസ്ഥാനത്ത് സമഗ്രമായ ഒരു ഇന്റര്‍നെറ്റ് ശൃംഖല സ്ഥാപിക്കുന്നതിനും ഡിജിറ്റല്‍ വിടവ് നികത്തുന്നതിനും കെഫോണ്‍ പദ്ധതിയിലൂടെ സാധിച്ചു. ദാരിദ്ര്യ രേഖയ്ക്ക് കീഴിലുള്ള കുടുംബങ്ങൾക്ക് കെഫോൺ മുഖേന സൗജന്യ ഇന്റർനെറ്റ് കണക്ഷനുകൾ ലഭ്യമാക്കുന്നു. ഇതുവരെ 14,194 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ ലഭിച്ചിട്ടുണ്ട്, ബാക്കി അപേക്ഷകളുടെ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കോർപ്പറേറ്റ് കമ്പനികളുടെ സിഎസ്ആർ ഫണ്ടുകൾ ഉപയോഗിച്ച് സംസ്ഥാനത്തെ വിവിധ ട്രൈബൽ പ്രദേശങ്ങളിലും കെഫോൺ തങ്ങളുടെ സേവനം എത്തിച്ചു നൽകുന്നു. ഇതിൽ കോട്ടൂർ പഞ്ചായത്തിലെ 103 ആദിവാസി കുടുംബങ്ങളും, അട്ടപ്പാടിയിലെ 396 ആദിവാസി കുടുംബങ്ങളും ഉൾപ്പെടുന്നു. കൂടാതെ, എറണാകുളം ജില്ലയിലെ ഗതാഗത പരിമിതിയുള്ള വളന്തക്കാട് ദ്വീപിലും ബിപിഎൽ കണക്ഷനുകൾ ലഭ്യമാണ്. സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ന്നതിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ മികവാണ് ഇതിലൂടെ വ്യക്തമാകുന്നത്.
എല്ലാ മേഖലകളിലും തങ്ങളുടെ സജീവ സാന്നിദ്ധ്യം ഉറപ്പാക്കുന്ന തരത്തിലാണ് കെഫോണിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. 23,355 സർക്കാർ ഓഫീസുകൾ സർക്കാർ സ്കൂളുകൾ, ആശുപത്രികൾ, പഞ്ചായത്തുകൾ, ബ്ലോക്ക് ഓഫീസുകൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളിലും കെഫോൺ സേവനം ലഭ്യമാക്കി. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും, സ്മോള്‍ & മീഡിയം എന്റര്‍പ്രൈസസുകള്‍ക്കുമായി 220 ഇന്റര്‍നെറ്റ് ലീസ് ലൈന്‍ കണക്ഷനുകളും 265 എസ്.എം.ഇ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും നിലവിലുണ്ട്. ഏഴായിരത്തോളം കിലോമീറ്റര്‍ ഡാര്‍ക്ക് ഫൈബര്‍ വാണിജ്യ അടിസ്ഥാനത്തില്‍ പത്ത് ഉപഭോക്താക്കള്‍ക്കായി നല്‍കിയിട്ടുണ്ട്. 3,800 ലോക്കല്‍ നെറ്റുവര്‍ക്ക് പ്രൊവൈഡര്‍മാരാണ് കെഫോണുമായി എഗ്രിമെന്റിലേര്‍പ്പെട്ട് പ്രവര്‍ത്തിക്കുന്നത്.
ഒരു ഇന്റർനെറ്റ് പദ്ധതിയായി മാത്രം ഒതുങ്ങാതെ വിനോദ മേഖലയിലേക്കും ശക്തമായ കടന്നുവന്നുവരവാണ് കെഫോൺ നടത്തിയിരിക്കുന്നത് . മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെഫോൺ ഒടിടി സേവനത്തിൽ 29 ലധികം ഒടിടി പ്ലാറ്റ്‌ഫോമുകളും 350 ലധികം ഡിജിറ്റൽ ടി.വി ചാനലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ദക്ഷിണേന്ത്യന്‍ ടി.വി ചാനലുകളും സിനിമകളും ഉള്‍പ്പെടുത്തി അവതരിപ്പിച്ച ഒ.ടി.ടിയിലൂടെ മറ്റ് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരോടു കിടപിടിക്കുന്ന സേവനം തന്നെയാണ് കെഫോണ്‍ നല്‍കുന്നത്.
