Home » Blog » kerala Max » വില വർധിപ്പിച്ചിട്ടും കാര്യമില്ല! ഓരോ സിലിണ്ടറിലും 700 രൂപ നഷ്ടമെന്ന് കേന്ദ്ര സർക്കാർ
gas-680x450

ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വില 29 രൂപ വർധിപ്പിച്ചിട്ടും, എണ്ണക്കമ്പനികൾക്ക് ഓരോ സിലിണ്ടറിലും ഏകദേശം 700 രൂപയോളം നഷ്ടം നേരിടുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ആഗോളതലത്തിൽ ഊർജ്ജ വില കുതിച്ചുയർന്നെങ്കിലും, ആഭ്യന്തര വിപണിയിൽ വലിയ വിലക്കയറ്റം ഉണ്ടാകാതെ സർക്കാർ നിയന്ത്രിച്ചു നിർത്തുകയാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര മാനദണ്ഡമായ സൗദി സിപി നിരക്ക് പ്രതിസന്ധിക്ക് മുൻപ് ടണ്ണിന് 543 ഡോളർ ആയിരുന്നത്, മേയ് മാസത്തിൽ 46 ശതമാനം വർധിച്ച് 775 ഡോളറായി. ജൂണിൽ ഇത് 790 ഡോളറായി ഉയർന്നു. ഇതനുസരിച്ച് ഇന്ത്യയിൽ ഒരു ഗാർഹിക സിലിണ്ടർ വിതരണം ചെയ്യാനുള്ള യഥാർത്ഥ ചെലവ് 1600 രൂപയ്ക്ക് മുകളിലാണ്. ഹോർമുസ് ഇടുക്ക് വഴിയുള്ള ഇറക്കുമതിയിൽ തടസ്സങ്ങൾ നേരിട്ടെങ്കിലും, ഇന്ത്യൻ റിഫൈനറികൾ ആഭ്യന്തര എൽ.പി.ജി ഉൽപ്പാദനം പ്രതിദിനം 32,000 ടണ്ണിൽ നിന്നും 52,000 ടണ്ണായി വർധിപ്പിച്ച് ക്ഷാമം ഒഴിവാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

വില വർധനയോടെ ഡൽഹിയിൽ 14.2 കിലോയുടെ ഗാർഹിക സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയർന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് 300 രൂപ സബ്‌സിഡി ലഭിക്കുന്നതിനാൽ 642 രൂപയ്ക്ക് സിലിണ്ടർ ലഭ്യമാകും. എന്നാൽ, ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് വർഷത്തിൽ ലഭിച്ചിരുന്ന സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെ എണ്ണം 9-ൽ നിന്ന് 4 ആയി സർക്കാർ ചുരുക്കിയിട്ടുണ്ട്.

പശ്ചിമേഷ്യൻ സംഘർഷത്തിന് ശേഷം ഗാർഹിക സിലിണ്ടറിന് ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. കഴിഞ്ഞ മാർച്ചിൽ 60 രൂപ വർധിപ്പിച്ചിരുന്നു. ഹോട്ടലുകളും മറ്റും ഉപയോഗിക്കുന്ന 19 കിലോയുടെ വാണിജ്യ സിലിണ്ടറുകളുടെ വില അന്താരാഷ്ട്ര നിരക്കുകൾക്കനുസരിച്ച് എല്ലാ മാസവും പരിഷ്കരിക്കാറുണ്ട്. നിലവിൽ ഡൽഹിയിൽ ഇതിന്റെ വില സിലിണ്ടറൊന്നിന് 3113.5 രൂപയാണ് (കിലോയ്ക്ക് 164 രൂപ). അതേസമയം, സാധാരണ ഗാർഹിക ഉപഭോക്താക്കൾക്ക് കിലോയ്ക്ക് ഏകദേശം 66 രൂപ നിരക്കിലാണ് പാചകവാതകം ലഭിക്കുന്നത്.