Home » Blog » kerala Max » ‘അമ്മ’യെ വെട്ടിലാക്കി ശ്വേത; സത്യാഗ്രഹം നടത്തുമെന്ന് ഉഷ
swetha

അമ്മ ജനറല്‍ ബോഡിയില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജി പ്രഖ്യാപിച്ച ശ്വേതാ മേനോന്റെ പുതിയ നിലപാട് താരസംഘടന അമ്മയെ വെട്ടിലാക്കി. കണക്കും റിപ്പോർട്ടും അവതരിപ്പിക്കുന്നതില്‍ പാളിപ്പോയ ശ്വേത ജനറല്‍ ബോഡിയില്‍ താനും തന്റെ ടീമും രാജി വയ്ക്കുന്നു എന്നാണ് ജനറല്‍ ബോഡിയില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ ശ്വേത നിലപാട് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് ‘അമ്മ’ പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന സൂചന ശ്വേത നൽകിയത്. ഇതോടെയാണ് നടി ഉഷ രംഗത്തുവന്നത്.

സ്ഥാനമൊഴിയാതെ കടിച്ചുതൂങ്ങാൻ ആണ് ഉദ്ദേശമെങ്കിൽ സംഘടനയിലെ സ്ത്രീകൾ സംഘടിച്ച് അമ്മയുടെ ഓഫീസിൽ സത്യാഗ്രഹ സമരം നടത്തുമെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ഉഷ മുന്നറിയിപ്പ് നൽകിയത്. സംഘടനയുടെ നിലനിൽപ്പാണ് ആവശ്യം. അതുതകർക്കാൻ ആരെയും സമ്മതിക്കില്ലെന്നും ഉഷ വ്യക്തമാക്കുന്നു. ഇതോടെ വെട്ടിലായത് അമ്മയാണ്. ശ്വേത രാജി വച്ചു എന്ന് പറഞ്ഞതോടെ രമേശ് പിഷാരടി എംഎല്‍എയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.

ഒമ്പതംഗ അഡ്ഹോക്ക് കമ്മിറ്റിയാണ് നിലവിൽ രൂപീകരിച്ചിരുന്നത്. കെ. ബി. ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണ പ്രഭ, ആശാ അരവിന്ദ്, ഷാജോണ്‍, ദേവി ചന്ദന എന്നിവരാണ് അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങൾ. എന്നാല്‍ പ്രസിഡന്റ് ആയ ശ്വേത രാജി നല്‍കിയിട്ടില്ല. വെറും വാക്കാല്‍ പറയുക മാത്രമാണ് ചെയ്തത്. രാജി നല്‍കാതെ എങ്ങനെ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കും എന്നാണ് ഇപ്പോള്‍ അമ്മയില്‍ ഉയരുന്ന ചോദ്യം. തന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി പിന്മാറില്ല എന്നാണ് ശ്വേത പറയുന്നത്. താൻ അമ്മയെ അനാഥമാക്കിയിട്ടില്ല. അമ്മയെ ഹൈജാക്ക് ചെയ്യാൻ ആരെയും സമ്മതിക്കില്ല. അമ്മയുടെ ബൈലോയിൽ അഡ്‌ഹോക് കമ്മിറ്റി എന്നൊരു സംവിധാനമില്ല. ഒരു കമ്മിറ്റി രാജിവെച്ചാൽ തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി ചുമതലയേൽക്കുന്നതുവരെ പഴയ കമ്മിറ്റിക്കാണ് ചുമതല. മോഹൻലാൽ നേതൃത്വം നൽകിയ കമ്മിറ്റി രാജിവെച്ചപ്പോഴും ഇതേ വ്യവസ്ഥ തന്നെയായിരുന്നു. പിന്നെന്തുകൊണ്ടാണ് തങ്ങളുടെ കമ്മിറ്റിക്കുമാത്രം മറ്റൊരു നിയമം എന്നും ശ്വേത ചോദിച്ചു.

അഡ്‌ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ല. അവർ അമ്മ അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി ചുമതലയേൽക്കുന്നതുവരെ നിയമപരമായി തുടരേണ്ടത് തങ്ങളുടെ കമ്മിറ്റിയാണെന്നാണ് ഇപ്പോള്‍ ശ്വേതയുടെ ഭാഷ്യം. എന്തായാലും അമ്മയില്‍ പ്രശ്നങ്ങള്‍ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. അന്‍സിബയെ ജിഹാദി എന്നൊക്കെ വിളിച്ച് അധിക്ഷേപിച്ചതിന് നടന്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ ആണ് കോടതി ഉത്ത്രവിട്ടിരിക്കുന്നത്. നടന്‍ ഇന്നസെന്റിന്‍റെ കാല ശേഷം ഒരു ലക്കും ലഗാനുമില്ലാതെയാണ് അമ്മയുടെ പോക്ക്. അമ്മയിലെ പ്രശ്നങ്ങള്‍ ഇവിടെ ചെന്ന് അവസാനിക്കും എന്നാണ് ഇപ്പോള്‍ ഉറ്റുനോക്കപ്പെടുന്നത്.