Home » Blog » Kerala » പറഞ്ഞതെല്ലാം വിഴുങ്ങേണ്ടിവന്നു; സതീശന്‍ വെട്ടില്‍
sabha

ഇന്ധനവില വര്‍ദ്ധനവില്‍ പറഞ്ഞതെല്ലാം വിഴുങ്ങേണ്ടി വന്ന അവസ്ഥയില്‍ മുഖ്യമന്തി വി.ഡി.സതീശന്‍. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഇന്ധനവില വര്‍ദ്ധിപ്പിച്ചപ്പോള്‍ ഇതിനു ലഭിക്കുന്ന അധിക നികുതി ഒഴിവാക്കണമെന്നു യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ഇത് യുഡിഎഫിന്‍റെ പ്രചാരണായുധവുമായിരുന്നു. ഇക്കുറി യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ ഇന്ധനവിലയിലെ അധിക നികുതി ഒഴിവാക്കണമെന്നു പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. സതീശന്റെ സഭയിലെ നിലപാട് ചൂണ്ടിക്കാട്ടി മുന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ തന്നെയാണ് ഈ കാര്യം ആവശ്യപ്പെട്ടതും.

അധിക നികുതി കുറക്കുന്നത് മര്യാദയാണ്. 150 കോടി വരെ ഖജനാവിലേക്ക് പ്രതിമാസം വരുന്നു. ഇത് കുറക്കാവുന്നതാണെന്നാണ് ബാലഗോപാല്‍ പറഞ്ഞത്. എന്നാല്‍ അധിക നികുതി ഒഴിവാക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇന്ധനവില വര്‍ദ്ധനയിലൂടെ കേരളത്തിന് കിട്ടുന്നഅധിക നികുതി വരുമാനം വേണ്ടെന്ന് വയ്‌ക്കുന്ന മണ്ടത്തരം കാണിക്കില്ലെന്നായിരുന്നു സതീശന്റെ മറുപടി. ബാലഗോപാല്‍ കൊണ്ടുവനന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്കുമ്പോഴാണ് ഈ കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്.

പ്രതിപക്ഷ നേതാവ് പിണറായി വിജയനും പ്രശ്നത്തില്‍ ഇടപെട്ടു. കേന്ദ്രം വില കൂട്ടുമ്പോൾ സംസ്ഥാന സർക്കാരിനെ ആയിരുന്നു പ്രതിപക്ഷ നേതാനായിരുന്ന വിഡി സതീശൻ കുറ്റപ്പെടുത്തിയിരുന്നത്. കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നടപടിയെ കുറ്റപ്പെടുത്താൻ തയ്യാറാകണ്ടേ എന്നാണ് പിണറായി ചോദിച്ചത്. അധിക നികുതി വേണ്ടെന്ന് വയ്‌ക്കണമെന്ന് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ആവശ്യപ്പെട്ട സതീശനാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. വാക്ക് പാലിക്കാന്‍ സതീശന്‍ തയ്യാറാകണമെന്നും പിണറായി സഭയില്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ചയായി എട്ടുരൂപയോളമാണ് ഇന്ധന വില കൂട്ടിയത്. അധിക നികുതി വരുമാനമായി സംസ്ഥാനത്തിനു 1200 കോടി രൂപ കിട്ടും. അധിക നികുതി വേണ്ടെന്നു വച്ചാല്‍ ലിറ്ററിന് രണ്ടര രൂപയോളം കുറയും. ഇത് മനസിലാക്കിയാണ് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചത്.

പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒരു നിലപാടും ഭരിക്കുമ്പോള്‍ മറ്റൊരു നിലപാടും എന്ന ആക്ഷേപമാണ് ഇപ്പോള്‍ സതീശനെതിരെ ഉയരുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോഴുള്ള അവസ്ഥയല്ല ഭരണപക്ഷത്തിരിക്കുമ്പോഴുള്ളതെന്ന് മുഖ്യമന്ത്രിക്കും ബോധ്യമായിക്കാണും. എന്തായാലും പ്രതിപക്ഷം പ്രക്ഷോഭത്തിനു തന്നെയാണ്. നാളെ ഇന്ധന വില വര്‍ധനവില്‍ എതിര്‍പ്പുമായി പ്രതിപക്ഷം പ്രക്ഷോഭത്തിനിറങ്ങുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും മറ്റു കേന്ദ്രങ്ങളിലുമായിരിക്കും പ്രതിഷേധം. എന്തായാലും ഇന്ധന വില വര്‍ധന എല്‍ഡിഎഫ് രാഷ്ട്രീയായുധമാക്കുകയാണ്.