ഇന്ത്യാ സഖ്യ യോഗത്തില്‍ രാഹുല്‍ ഗാന്ധി സിപിഎമ്മിനെ ചോദ്യം ചെയ്തത് പാര്‍ട്ടിയെ സംബന്ധിച്ച് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി മാറി എന്നാണ് കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ രാഹുല്‍ ആരോപിച്ചത്.ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചാണ് സിപിഎം എത്തിയത്. എന്നാല്‍ നിങ്ങള്‍ ഇടതുപക്ഷമല്ലാ എന്നാണ് രാഹുല്‍ പറഞ്ഞത്. ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി എന്ന് രാഹുല്‍ ആരോപിച്ചപ്പോള്‍ യോഗത്തില്‍ അതിന് സിപിഎമ്മിന് മറുപടി പറയേണ്ടി വന്നു എന്നാണ് ലജ്ജാകരമായ കാര്യം.
ബിജെപി ബന്ധം ആരോപിച്ച് സിപിഎമ്മിന്റെ അസ്തിത്വം തന്നെയാണ് രാഹുല്‍ ചോദ്യം ചെയ്തത്. ഇന്ത്യാ സഖ്യത്തിന്റെ സഹകരണ മനോഭാവത്തിന് നിരക്കാത്തതാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ നടത്തിയതെന്ന് യോഗത്തില്‍ ജോൺ ബ്രിട്ടാസ് ആരോപിച്ചതിന് മറുപടിയായാണ് രാഹുൽ ചുട്ടമറുപടി നല്‍കിയത്.
ഇടതുപക്ഷത്തിന്റെ ഡീലുകള്‍ എല്ലാം മനസിലാക്കിയായിരുന്നു ഈ പ്രതികരണം. സിപിഎമ്മിന്റെ മോദിപ്പേടിയെക്കുറിച്ചും രാഹുലിന് നല്ല ധാരണയുമുണ്ട്. അതുകൊണ്ട് തന്നെയാണ് സി.പി.എമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നും ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിൽനിന്ന് സി.പി.എം വ്യതിചലിക്കുന്നുവെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടിയതും. യോഗത്തില്‍ സിപിഎമ്മിന്റെ പ്രതിനിധിയായി പോയത് ജോണ്‍ ബ്രിട്ടാസ് ആയിരുന്നു. ഇതും രാഹുല്‍ ഗാന്ധി കണക്കിലെടുത്തിട്ടുണ്ടാകണം. ബ്രിട്ടാസ് സിപിഎം കേന്ദ്രകമ്മിറ്റിയംഗംപോലുമില്ല. കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാവാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ.ബേബിയാണ് അദ്ദേഹം പങ്കെടുക്കാതെയാണ് ബ്രിട്ടാസിനെ അയച്ചത്.
ബ്രിട്ടാസിനെക്കുറിച്ച് നല്ല ബോധ്യമുള്ളയാള്‍ കൂടിയാണ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമല്ല ബ്രിട്ടാസിന്റെ ചരടുവലികളെക്കുറിച്ചും അറിയാം. ബ്രിട്ടാസിനെ ഇന്ത്യാ മുന്നണി യോഗത്തില്‍ അയച്ചതോടെ യോഗത്തിനു സിപിഎം കല്‍പ്പിക്കുന്ന വില രാഹുലിനും ബോധ്യമായി കാണണം. ഇതിന് മുന്‍പ് ബേബി ഒരു കത്തും രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും നല്‍കിയിരുന്നു. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ വ്യക്തത തേടിയായിരുന്നു കത്ത്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമടക്കമുള്ള നേതാക്കൾ കേരളത്തിൽ പ്രചരണത്തിനെത്തിയിരുന്നു. ഈ പ്രചാരണത്തില്‍ സിപിഎം- ബിജെപി ഡീൽ എന്ന് ഇവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. പിണറായി വിജയൻ മോദിയുമായി ഡീൽ ഉണ്ടാക്കി. എന്തുകൊണ്ട് പിണറായി വിജയനെ ഇഡി അറസ്റ്റ് ചെയ്തില്ല എന്നടക്കമുള്ള ആരോപണമാണ് നേതാക്കള്‍ ഉയര്‍ത്തിയത്. ഇതിനെ ലളിതമായി കാണാനാകില്ലെന്നും വിശദീകരണം വേണം എന്നുമാണ് ബേബി അയച്ച് കത്തില്‍ വ്യക്തമാക്കിയത്. യോഗത്തില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുകയും ചെയ്തു.
നിലവില്‍ ഇന്ത്യാ സഖ്യത്തിന്റെ അവസ്ഥ പരിതാപകരമാണ്. സഖ്യത്തിലെ പ്രധാന കക്ഷിയായ ഡിഎംകെയെ ഒഴിവാക്കിയാണ് തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് ടിവികെ ഭരണത്തിന്റെ ഭാഗമായത്. ഇതോടെ ഡിഎംകെ ഇന്ത്യാ സഖ്യം വിട്ടിരിക്കുകയാണ്. പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണിയും എന്ന അവസ്ഥയിലാണ് ഇന്ത്യാ സഖ്യമെന്ന് സിപിഎമ്മിന് അറിയാം. അതുകൊണ്ട് തന്നെയാണ് ദേശീയ തലത്തില്‍ ഒന്നുമല്ലാത്ത സിപിഎം കോണ്‍ഗ്രസില്‍ നിന്നും വിശദീകരണം തേടിയതും.
