അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ സൂചന നൽകി അർജന്റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് രംഗത്തെത്തി. ലോകകപ്പ് ഫൈനലിൽ സ്പെയ്നെതിരായ തോൽവിക്ക് ശേഷമാണ് താരത്തിന്റെ പ്രതികരണം. 2022 ലോകകപ്പിലും 2021, 2024 വർഷങ്ങളിലെ കോപ്പ അമേരിക്കയിലും അർജന്റീനയെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് അദ്ദേഹം.
ഫെറാൻ ടോറസിന്റെ ഒറ്റഷോട്ടിൽ കിരീടം നഷ്ടമായതിന് പിന്നാലെ അർജന്റൈൻ ജഴ്സി അഴിക്കാനുള്ള സമയമായെന്ന് 33കാരനായ എമി മാർട്ടിനസ് സാമൂഹിക മാധ്യമത്തിലൂടെ വ്യക്തമാക്കി. അർജന്റീന വീണ്ടും ലോകകപ്പ് നേടുമെന്ന് സ്വപ്നം കണ്ടിരുന്നുവെന്നും, ഫൈനലിലെ തോൽവിയുടെ വേദന വാക്കുകളിൽ ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി എങ്ങനെ മുന്നോട്ട് പോകണമെന്ന് ചിന്തിക്കേണ്ട സമയമാണെന്നും മാറിനിൽക്കേണ്ട സമയമാണെങ്കിൽ ആരാധകർ ക്ഷമിക്കണമെന്നും താരം പറഞ്ഞു.
തന്റെ കരിയറിൽ അർജന്റീനയെയും സഹതാരങ്ങളെയും സഹായിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് എമി മാർട്ടിനസ് വ്യക്തമാക്കി. സ്പെയ്നെതിരായ ലോകകപ്പ് ഫൈനലിൽ പതിനൊന്ന് സേവുകളാണ് താരം നടത്തിയത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ റെക്കോർഡാണിത്.
അർജന്റീനയ്ക്കായി 67 മത്സരങ്ങളിൽ ഗോൾവല കാത്ത എമി, 2022 ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ സ്വന്തമാക്കിയിട്ടുണ്ട്. തൊട്ടടുത്ത രണ്ട് വർഷങ്ങളിലും ഫിഫയുടെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം നേടിയ അദ്ദേഹം പ്രീമിയർ ലീഗ് ക്ലബ് ആസ്റ്റൻ വില്ലയുടെ താരമാണ്.
