സിഎംആര്‍എല്‍-എക്സാലോജിക്ക് മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അന്വേഷണം ഗള്‍ഫിലേക്കും നീളുന്നു. ദുബായിലെ ചില ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാനാണ് ഇഡി നീക്കം നടത്തുന്നത്. മാസപ്പടി കേസില്‍ പിണറായി വിജയന്റെ വീട്ടില്‍ നടന്ന ഇഡി റെയ്ഡിനു നേരെ സിപിഎം നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഇഡി ഡയറക്ടര്‍ കൊച്ചിയിലെത്തി നടത്തിയ മീറ്റിംഗിലാണ് ഈ തീരുമാനം. വിദേശത്തുള്ള അന്വേഷണം വീണ വിജയനെ മാത്രമല്ല പിണറായി വിജയനെക്കൂടി ബാധിക്കുന്നതാണ്. പിണറായിയുടെ മകന് ജോലി ചെയ്യുന്നത് വിദേശ ബാങ്കിലാണ്. മുഖ്യമന്ത്രിയായിരിക്കെ പിണറായിയുടെ അടിക്കടിയുള്ള ഗള്‍ഫ് സന്ദര്‍ശനവും ഇടപാടുകളുമൊക്കെ പാര്‍ട്ടിയിലും പുറത്തും ചര്‍ച്ചാവിഷയമായിരുന്നു.
എന്നാല്‍ മാസപ്പടി കേസില്‍ വീണ വിജയന് എതിരേ മാത്രമാണ് അന്വേഷണമെന്നാണ് ഇഡി വ്യക്തമാക്കിയത്. പിണറായിയുടെ തിരുവനന്തപുരത്തുള്ള വീട്ടില്‍ റെയ്ഡ് നടന്നപ്പോഴും പിണറായിയെ ചോദ്യം ചെയ്യാന്‍ ഇഡി മുതിര്‍ന്നിരുന്നില്ല. മാസപ്പടി കേസില്‍ പിണറായിയെ നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകളും ഇഡിക്ക് ലഭിച്ചില്ലെന്നാണ് സൂചന. എന്നാല്‍ തിരുവനന്തപുരത്ത് നടന്ന ഇഡി റെയ്ഡിലെ അക്രമം ഇഡിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. വളരെ ഗൌരവമായാണ് ഇഡി എടുത്തത്.
മാസപ്പടി കേസ് അന്വേഷണം നടക്കുമ്പോഴൊന്നും ഇഡി ഡയരക്ടര്‍ നേരിട്ടെത്തി നിര്‍ദേശം നല്‍കിയിട്ടില്ല. എന്നാല്‍ ആക്രമണത്തിനു ശേഷം സ്ഥിതി മാറി. ഇഡി ഡയരക്ടര്‍ തന്നെ നേരിട്ട് വരുകയും കേസില്‍ പഴുതടച്ച അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയും നിലവിലെ അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. കൊച്ചിയിലെ ഈ യോഗത്തില്‍ തന്നെയാണ് വിദേശ ബാങ്ക് അക്കൗണ്ടുകളുടെ കാര്യം പരിശോധിക്കാന്‍ ഇഡി ഡയറക്ടര്‍ നിര്‍ദേശം കൊടുത്തത്.
വിദേശ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും യുഎഇ എംബസിയുടെയും സഹായം തേടാനാണ് ഇഡി നീക്കം. മാസപ്പടി കേസ് അന്വേഷണത്തില്‍ കരിമണല്‍ കര്‍ത്തായും വീണയും ബാങ്ക് ലോക്കറുകള്‍ ഉപയോഗിക്കുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഈ കാര്യം അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ലോക്കറിന്റെ വാടക വര്‍ഷാവര്‍ഷം അടയ്ക്കുന്നത് കണ്ടെത്തിയാണ് ഇവര്‍ ലോക്കറുകള്‍ ഉപയോഗിക്കുന്നതായി ഇഡി മനസിലാക്കിയത്. 7 ലോക്കറുകളുടെ കാര്യമാണ് അന്വേഷണത്തിലുള്ളത്. ഈ ലോക്കറുകളും പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.
എന്തായാലും ഇഡിക്ക് നേരെ കൊച്ചിയില്‍ നടന്ന ആക്രമണത്തിന്റെ പേരില്‍ സിപിഎം പാശ്ചാത്തപിക്കേണ്ട അവസ്ഥയാണ്. ജയിലില്‍ ഉള്ള സഖാക്കള്‍ ജയിലില്‍ തന്നെയാണ്, ഇവര്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ല. ഇപ്പോള്‍ മാസപ്പടിക്കേസില്‍ പിണറായിയിലേക്ക് കൂടി അന്വേഷണം നീങ്ങുന്ന അവസ്ഥയാണ്. കോടതി അന്വേഷണത്തിലുള്ള എല്ലാ തടസങ്ങളും നീക്കിയതിനാല്‍ ജാഗ്രതയോടെ നിലകൊള്ളേണ്ട അവസ്ഥയിലാണ് സിപിഎം.
