സിഎംആര്‍എല്‍-എക്സാലോജിക്ക് മാസപ്പടി കേസില്‍ വീണയെ സിപീഎം കയ്യൊഴിയുന്നു. പിണറായി വിജയന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഇഡിക്ക് നേരെ നടന്ന ആക്രമണം ഒഴിവാക്കേണ്ടിയിരുന്നുവെന്ന വിലയിരുത്തല്‍ പാര്‍ട്ടിയില്‍ ശക്തമാകുമ്പോള്‍ തന്നെയാണ് വീണയെ കയ്യൊഴിയാനുള്ള തീരുമാനവും പാര്‍ട്ടിയില്‍ നിന്നുമുണ്ടാകുന്നത്.
പാര്‍ട്ടി പിബി അംഗം എന്ന നിലയില്‍ പിണറായിക്ക്പ്രതിരോധം തീര്‍ക്കാം. എന്നാല്‍ മാസപ്പടി കേസില്‍ വീണയെ പ്രതിരോധിക്കേണ്ട ആവശ്യമില്ലെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയ സമീപിച്ച ഷോണ്‍ ജോര്‍ജ് പിണറായി വിജയന് ഇതില്‍ പങ്കാളിത്തമുണ്ടെന്ന് ആരോപിക്കുന്നുണ്ടെങ്കിലും ഇഡി ഇത് പറഞ്ഞിട്ടുമില്ല. ഇഡിയെ ആക്രമിച്ചതോടെ കേസ് അന്വേഷണ ഏജന്‍സി ശക്തമാക്കിയതും ഇഡി ഡയറക്ടര്‍ തന്നെ കൊച്ചിയില്‍ നേരിട്ടെത്തി നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും പാര്‍ട്ടിയില്‍ ചര്‍ച്ചാവിഷയവുമാണ്. ദേശീയ തലത്തില്‍ തന്നെ ഇഡി ആക്രമണ ദൃശ്യങ്ങള്‍ പ്രചരിക്കുകയും സിപിഎമ്മിന്റെ ഇഡി ആക്രമണം ചര്‍ച്ചയായതും പാര്‍ട്ടിക്ക് ക്ഷീണമായെന്ന വിലയിരുത്തലിലുമാണ് സിപിഎം.
മടിയില്‍ കനമില്ലെങ്കില്‍ അന്വേഷണത്തെ ഭയക്കേണ്ട ആവശ്യമില്ലെന്നും പിണറായിയെ തന്നെ ഉദ്ധരിച്ച് പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് വീണയുടെ കാര്യത്തില്‍ പതിയെ പിന്‍വാങ്ങാന്‍ സിപിