ഒരു സമൂഹത്തിന്റെ പുരോഗതിയെ നിർണയിക്കുന്ന അടിസ്ഥാനസൗകര്യമാണ് ഇന്റർനെറ്റ്. വിദ്യാഭ്യാസം മുതൽ ആരോഗ്യസംരക്ഷണം വരെ, സർക്കാർ സേവനങ്ങൾ മുതൽ തൊഴിലും സംരംഭകത്വവും വരെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഡിജിറ്റൽ കണക്റ്റിവിറ്റി ഇന്ന് വളരെ വലിയ രീതിയിൽ സ്വാധീനിക്കുന്നു. അതിവേഗ ഇന്റർനെറ്റ് ഒരു ആഡംബരമല്ല, മറിച്ച് ഓരോ പൗരന്റെയും അവകാശവും വികസനത്തിന്റെ അനിവാര്യ ഘടകവുമായി മാറിയിരിക്കുന്ന കാലഘട്ടമാണിത്.
എന്നാൽ, ഈ ഡിജിറ്റൽ മുന്നേറ്റത്തിന്റെ ഗുണഫലങ്ങൾ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും ഒരുപോലെ എത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ഇന്നും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. നഗരങ്ങളിലെ അതിവേഗ ഡിജിറ്റൽ സേവനങ്ങളും ഗ്രാമങ്ങളിലെ പരിമിതമായ കണക്റ്റിവിറ്റിയും തമ്മിലുള്ള അന്തരം ഇന്നും പൂർണമായി ഇല്ലാതായിട്ടില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ, വിദൂര-മലയോര മേഖലകൾ, ആദിവാസി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ് സേവനങ്ങളുടെ ലഭ്യത ഇപ്പോഴും വെല്ലുവിളിയാണ്. ഇതിന്റെ പ്രത്യാഘാതം വിദ്യാഭ്യാസം, ആരോഗ്യപരിചരണം, തൊഴിൽ അവസരങ്ങൾ, ഇ-ഗവേണൻസ് സേവനങ്ങൾ, ഡിജിറ്റൽ സംരംഭകത്വം തുടങ്ങിയ മേഖലകളിലും പ്രകടമാണ്.
അതുകൊണ്ടുതന്നെ ഡിജിറ്റൽ വികസനം എന്നത് കൂടുതൽ ഫൈബർ ശൃംഖലകൾ സ്ഥാപിക്കുന്നതിലോ ഇന്റർനെറ്റ് വേഗത വർധിപ്പിക്കുന്നതിലോ ഒതുങ്ങുന്ന ഒന്നല്ല. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ഡിജിറ്റൽ അവസരങ്ങൾ ഉറപ്പാക്കുകയും, സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തിക്കുകയും ചെയ്യുന്നതാണ് യഥാർഥ ഡിജിറ്റൽ ഉൾക്കൊള്ളൽ.
2023-ൽ പ്രവർത്തനമാരംഭിച്ച കെഫോൺ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ശ്രദ്ധേയമായ വളർച്ചയാണ് കൈവരിച്ചത്. പ്രവർത്തനത്തിന്റെ ആദ്യ വർഷത്തിൽ സർക്കാർ സ്ഥാപനങ്ങളുൾപ്പെടെ സംസ്ഥാനത്താകെ 1,300-ലധികം കണക്ഷനുകൾ മാത്രമായിരുന്നു നൽകിയിരുന്നതെങ്കിൽ, ഇന്ന് ആ എണ്ണം 1,80,819 ആയി ഉയർന്നിരിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കായി ഇതിനോടകം 14,231 സൗജന്യ ബി.പി.എൽ കണക്ഷനുകൾ പൂർത്തിയാക്കിയിട്ടുണ്ട്. 2026-ഓടെ 2.5 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തിലേക്ക് അതിവേഗത്തിലാണ് കെഫോൺ മുന്നേറുന്നത്.
ചുരുങ്ങിയ കാലയളവിൽ കൈവരിച്ച ഈ വളർച്ച, കെഫോണിന് ലഭിച്ച ജനവിശ്വാസത്തിന്റെയും തുടർച്ചയായ പിന്തുണയുടെയും ഫലമാണ്. വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും വിശ്വസനീയമായ അതിവേഗ ഇന്റർനെറ്റ് സേവനം എത്തിക്കുന്നതിലൂടെ കെഫോൺ സംസ്ഥാനത്തിന്റെ ഡിജിറ്റൽ അടിസ്ഥാനസൗകര്യത്തെ ശക്തിപ്പെടുത്തുകയാണ്.
സെക്രട്ടറിയേറ്റടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിൽ കെഫോൺ കണക്റ്റിവിറ്റി ഉപയോഗിക്കുന്നതിലൂടെ ഇ-ഗവേണൻസ് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാകുകയും സർക്കാർ സേവനങ്ങൾ വേഗത്തിലും തടസ്സരഹിതമായും പൊതുജനങ്ങളിലേക്ക് എത്തിക്കാനും സാധിക്കുന്നു. സർക്കാർ സേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തനത്തിന് ആവശ്യമായ വിശ്വസനീയമായ നെറ്റ്‌വർക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിലും കെഫോൺ നിർണായക പങ്കുവഹിക്കുന്നു.
അതേസമയം, കെഫോണിന്റെ ഏറ്റവും വലിയ സാമൂഹിക ഇടപെടലുകളിൽ ഒന്നാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഡിജിറ്റൽ ലോകത്തിന്റെ അവസരങ്ങൾ സാമ്പത്തിക സാഹചര്യം മൂലം ആർക്കും നിഷേധിക്കപ്പെടരുതെന്ന ആശയമാണ് ഈ പദ്ധതിയുടെ അടിത്തറ. വിദ്യാഭ്യാസം, ഓൺലൈൻ പഠനം, ടെലിമെഡിസിൻ, തൊഴിൽ അവസരങ്ങൾ, ഇ-ഗവേണൻസ് സേവനങ്ങൾ തുടങ്ങി ഡിജിറ്റൽ ജീവിതത്തിന്റെ എല്ലാ സാധ്യതകളും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഫോൺ മുന്നേറുന്നത്.
കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും അതിവേഗ ഇന്റർനെറ്റ് എത്തിച്ച് ഡിജിറ്റൽ വിടവ് കുറയ്ക്കുകയും വിജ്ഞാനാധിഷ്ഠിത സമൂഹത്തിന്റെ വളർച്ചയ്ക്ക് ശക്തമായ അടിത്തറ ഒരുക്കുകയും ചെയ്യുന്ന പദ്ധതിയായി കെഫോൺ ഇന്ന് മാറിക്കൊണ്ടിരിക്കുകയാണ്.
കെഎസ്ഇബിയും കെഎസ്ഐടിഐഎലും ചേർന്ന് ലോകോത്തര നിലവാരത്തിലുള്ള ഫൈബർ ഒപ്റ്റിക് ശൃംഖലയാണ് കെഫോണിനായി ഒരുക്കിയിരിക്കുന്നത്. 10 KV ട്രാൻസ്മിഷൻ ലൈനുകളിലൂടെ സ്ഥാപിച്ച 2,600 കിലോമീറ്റർ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ കേബിളുകൾ ഉൾപ്പെടെ സംസ്ഥാനത്തുടനീളം 32,000 കിലോമീറ്ററിലധികം ഫൈബർ കേബിൾ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. കേരളത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് കണക്ഷനുകൾ എല്ലായിടത്തും എത്തിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി ഈ വെല്ലുവിളികളെയെല്ലാം മറികടക്കാൻ കെഫോണിന് കഴിഞ്ഞു. യാത്ര സൗകര്യങ്ങൾ പോലും പരിമിതമായ മലയോര മേഖലകളിലും വിദൂര പ്രദേശങ്ങളിലും കണക്ഷനുകൾ നൽകാനായി എന്നത് കെഫോൺ ചരിത്രത്തിലെ നാഴികക്കല്ലാണ്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനൊപ്പം സാമ്പത്തിക-സാമൂഹിക വേർതിരിവുകൾ ഇല്ലാതെ എല്ലാവരിലേക്കും കണക്ഷനുകൾ എത്തിക്കുവനാണ് കെഫോൺ ലക്ഷ്യമിടുന്നത്. ഇതുവരെയും കണക്ഷനുകൾ നൽകിയതിൽ മുന്നിട്ട് നിൽക്കുന്നത് മലപ്പുറം ജില്ലയാണ്. കെഫോണിന്റെ ഈ ജൈത്രയാത്രയിൽ എടുത്ത് പറയേണ്ടത് ഓപ്പറേറ്റർമാരുടെ സേവനങ്ങളാണ്. ഓരോ പ്രദേശത്തെയും ഓപ്പറേറ്റർമാർ നൽകുന്നത് മികച്ച രീതിയിലുള്ള സേവനങ്ങൾ കെഫോണിന്റെ വളർച്ചയിലെ പ്രധാന ഘടകങ്ങളിലൊന്നാണ്. കൂടാതെ ഉപഭോക്താക്കൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും കെഫോണിന്റെ സവിശേഷതകളിൽ ഒന്നാണ്.
