സിപിഎമ്മിന്റെ പ്രബല നേതാക്കള്‍ കോണ്‍ഗ്രസില്‍ പോയി എംഎല്‍എമാരായാല്‍ എവിടെ ക്ഷീണം ചെയ്തില്ലെങ്കിലും സഭയില്‍ നിയമസഭയില്‍ ക്ഷീണമാകും. അതാണ് സിപിഎം ഇപ്പോള്‍ അറിഞ്ഞുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ എത്തിയ മൂന്നു നേതാക്കളാണ് എംഎല്‍എമാരായത്. ജി.സുധാകരനും, ടി.കെ.ഗോവിന്ദനും കുഞ്ഞികൃഷ്ണനും. സിപിഎം കോട്ടയില്‍ പൊട്ടിത്തെറി സൃഷ്ടിച്ചാണ് ഇവര്‍ പാര്‍ട്ടിക്ക് വെല്ലുവിളി ഉയര്‍ത്തി യുഡിഎഫ് പക്ഷത്തേക്ക് പോയത്. ആലപ്പുഴയിലെ സിപിഎമ്മിന്റെ കരുത്തനായിരുന്ന സുധാകരനും ഗോവിന്ദനും കുഞ്ഞുകൃഷ്ണനുമൊക്കെ ഇപ്പോള്‍ സഭയില്‍ സിപിഎമ്മിന് വലിയ തലവേദനയാണ്.
സിപിഎമ്മിനെ അറിഞ്ഞ് വിമര്‍ശിക്കാന്‍ കഴിയുന്നുവന്നതാണ് ഇവരുടെ വിമര്‍ശനത്തിന്റെ ശക്തി കൂട്ടുന്നത്. ഇതിനു ഒന്നാന്തരം ഉദാഹരണമാണ് കഴിഞ്ഞ ദിവസത്തെ എംഎല്‍എ ഓഫീസ് ഉദ്ഘാടനത്തിനിടെയുള്ള ജി.സുധാകരന്റെ പ്രസംഗം. സഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിച്ചപ്പോൾ മറുപടി പറയാൻ ഒരാൾക്കും കഴിയുന്നില്ലെന്നാണ് സുധാകരന്‍ പറഞ്ഞത്. സഭയില്‍ പ്രതിപക്ഷത്തിന്റെ സ്ഥിതി പരമദയനീയമാണ്. ഈ അവസ്ഥ കണ്ടിട്ട് സങ്കടം തോന്നുന്നു. പിണറായി വിജയന്‍ സഭയില്‍ ഇരിക്കുന്നത് നനഞ്ഞ കോഴിയെപ്പോലെയാണ്. തോമസ് ഐസക്ക് സഭയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്തെങ്കിലും പറഞ്ഞേനെ. ഇടത്തോട്ടു മുണ്ടുടുത്താൽ ഇടതുപക്ഷമാകില്ല. ബാലഗോപാലിനു സഭയില്‍ മിണ്ടാട്ടമില്ല. ഭരണപക്ഷത്തെ വിമര്‍ശിക്കാന്‍ അറിയുന്ന ഒരാള്‍ പോലും പ്രതിപക്ഷ നിരയിലല്ലാ എന്നുമാണ് സുധാകരന്‍ പറഞ്ഞത്.
താന്‍ കോണ്‍ഗ്രസില്‍ എത്തിയതിനെ സിപിഎം വിമര്‍ശിക്കുന്നു. അമ്പലപ്പുഴയിൽ താൻ കോൺഗ്രസിന്റെ ചെളിക്കുണ്ടിലേക്ക് പോകുമെന്ന് പിണറായി വിജയൻ പ്രസംഗിച്ചു. സിപിഎം ഇന്ന് എവിടെയാണുള്ളത്? കേരളം വിട്ടാല്‍ സിപിഎം നില്‍ക്കുന്നത് കോണ്‍ഗ്രസിന്റെ തണലിലാണ്. ഇതുവരെ സുധാകര വിമര്‍ശനത്തിനു പ്രതിപക്ഷം മറുപടി പറഞ്ഞിട്ടില്ല. സഭയില്‍ പ്രതിപക്ഷത്തിന്റെ അവസ്ഥ ദയനീയം തന്നെയാണെന്നതിന്റെ സൂചന കൂടിയാണിത്. ഗോവിന്ദനും കുഞ്ഞികൃഷ്ണനും കൂടി സഭയില്‍ വിമര്‍ശിച്ച് തുടങ്ങുമ്പോള്‍ സിപിഎമ്മിന് ഈ വിമര്‍ശനത്തിന്റെ ചൂടറിയാന്‍ കഴിയും.
140 അംഗ നിയമസഭയില്‍ 35 എന്ന സംഖ്യ മാത്രമാണ് പ്രതിപക്ഷത്തിനു ഉള്ളത്. പ്രതിപക്ഷത്ത് ആണെങ്കില്‍ ഭിന്നത രൂക്ഷവുമാണ്. ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് ലഭിക്കാത്തതിനാല്‍ സിപിഐ സിപിഎമ്മിനോട് കടുത്ത അകല്‍ച്ചയിലാണ്. അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതില്‍ കൂടി വിട്ട് നിന്ന് പ്രതിഷേധത്തിന്റെ ആഴം സിപിഎമ്മിന് സിപിഐ ബോധ്യപ്പെടുത്തിക്കൊടുത്തിട്ടുമുണ്ട്. സിപിഐ എതിര്‍പ്പ് കടുപ്പിച്ചതിനാല്‍ സഭ തുടങ്ങിയിട്ടും സംയുക്ത നിയമസഭാ കക്ഷിയോഗം കൂടാന്‍ ഇതേവരെ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടുമില്ല. ഈ അവസ്ഥയില്‍ തുടരുമ്പോള്‍ തന്നെയാണ് സുധാകരനെപ്പോലുള്ളവര്‍ ഉതിര്‍ക്കുന്ന അതിനിശിതമായ വിമര്‍ശനവും. എന്തായാലും പ്രതിപക്ഷ നേതൃസ്ഥാനം പിണറായി വിജയന് അഗ്നിപരീക്ഷയായി മാറുക തന്നെയാണ്.
