ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ. സമാധാനമാണ് ആവശ്യമെന്നും ഭാവിതലമുറയുടെ ജീവിതം തകർക്കരുതെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഈ സമരത്തിന് പിന്നിൽ രാഷ്ട്രീയമോ മതമോ ജാതിയോ ഇല്ലെന്നും, ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരനായിരിക്കുക എന്ന ആശയവും നാനാത്വത്തിൽ ഏകത്വവും ഉയർത്തിപ്പിടിക്കുകയാണ് ലക്ഷ്യമെന്നും താരം കൂട്ടിച്ചേർത്തു.
നേരത്തെ നടന്മാരായ ടൊവിനോ തോമസ്, അപ്പാനി ശരത്, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, വിസ്മയ മോഹൻലാൽ തുടങ്ങിയ പ്രമുഖരും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സമാധാനപരമായി നടക്കുന്ന പ്രതിഷേധത്തെ പോലീസ് നേരിട്ട രീതി ശരിയല്ലെന്ന് ടൊവിനോ തുറന്നടിച്ചപ്പോൾ, കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായാണ് അപ്പാനി ശരത് പ്രതികരിച്ചത്. സമരം ചെയ്ത ആയിരക്കണക്കിന് യുവാക്കൾക്ക് നേരെ പോലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തുകയും നൂറിലേറെ പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അതിക്രമങ്ങൾക്കിടെ 50-ലേറെ പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