ഗ്രാമ നഗര വ്യത്യാസങ്ങളില്ലാതെ സുതാര്യവും വേഗതയേറിയതുമായ ഇന്റർനെറ്റ് ലഭ്യമാക്കാനായി ആരംഭിച്ച ഈ പദ്ധതി രാജ്യത്തെ തന്നെ ആദ്യ സർക്കാർ ഉടമസ്ഥതയിലുള നെറ്റുവർക്കാണ്. രാജ്യത്തിൻറെ തന്നെ അഭിമാനമായി കേരളത്തെ ഉയർത്താൻ കഴിയുന്ന ഈ പ്രൊജക്ടിൽ ഡാര്‍ക് ഫൈബര്‍, ഫൈബര്‍ ടു ദ ഹോം, ഇന്റര്‍നെറ്റ് ലീസ് ലൈന്‍ എന്നിങ്ങനെയുള്ള മോണിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നു.
ഡിജിറ്റൽ വിഭജനം ഒഴിവാക്കി കേരളത്തെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാക്കി മാറ്റുന്നതിനും കെഫോൺ ശ്രമിക്കുന്നു. ഇതിനുദാഹരണമാണ് കണക്ടിംഗ് ദി അൺകണക്ടഡ് പോലുള്ള കെഫോണിന്റെ പദ്ധതികൾ. ഇതുവഴി അട്ടപ്പാടി ,പേര്യ 34 പോലുള്ള പ്രദേശങ്ങളിലും മറ്റും കണക്ഷനുകൾ എത്തിക്കാൻ കെഫോണിന് കഴിഞ്ഞിട്ടുണ്ട്. കെഫോൺ പദ്ധതിയിലൂടെ സംസ്ഥാനത്തെ 14 ജില്ലകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനും എല്ലാ പ്രദേശങ്ങളിലേക്കും ഒരു പോലെ വ്യത്യസ്തതകളില്ലാതെ കണക്ഷനുകൾ എത്തിക്കാനും കെഫോൺ വഴി സാധിക്കുന്നു.
2022 ജൂലൈയിലാണ് അടിസ്ഥന സേവന സൗകര്യങ്ങൾ നൽകുന്നതിനുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് കെഫോണിന് ലഭിച്ചത്. പിന്നീട് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സും ദേശീയ തലത്തില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കാനുള്ള ഐഎസ്പിഎ (ഇന്‍ര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ – കാറ്റഗറി എ) ലൈസന്‍സും കെഫോൺ സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ രാജ്യത്തെവിടേയും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ കെഫോണിന് കഴിയും. ദീർഘവീക്ഷണവും ഉയർന്ന നിലവാരമുള്ള ഓപ്റ്റിക്കൽ ഫൈബർ ശൃംഖലയും ശക്തമായ നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറും കെഫോണിനെ ഇന്ത്യയിലെ ഏറ്റവും മികച്ച ഡിജിറ്റൽ ബാക്ക്ബോൺ ആയി മാറ്റാൻ സഹായിച്ചിട്ടുണ്ട്. കൂടാതെ വളരെ വിപുലമായ നെറ്റ്‌വർക്ക് സംവിധാനങ്ങൾ കെഫോണിനുണ്ട്. മറ്റ് ഐഎസ്പികളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ നെറ്റ്‌വർക്ക് കെഫോണിന്റേതാണ്.
അതിവേഗത്തിൽ വർധിച്ചുവരുന്ന ഉപഭോക്തൃ അടിത്തറയ്ക്കനുസരിച്ച് ശൃംഖലയുടെ ശേഷിയും സേവന നിലവാരവും തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും കെഫോൺ സ്വീകരിച്ചുവരികയാണ്. അതിന്റെ ഭാഗമായാണ് ഉപഭോക്താക്കൾക്ക് കൂടുതൽ വേഗതയേറിയതും സ്ഥിരതയാർന്നതുമായ ഇന്റർനെറ്റ് അനുഭവം ഉറപ്പാക്കുന്നതിനായി ഗൂഗിൾ കാഷിംഗ് സാങ്കേതികവിദ്യ പ്രവർത്തനക്ഷമമാക്കിയത്.