പ്രമുഖ ഒടിടി പ്ലാറ്റുഫോമുകളായ ആമസോണ്‍ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാര്‍, സോണി ലിവ്, സീ ഫൈവ്, ഫാന്‍ കോഡ്, ഡിസ്‌കവറി പ്ലസ്, ഹങ്കാമ ടിവി, പ്ലേബോക്‌സ് ടി.വി തുടങ്ങിയവ കെഫോണ്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. 444 രൂപ മുതലുള്ള വിവിധ പാക്കേജുകള്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താം. സ്റ്റാര്‍, വൈബ്, വൈബ് പ്ലസ്, അമേസ്, അമേസ് പ്ലസ് എന്നിങ്ങനെ അഞ്ചു പാക്കേജുകളാണ് ഒടിടി യില്‍ തയാറാക്കിയിരിക്കുന്നത്. ഇവയെല്ലാംതന്നെ ഒരു മാസത്തേക്കും മൂന്ന് മാസത്തേക്കും ആറ് മാസത്തേക്കും ഒരു വര്‍ഷത്തേക്കും എന്നിങ്ങനെയുള്ള വിവിധ പാക്കേജുകളായും ലഭ്യമാക്കിയിട്ടുണ്ട്.
സ്റ്റാര്‍ എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന 444 രൂപയുടെ ഏറ്റവും കുറഞ്ഞ ഒരു മാസ പാക്കേജില്‍ 4500 ജിബി ഡാറ്റാ ലിമിറ്റില്‍ 45 എംബിപിഎസ് വേഗതയിലുള്ള ഇന്റര്‍നെറ്റും 23 ഒ.ടി.ടികളും 350ലധികം ഡിജിറ്റല്‍ ചാനലുകളുമാണ് ലഭ്യമാകുക. ഈ പാക്കേജ് മൂന്ന് മാസത്തേക്ക് 1265 രൂപയ്ക്കും ആറ് മാസത്തേക്ക് 2398 രൂപയ്ക്കും ഒരു വര്‍ഷത്തേക്ക് 4529 രൂപയ്ക്കും ലഭ്യമാകും. വൈബ് എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന 599 രൂപയുടെ ഒരു മാസ പാക്കേജില്‍ 26 ഒ.ടി.ടികളും 350ലധികം ഡിജിറ്റല്‍ ചാനലുകളുമാണ് ലഭ്യമാകുക. 55 എംബിപിഎസ് വേഗതയില്‍ 4500 ജിബി ഇന്റര്‍നെറ്റും ലഭ്യമാകും. മൂന്ന് മാസത്തേക്ക് 1707 രൂപയും ആറ് മാസത്തേക്ക് 3235 രൂപയും ഒരു വര്‍ഷത്തേക്ക് 6110 രൂപയും നല്‍കി ഈ സേവനം ആസ്വദിക്കാം. 799 രൂപയുടെ വൈബ് പ്ലസ് ഒരു മാസ പാക്കേജില്‍ വൈബിലേതുപോലെത്തന്നെ 26 ഒ.ടി.ടികളും 350ലധികം ഡിജിറ്റല്‍ ചാനലുകളും ലഭ്യമാകും. എന്നാല്‍ ഡാറ്റാ സ്പീജ് 105 എംബിപിഎസ് ആയി ഉയരും. 4500 ജിബിയാണ് ഡേറ്റ ലിമിറ്റ്. ഈ പാക്കേജ് മൂന്ന് മാസത്തേക്ക് 2277 രൂപയ്ക്കും ആറ് മാസത്തേക്ക് 4315 രൂപയ്ക്കും ഒരു വര്‍ഷത്തേക്ക് 8150 രൂപയ്ക്കും ലഭ്യമാകും. മാസം 899 രൂപയ്ക്ക് ലഭിക്കുന്ന അമേസ് എന്ന പാക്കേജില്‍ 65 എംബിപിഎസ് വേഗതയില്‍ 4500 ജിബി വരെ ഇന്റര്‍നെറ്റും ഒപ്പം 29 ഒ.ടി.ടികളും 350ലധികം ഡിജിറ്റല്‍ ചാനലുകളും ലഭ്യമാകും. ഈ പാക്കേജിന്റെ മൂന്ന് മാസത്തേക്കുള്ള തുക 2562 രൂപയാണ്. ആറ് മാസത്തേക്ക് 4855 രൂപയ്ക്കും ഒരു വര്‍ഷത്തേക്ക് 9170 രൂപയ്ക്കും ഈ പാക്കേജ് ആസ്വദിക്കാം. 999 രൂപയുടെ അമേസ് പ്ലസ് ഒരു മാസ പാക്കേജില്‍ 155 എംബിപിഎസ് വേഗതയില്‍ 4500 ജിബി വരെ ഇന്റര്‍നെറ്റും ഒപ്പം 29 ഒ.ടി.ടികളും 350ലധികം ഡിജിറ്റല്‍ ചാനലുകളും ലഭ്യമാകും. ഈ പാക്കേജ് 2847 രൂപയ്ക്ക് മൂന്ന് മാസത്തേക്കും 5395 രൂപയ്ക്ക് ആറു മാസത്തേക്കും 10190 രൂപയ്ക്ക് ഒരു വര്‍ഷത്തേക്കും ലഭ്യമാണ്.
