Home » Blog » Kerala » മൂന്ന് ജില്ലാ സെക്രട്ടറിമാരും ഒപ്പം പാര്‍ട്ടിയും പ്രതി; കുരുക്കഴിക്കാന്‍ കഴിയാതെ സിപിഎം
karuvannurbankscam

കേരളത്തിലെ സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായാണ് ബാങ്ക് തട്ടിപ്പ് കേസില്‍ ജില്ലാ സെക്രട്ടറിമാര്‍ക്കൊപ്പം സിപിഎമ്മും പ്രതിയായി മാറുന്നത്. തൃശൂരിലെ മൂന്നു മുന്‍ ജില്ലാ സെക്രട്ടറിമാരാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായി മാറിയത്. അനുബന്ധ കുറ്റപത്രത്തിലാണ് നേതാക്കളുടെ പേരുകള്‍ ഉള്ളത്. ഇവര്‍ക്ക് സമന്‍സ് അയക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറെറ്റ് എടുത്ത കള്ളപ്പണക്കേസിലാണ് സിപിഎമ്മിന് കുരുക്ക്. പ്രതികൾ നേരിട്ടോ അല്ലാതെയോ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ പങ്കാളികളായിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഇ.ഡി ഹാജരാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയത്.

പ്രതിയായ കെ.രാധാകൃഷ്ണന്‍ എംപിയും എ.സി.മൊയ്തീന്‍ എംഎല്‍എയുമാണ്‌. വര്‍ഗീസ്‌ ആണെങ്കില്‍ സിപിഎമ്മിന്റെ തൃശൂരെ പ്രമുഖനായ സിപിഎം നേതാവും. കേസ് കെട്ടിച്ചമച്ചതാണെന്ന് നേതാക്കള്‍ കോടതിയില്‍ വാദിച്ചെങ്കിലും വാദം കോടതി തള്ളുകയായിരുന്നു. പ്രതി ചേർക്കപ്പെട്ട മുഴുവൻ ആളുകളോടും ജൂലൈ നാലിന് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ബാങ്കില്‍ നിന്നും പണം തട്ടിയതില്‍ പങ്കുണ്ട് എന്നതുകൊണ്ടാണ് നേതാക്കളെയും പാര്‍ട്ടിയെയും ഇഡി പ്രതി ചേര്‍ത്ത് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. അതുകൊണ്ട് തന്നെ സ്ഥിരം ന്യായീകരണം കരുവന്നൂര്‍ കേസില്‍ സിപിഎമ്മിന് പറയാനും കഴിയില്ല.

ജില്ലാ സെക്രട്ടറിയായിരുന്ന വര്‍ഗീസ്‌ ബില്‍ഡിംഗ്‌ ഫണ്ട് അക്കൗണ്ടിലേക്ക് വന്ന അനധികൃത കമ്മിഷന്‍ ഉപയോഗിച്ച് സ്വന്തം പേരില്‍ പാര്‍ട്ടി ഓഫീസിനു സ്ഥലം വാങ്ങി. മൊയ്തീന്‍ അനധികൃത വായ്പകള്‍ നല്‍കാന്‍ ബാങ്കില്‍ സമ്മര്‍ദം ചെലുത്തി. പാര്ട്ടീ ഓഫീസിനു പണത്തിനായുള്ള ബാങ്ക് അക്കൗണ്ടിലേക്ക് കമ്മിഷന്‍ തുക ഇടാന്‍ രാധാകൃഷ്ണനാണ് നിര്‍ദ്ദേശം നല്‍കിയത്. ഇതെല്ലാം ഇവര്‍ക്ക് എതിരേയുള്ള തട്ടിപ്പ് തെളിവുകളുമായി. കോടിക്കണക്കിനു രൂപയുടെ ബിനാമി വായ്പ നല്‍കി. ഒരേ ഭൂമി തന്നെ പല വായ്പകള്‍ക്കും ഈടു നല്‍കി. തട്ടിപ്പ് പണം വ്യവസായത്തിലേക്കും റിയല്‍ എസ്റ്റെറ്റിലേക്കും വഴി മാറ്റി എന്നൊക്കെയാണ് ഇഡി കണ്ടെത്തിയത്. ഇതെല്ലാം സിപിഎമ്മിന് കുരുക്കാണ്‌. പ്രതിരോധിക്കാനും പ്രയാസമാണ്.

പാര്‍ട്ടി നേതാക്കളെ ബിജെപി നീക്കത്തിന്റെ ഭാഗമായാണ് ഇഡി നടപടി എന്നാണ് സിപിഎം ആക്ഷേപിക്കുന്നത്. ബിജെപിയുടെ ഗൂഡലക്ഷ്യമാണ്‌ ഇഡി നീക്കത്തിനു പിന്നില്‍ എന്നാണ് പാര്‍ട്ടി ആരോപിക്കുന്നത്. എന്തായാലും കരുവന്നൂരില്‍ സിപിഎം പ്രതിസന്ധിയിലാണ്. ഒരു എംപിയും എംഎല്‍എയും ബാങ്ക് തട്ടിപ്പില്‍ പ്രതിയായി വിചാരണ നേരിടേണ്ടി വരുന്ന അവസ്ഥ സിപിഎമ്മിനെ സംബന്ധിച്ച് വലിയ ക്ഷീണമാണ്. അതുകൊണ്ട് തന്നെ കേസില്‍ പാര്‍ട്ടിക്ക് കരുതി നീങ്ങേണ്ടിവരും.