കൊച്ചിയിലെ നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്ററിൽ സ്ഥാപിച്ചിരിക്കുന്ന ഈ സംവിധാനം, ഗൂഗിൾ സേവനങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പ്രാദേശികമായി ലഭ്യമാക്കുന്നതിനാൽ ഡാറ്റാ ലഭ്യതയുടെ വേഗത ഗണ്യമായി വർധിപ്പിക്കുന്നു. ഇതിലൂടെ യൂട്യൂബ് ഉൾപ്പെടെയുള്ള വീഡിയോ സ്ട്രീമിംഗ് കൂടുതൽ തടസ്സരഹിതമാകുകയും, വെബ് ബ്രൗസിംഗ്, ആപ്പ് ഉപയോഗം, ഫയൽ ഡൗൺലോഡുകൾ എന്നിവ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും അനുഭവിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുകയും ചെയ്യും.
അതോടൊപ്പം, ഡാറ്റാ ലാറ്റൻസി കുറയ്ക്കാനും നെറ്റ്‌വർക്ക് ട്രാഫിക് കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കാനും ഇന്റർനാഷണൽ ബാൻഡ്‌വിഡ്ത്തിന്റെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്താനും ഈ സാങ്കേതികവിദ്യ സഹായകമാകും. ഉപഭോക്താക്കളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലും സേവനത്തിന്റെ ഗുണനിലവാരവും സ്ഥിരതയും ഉറപ്പാക്കാൻ ഈ നവീകരണം കെഫോണിന് കരുത്തേകും.
ഡിജിറ്റൽ അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പം അത്യാധുനിക സാങ്കേതികവിദ്യകളും സേവനങ്ങളിൽ ഉൾപ്പെടുത്തിക്കൊണ്ട്, രാജ്യാന്തര നിലവാരത്തിലുള്ള ബ്രോഡ്ബാൻഡ് അനുഭവം കേരളത്തിലെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഫോൺ മുന്നേറുന്നത്.
കെഫോണിന്റെ വളർച്ചയ്ക്ക് കൂടുതൽ കരുത്തേകുന്നതാണ് 2026-27 സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 88.87 കോടി രൂപയുടെ നീക്കിയിരുപ്പ്. ശൃംഖലയുടെ വിപുലീകരണം, സാങ്കേതിക നവീകരണം, പ്രവർത്തന സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തൽ, ആദിവാസി മേഖലയുൾപ്പെടെയുള്ള പുതിയ പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കൽ, സോളാർ അധിഷ്ഠിത അടിസ്ഥാനസൗകര്യ വികസനം എന്നിവയ്ക്കാണ് ഈ തുക പ്രധാനമായും വിനിയോഗിക്കുക.
വളരുന്ന ഉപഭോക്തൃ അടിത്തറയ്ക്കനുസരിച്ച് ശൃംഖലയുടെ ശേഷിയും സേവനങ്ങളുടെ കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് ഈ നിക്ഷേപം നിർണായകമാകും. ഇതിനകം കൈവരിച്ച വളർച്ചയുടെ ആക്കം നിലനിർത്തുന്നതിനും സംസ്ഥാനത്തിന്റെ ഡിജിറ്റൽ അടിസ്ഥാനസൗകര്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള ഉറച്ച പിന്തുണയായാണ് ഈ ബജറ്റ് നീക്കിയിരുപ്പിനെ വിലയിരുത്തുന്നത്.
