കൊച്ചി: സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരു മരണം. എറണാകുളം ആലുവ സ്വദേശി മുരളീധരൻ ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്. നിലവിൽ എറണാകുളം ജില്ലയിൽ വെസ്റ്റ് നൈൽ പനിയോടൊപ്പം മറ്റ് പകർച്ചപനികളും വ്യാപകമാണ്.
ക്യൂലക്സ് ഇനം കൊതുകുകൾ പരത്തുന്ന ഒരു പകർച്ചവ്യാധിയാണിത്. 1937-ൽ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. സംസ്ഥാനത്ത് ആദ്യമായി 2011-ൽ ആലപ്പുഴ ജില്ലയിലാണ് വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്തത്. ഈ രോഗത്തിന് പ്രത്യേക വാക്സിനുകളോ കൃത്യമായ മരുന്നുകളോ ലഭ്യമല്ല. അതിനാൽ പ്രതിരോധം മാത്രമാണ് ഏക പോംവഴി. കടുത്ത തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ പനി, തലവേദന, ഛർദ്ദി, ശരീരത്തിൽ ചൊറിഞ്ഞുതടിക്കൽ എന്നിവയും കാണാം. പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങൾ പ്രകടമാകാറില്ല എന്നതും ഈ രോഗത്തിന്റെ പ്രത്യേകതയാണ്. കൊതുക് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് ഏറ്റവും പ്രധാന പ്രതിരോധ മാർഗ്ഗം.
