പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയപ്പോള്‍ തീപിടിച്ചത് ക്രൂഡ് ഓയിലിനും സ്വര്‍ണത്തിനുമായിരുന്നു. ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോള്‍ സ്വര്‍ണത്തിന്റെ വില കുത്തനെ കൂടി. പവന് ഒരു ലക്ഷത്തി നാല്പതിനായിരം രൂപയോളമായി. ഇപ്പോള്‍ സ്വര്‍ണ പ്രേമികളെ സന്തോഷിപ്പിച്ച് സ്വര്‍ണ വില ഇടിഞ്ഞുകൊണ്ടിരിക്കുന്നു. നിലവില്‍ ഗ്രാമിന് 13,645 രൂപയാണ് വില. പവന് 1,09,160 രൂപയും. സ്വര്‍ണവില വന്‍ ഇടിവിലേക്ക് പോവുകയാണ് എന്ന സൂചനയാണ് ശക്തമാകുന്നത്. പവന് ഒരു ലക്ഷത്തിലും കുറയാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.
രാജ്യാന്തരവില കഴിഞ്ഞ 6 മാസത്തിനിടയിലെ ഏറ്റവും താഴ്ചയിലേക്ക് ആണ് കൂപ്പുകുത്തിയത്. അതുകൊണ്ടാണ് ഈയിടെയുള്ള ഏറ്റക്കുറച്ചിലില്‍ പവന് ഇത്രയും കുറഞ്ഞ വില വന്നത്. മുന്‍ ധാരണകള്‍ തെറ്റിച്ച് യുഎസും ഇറാനും തമ്മില്‍ നടക്കുന്ന യുദ്ധം രൂക്ഷമായതാണ് സ്വര്‍ണത്തിന്റെ വില ഇടിച്ചത്. ഹോർമുസ് കടലിടുക്കിൽ യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിനെ തുടർന്നാണ് വീണ്ടും യുദ്ധം രൂക്ഷമായത്. ഇതിനു യുഎസ് തിരിച്ചടി നൽകിയതും, ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയതും ക്രൂഡ് ഓയിൽ വില വർധിപ്പിച്ചു. ക്രൂഡ് ഓയിൽ വിലവർധന വന്നപ്പോള്‍ യുഎസ് ഡോളറിനും മുന്നേറ്റം വന്നു. ഇതോടെയാണ് സ്വര്‍ണത്തിന്റെ വില കുറഞ്ഞത്.
ദുബായിലും സ്വര്‍ണത്തിനു വില കുറഞ്ഞിട്ടുണ്ട്. യുഎസില്‍ പണപ്പെരുപ്പം കൂടിയാല്‍ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കൂട്ടാനാണ് സാധ്യത. അതുകൊണ്ട് തന്നെയാണ് പവന് ഒരു ലക്ഷത്തിലും താഴാനുള്ള സാധ്യത നിലനില്‍ക്കുന്നത്. എന്നാല്‍ യുദ്ധത്തിന്റെ ഗതി അനുസരിച്ച് സ്വര്‍ണ വില കൂടാനും സാധ്യതയുണ്ട്. വിവാഹ സീസണ് ആയതിനാല്‍ കൂടുതല്‍ പേര് സ്വര്‍ണം വാങ്ങാനാണ് സാധ്യത. ഇതെല്ലാം വിപണിയില്‍ പ്രതിഫലിക്കും. പശ്ചിമേഷ്യയില്‍ സംഘര്‍ഷം നിലച്ചാല്‍, . ക്രൂഡ് ഓയില്‍ വില കുറഞ്ഞാല്‍ സ്വര്‍ണത്തിന്റെ വില കൂടും. നിലവിലെ വിലക്കുറവ് സ്വര്‍ണം വാങ്ങാനുള്ള സാധ്യതയായി മാറും.
വാങ്ങല്‍ കൂടിയാല്‍ സ്വര്‍ണവിലയും കൂടാന്‍ സാധ്യതയുണ്ട്. വില താഴേക്ക് പോയാൽ ഈ വർഷാവസാനത്തോടെ സ്വർണവില ഔൺസിന് 3,500 ഡോളറിലേക്ക് വരെ ഇടിയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 3,500 ഡോളറിലേക്ക് സ്വര്‍ണ വില എത്തുകയാണെങ്കില്‍ നിലവിലെ രൂപ-ഡോളർ വിനിമയ നിരക്കില്‍ കണക്കാക്കിയാല്‍ പോലും 22 കാരറ്റിന്റെ വില 80000 രൂപയിലേക്ക് എത്തിയേക്കാം. എന്തായാലും സ്വര്‍ണപ്രേമികള്‍ വിപണിയിലെ ഈ മാറ്റത്തിന് കാതു കൂര്‍പ്പിക്കുകയാണ്.