കണക്ഷനുകളുടെ എണ്ണം വർധിപ്പിക്കുന്നതിൽ മാത്രമല്ല, സേവനങ്ങളുടെ ഗുണനിലവാരവും ശൃംഖലയുടെ കാര്യക്ഷമതയും ഉയർത്തുന്നതിലും കെഫോൺ ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന ഡാറ്റാ ഉപയോഗത്തിനും ഭാവിയിലെ ഡിജിറ്റൽ ആവശ്യങ്ങൾക്കും അനുസരിച്ച് നെറ്റ്‌വർക്ക് അടിസ്ഥാനസൗകര്യങ്ങൾ തുടർച്ചയായി നവീകരിക്കുന്നതിനാണ് കെഫോൺ മുൻഗണന നൽകുന്നത്. ഗൂഗിൾ കാഷിംഗ് സാങ്കേതികവിദ്യയുടെ വിന്യാസം ഈ നവീകരണത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. അതോടൊപ്പം ശൃംഖലയുടെ ശേഷി വർധിപ്പിക്കുന്നതിനും സേവനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനും പ്രവർത്തന സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള വിവിധ സാങ്കേതിക ഇടപെടലുകളും നടപ്പിലാക്കിവരുന്നു. ഉപഭോക്താക്കൾക്ക് രാജ്യാന്തര നിലവാരത്തിലുള്ള ബ്രോഡ്ബാൻഡ് അനുഭവം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെഫോൺ തുടർച്ചയായ സാങ്കേതിക നവീകരണങ്ങൾക്ക് പ്രാധാന്യം നൽകുന്നത്.
കേവലമൊരു ഇന്റർനെറ്റ് കണക്ഷൻ മാത്രമായി ഒതുങ്ങാതെ വിനോദമേഖലയിലും ഒടിടി സേവനങ്ങൾ ലഭ്യമാക്കികൊണ്ട് കെഫോൺ മുദ്ര പതിപ്പിച്ചിട്ടുണ്ട്. കെഫോൺ ഒടിടി സേവനങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. 29 ഒടിടി പ്ലാറ്റ്‌ഫോമുകളും 350-ലധികം ഡിജിറ്റൽ ടിവി ചാനലുകളും ഉൾപ്പെടുന്ന കെഫോൺ ഒടിടി സേവനങ്ങൾ 444 രൂപ മുതലുള്ള പാക്കേജുകളിൽ ലഭ്യമാണ്. സ്റ്റാർ, വൈബ്, വൈബ് പ്ലസ്, അമേസ്, അമേസ് പ്ലസ് എന്നീ അഞ്ച് വ്യത്യസ്ത പാക്കേജുകൾ കെഫോൺ ഒ.ടി.ടിയിൽ ലഭ്യമാകുന്നുണ്ട്. 3 മാസം, 6 മാസം, 1 വർഷം തുടങ്ങിയ പാക്കേജുകളാണ് കെഫോൺ ഒടിടിയിൽ ലഭ്യമാക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റുഫോമുകളായ ആമസോൺ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ ഫൈവ് മുതലായവ ഉൾപ്പെടുന്നതാണ് കെഫോൺ ഒടിടി.
പത്ത് മാസങ്ങൾക്കുള്ളിൽ 4,000ത്തിലധികം സജീവ ഉപഭോക്താക്കളെ സ്വന്തമാക്കിയ കെഫോൺ ഒ.ടി.ടി., അതിവേഗ ബ്രോഡ്ബാൻഡ് സേവനത്തിൽ നിന്ന് സമഗ്ര ഡിജിറ്റൽ സേവനങ്ങളിലേക്കുള്ള കെഫോണിന്റെ വളർച്ചയുടെ മറ്റൊരു നാഴികക്കല്ലായി മാറിയിരിക്കുകയാണ്. വിനോദവും വിജ്ഞാനാധിഷ്ഠിത ഉള്ളടക്കങ്ങളും ഒരേ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യവർധിത സേവനങ്ങൾ ഒരുക്കുകയാണ് കെഫോൺ. നിലവിലുള്ള ഉള്ളടക്ക ശേഖരം കൂടുതൽ വിപുലീകരിക്കുന്നതിനൊപ്പം ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്ന പുതിയ ഫീച്ചറുകളും പങ്കാളിത്തങ്ങളും ഉൾപ്പെടുത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ബ്രോഡ്ബാൻഡ് സേവനത്തിനൊപ്പം മൂല്യവർധിത ഡിജിറ്റൽ സേവനങ്ങളും ലഭ്യമാക്കുന്ന മാതൃകയിലൂടെ സംസ്ഥാനത്തിന്റെ മാറുന്ന ഡിജിറ്റൽ ആവശ്യങ്ങൾ നിറവേറ്റുകയാണ് കെഫോൺ ലക്ഷ്യമിടുന്നത്.