ആരംഭിച്ച് ഏകദേശം ഒരുമാസത്തിനുള്ളില്‍ തന്നെ 600 ലധികം സബ്‌സ്‌ക്രിപ്ഷനുകള്‍ കെഫോണ്‍ ഒടിടി ആക്റ്റിവേറ്റു ചെയ്തു, കൂടാതെ 700 ലധികം എന്‍ക്വയറികളും ഉപഭോക്താക്കളുടെ ഇടയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഈ ആവേശകരമായ പ്രതികരണം ജനങ്ങള്‍ക്ക് കെഫോണിലുള്ള വിശ്വാസത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന വേഗതയുള്ള ഇന്റര്‍നെറ്റ്, എന്റര്‍ടെയ്ന്‍മെന്റ്, ഡിജിറ്റല്‍ ടിവി തുടങ്ങിയവയെല്ലാം ഒരുകുടക്കീഴിലെത്തിക്കുകയാണ് കെഫോണ്‍ ഒ.ടി.ടിയിലൂടെ.
അത്യാധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന കെഫോണിന്റെ കോള്‍ സെന്റര്‍ കെഫോണിന്റെ എടുത്തു പറയേണ്ട സവിശേഷതകളിലൊന്നാണ്. ഈ സംവിധാനം സംസ്ഥാനത്തുടനീളം ഉപഭോക്താക്കള്‍ക്ക് വേഗതയാര്‍ന്നതും സുതാര്യവുമായ പിന്തുണ ഉറപ്പു നല്‍കുന്നു. ടെക്‌നിക്കല്‍ ബിരുദധാരികളായ 37 പേരടങ്ങുന്ന സംഘമാണ് കോള്‍ സെന്ററിന്റെ നെടുന്തൂണ്‍. ഇവരില്‍ 60 ശതമാനം സ്ത്രീകളാണെന്നത്, ടെക്‌നോളജി മേഖലയിലെ വനിതാ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ കെഫോണിന്റെ പ്രതിബദ്ധതയെ വ്യക്തമാക്കുന്നു.
കെഫോൺ താരിഫുകൾ
299 രൂപയുടെ ഏറ്റവും കുറഞ്ഞ താരിഫ് മുതൽ 1499 വരെയുള്ള പ്രതിമാസ പ്ലാനുകളാണ് കെഫോണിനുള്ളത്. മാസം 20 എംബിപിഎസിൽ 1000 ജിബിയാണ് 299 രൂപയ്ക്ക് ലഭിക്കുക. 349 രൂപയുടെ പ്ലാനിൽ 3000 ജിബി ഇൻ്റർനെറ്റ് 30 എംബിപിഎസ് വേഗതയിൽ ലഭിക്കും. തുടർന്ന് 399 രൂപ, 449 രൂപ, 499 രൂപ, 599 രൂപ, 799 രൂപ, 999 രൂപ, 1499 രൂപ എന്നിങ്ങനെയാണ് മറ്റ് പ്ലാനുകൾ. 300 എംബിപിഎസ് വേഗതിൽ മാസം 5000 ജിബിയാണ് 1499 രൂപയ്ക്ക് ലഭിക്കുക.
