തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ വെള്ള കളർകോഡ് മാറ്റുന്നത് സംബന്ധിച്ച നിർണായക ഫയൽ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഗതാഗത വകുപ്പിന് കൈമാറി. ബസുകളുടെ നിലവിലെ വെള്ള നിറം മാറ്റണമെന്ന യോഗ തീരുമാനമാണ് അതോറിറ്റി സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചത്. ഇനി ഗതാഗത വകുപ്പാണ് നിയമ ഭേദഗതി വരുത്തി ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.
2022-ൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെയാണ് സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ നിറം വെള്ളയാക്കി ഏകീകരിച്ചത്. എന്നാൽ, ഈ തീരുമാനത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം അന്നു മുതൽക്കേ ഉയർന്നിരുന്നു.
വാഹനത്തിന്റെ നിറവും റോഡ് സുരക്ഷയും തമ്മിൽ ശാസ്ത്രീയമായ യാതൊരു ബന്ധവുമില്ലെന്നാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് കളർകോഡ് മാറ്റാമെന്ന തീരുമാനത്തിലേക്ക് അതോറിറ്റി എത്തിയത്. കോടതിയുടെ ഇടപെടലുണ്ടായ വിഷയമായതിനാൽ കൃത്യമായ നിയമ ഭേദഗതി വരുത്തി മാത്രമേ സർക്കാരിന് കളർകോഡ് മാറ്റത്തിൽ അന്തിമ ഉത്തരവിറക്കാൻ സാധിക്കൂ. എസ്.ടി.എ ശുപാർശ സമർപ്പിച്ച സാഹചര്യത്തിൽ ഗതാഗത വകുപ്പ് ഫയൽ വിശദമായി പരിശോധിച്ച് വരികയാണ്. വിഷയത്തിൽ ഉടൻ തന്നെ അനുകൂലമായ സർക്കാർ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