കെഫോണിന്റെ ലക്ഷ്യവും പ്രവർത്തനങ്ങളും മറ്റു സംസ്ഥാനങ്ങളും ഉറ്റു നോക്കുന്നവയാണ്. മറ്റു സംസ്ഥാനങ്ങളും കേരളത്തിന്റെ പാതയിലൂടെ തങ്ങളുടെ ജനങ്ങൾക്ക് സുതാര്യവും വേഗതയേറിയതുമായ ഇന്റർനെറ് ലഭ്യമാക്കാൻ ശ്രമങ്ങൾ തുടങ്ങി എന്നുള്ളതിന്റെ ഉദാഹരണമാണ് തമിഴ്‌നാട് സർക്കാർ പ്രതിനിധികൾ കെഫോൺ ഓഫീസ് സന്ദർശിക്കുകയും കെഫോണിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, അംഗൻവാടികൾ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെല്ലാം തന്നെ കെഫോൺ കണക്ഷനുകൾ എത്തിക്കാൻ സാധിച്ചിട്ടുണ്ട്. അങ്കണവാടികളിൽ ഇന്റർനെറ്റ് ലഭ്യമാകുന്നതിലൂടെ കുരുന്നുകൾക്ക് ഡിജിറ്റൽ വിസ്മയത്തിന്റെ പുതിയൊരു ലോകം തന്നെ തുറന്നു കൊടുക്കുന്നതിന് സാധിക്കുന്നു. വിദ്യാലയങ്ങളിലേക്ക് വരുമ്പോൾ ഡിജിറ്റൽ ക്ലാസ് മുറികളും വിരൽത്തുമ്പിൽ ലഭ്യമാകുന്ന അറിവിന്റെ ലോകവും പുതു തലമുറയെ ഡിജിറ്റൽ വികസനത്തിന്റെ ഭാഗമാക്കി മാറ്റുന്നു. ആരോഗ്യ മേഖലയിലും കെഫോൺ സജീവമാണ്. കണക്ഷനുകൾ ലഭിച്ചതോടെ ആരോഗ്യമേഖല ഡിജിറ്റലൈസായി മാറുകയും ദൈനംദിന പ്രവർത്തനങ്ങൾ എളുപ്പമാവുകയും ചെയ്തു.
ഒരു ടെലികോം സേവനദാതാവ് എന്നതിലുപരി കേരളത്തിന്റെ ഡിജിറ്റൽ ഭാവി രൂപപ്പെടുത്തുന്ന അടിസ്ഥാനസൗകര്യ പദ്ധതിയായി വളർന്നിരിക്കുകയാണ് കെഫോൺ. അതിവേഗ ഇന്റർനെറ്റ് സേവനം എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തെ സാമൂഹിക ഉത്തരവാദിത്തത്തോടും സാങ്കേതിക മികവോടും ചേർത്തുനിർത്തുന്ന മാതൃകയാണ് കെഫോൺ മുന്നോട്ടുവയ്ക്കുന്നത്. ഡിജിറ്റൽ സേവനങ്ങളിലേക്കുള്ള സമാനമായ പ്രവേശനം ഉറപ്പാക്കുന്നതിലൂടെ വിദ്യാഭ്യാസം, ആരോഗ്യം, ഭരണസേവനങ്ങൾ, തൊഴിൽ, സംരംഭകത്വം തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ ഈ പദ്ധതിക്ക് സാധിക്കുന്നു.
ഡിജിറ്റൽ അടിസ്ഥാനസൗകര്യം ഒരു സംസ്ഥാനത്തിന്റെ വികസനത്തിന്റെ അളവുകോലായി മാറുന്ന കാലഘട്ടത്തിൽ, ഭാവിയുടെ ആവശ്യങ്ങൾ മുൻകൂട്ടിക്കണ്ട് ശക്തമായ കണക്റ്റിവിറ്റിയും ആധുനിക സാങ്കേതികവിദ്യയും എല്ലാവരിലേക്കും എത്തിക്കാനുള്ള ശ്രമമാണ് കെഫോൺ തുടരുന്നത്. ഒരു ഇന്റർനെറ്റ് ശൃംഖല എന്നതിലുപരി, കൂടുതൽ ഉൾക്കൊള്ളുന്നതും വിജ്ഞാനാധിഷ്ഠിതവും സാങ്കേതികമായി ശാക്തീകരിക്കപ്പെട്ടതുമായ കേരളത്തിലേക്കുള്ള യാത്രയുടെ സുപ്രധാന അടിത്തറയായി കെഫോൺ മാറിക്കൊണ്ടിരിക്കുകയാണ്.
