കൊച്ചി: ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊച്ചി മഹാരാജാസ് കോളേജിൽ സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ വൻ കൂട്ടായ്മ. ചലച്ചിത്ര താരങ്ങളായ ജോജു ജോർജ്, ഗൗരി കിഷൻ, മാധ്യമപ്രവർത്തക രഞ്ജിനി ഹരിദാസ്, എഴുത്തുകാരായ എൻ.എസ്. മാധവൻ, കെ.ആർ. മീര, സംവിധായകരായ ആഷിഖ് അബു, മഹേഷ് നാരായണൻ, ഹരീഷ് വാസുദേവൻ, ശീതൾ ശ്യാം, ബേബി ജീൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥയാണെന്നും രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങൾ തകർച്ചയുടെ തുടക്കമാണെന്നും ഇത് നാം അതിജീവിക്കുമെന്നും ജോജു ജോർജ് പറഞ്ഞു. ധർമ്മേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് ആഷിഖ് അബു വിമർശിച്ചു.
ഇന്ത്യയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും ശക്തമായ പ്രക്ഷോഭമാണ് ഡൽഹിയിൽ നടക്കുന്നതെന്നും ‘ജെൻ സി’യുടെ ഈ ശബ്ദം കേൾക്കാതിരിക്കരുതെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. ഡൽഹിയിൽ ജനാധിപത്യം മരിച്ച അവസ്ഥയാണെന്നും അവർ കൂട്ടിച്ചേർത്തു. സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ വലിയ പ്രതിഷേധം ഉയരണമെന്നും, പ്രതിഷേധിക്കുന്ന കുട്ടികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുന്ന അവസ്ഥ വരുംമുമ്പ് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും മഹേഷ് നാരായണൻ ആവശ്യപ്പെട്ടു. കേന്ദ്ര ഭരണകൂടത്തിന്റെ അധികാര ദുർവിനിയോഗത്തിനെതിരെ ഉയർന്ന ഈ ശബ്ദം രാജ്യമൊട്ടാകെ വ്യാപിക്കണമെന്ന ആഹ്വാനത്തോടെയാണ് കൂട്ടായ്മ അവസാനിച്ചത്.