കെഫോൺ കണക്ഷൻ എങ്ങനെ സ്വന്തമാക്കാം?
മൂന്ന് വഴികളിലൂടെയാണ് കെഫോൺ കണക്ഷൻ ലഭ്യമാകുക.
1. 18005704466 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ച് കണക്ഷനായി അപേക്ഷിക്കാം.
2. പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ EnteKFON ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നമ്പരും പേരും നല്‍കി രജിസ്റ്റര്‍ ചെയ്ത് കണക്ഷനായി അപേക്ഷിക്കാം.
3. www.kfon.in എന്ന കെഫോണ്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച ശേഷം രജിസ്റ്റര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് സബ്‌സ്‌ക്രൈബര്‍ രജിസ്റ്റര്‍ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത ശേഷം പേരും മൊബൈല്‍ ഫോണ്‍ നമ്പരും കെ.എസ്.ഇ.ബി കണ്‍സ്യൂമര്‍ നമ്പര്‍, വിലാസം തുടങ്ങിയവ നല്‍കി കണക്ഷനായി അപേക്ഷിക്കാം.
299 രൂപ മുതല്‍ വിവിധ പ്ലാനുകള്‍ നിലവില്‍ കെഫോണില്‍ ലഭ്യമാണ്. താല്‍പര്യമുള്ള പ്ലാനുകള്‍ തിരഞ്ഞെടുത്ത് ഇന്റര്‍നെറ്റ് സേവനം ആസ്വദിക്കാം. വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഹൈസ്പീഡ് ഇന്റര്‍നെറ്റ് പ്ലാനുകള്‍ക്ക് പുറമേ അധിക നേട്ടങ്ങളും ഉപഭോക്താക്കള്‍ക്കായി കെ ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പുതുതായെത്തുന്ന ഉപഭോക്താക്കള്‍ക്ക് ആദ്യ ടേം റീച്ചാര്‍ജിനൊപ്പം അഡീഷണല്‍ വാലിഡിറ്റി കൂടാതെ ബോണസ് വാലിഡിറ്റി കൂടി ലഭിക്കും. 90 ദിവസത്തെ ക്വാട്ടര്‍ലി പ്ലാനിനായി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 15 ദിവസത്തെ അഡീഷണല്‍ വാലിഡിറ്റിക്കൊപ്പം അഞ്ചു ദിവസം ബോണസ് വാലിഡിറ്റി ഉള്‍പ്പടെ വെല്‍ക്കം ഓഫര്‍ വഴി 110 ദിവസം വാലിഡിറ്റി ലഭിക്കും. 180 ദിവസത്തെ ആറുമാസത്തെ പ്ലാനിനായി റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 30 ദിവസത്തെ അഡീഷണല്‍ വാലിഡിറ്റിക്കൊപ്പം 15 ദിവസത്തെ ബോണസ് വാലിഡിറ്റിയുള്‍പ്പടെ വെല്‍ക്കം ഓഫറിലൂടെ 225 ദിവസം വാലിഡിറ്റി ലഭിക്കും. ഒരു വര്‍ഷത്തേക്കുള്ള പ്ലാനിനായി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 45 ദിവസം അഡീഷണല്‍ വാലിഡിറ്റിയും 30 ദിവസം ബോണസ് വാലിഡിറ്റിയും ഉള്‍പ്പടെ 435 ദിവസം വാലിഡിറ്റിയും വെല്‍ക്കം ഓഫര്‍ വഴി നേടാനാകും. കെ ഫോണ്‍ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ കെ ഫോണ്‍ ഔദ്യോഗിക വെബ്സൈറ്റായ https://kfon.in/ ല്‍ സന്ദര്‍ശിക്കുകയോ 90616 04466 എന്ന വാട്സ്ആപ്പ് നമ്പരില്‍ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്താലും കെഫോണ്‍ പ്ലാനുകള്‍ അറിയാനാവും.
ഏറ്റവും കുറഞ്ഞ നിരക്കില്‍ മികച്ച സേവനം നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കെഫോണിന്റെ പ്രവര്‍ത്തനം. സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന നിരക്കുകളിലൂടെയും ആകര്‍ഷകമായ ഓഫറുകളിലൂടെയും കെഫോണ്‍ കൂടുതല്‍ ജനകീയമാകുകയാണ്.

Related Posts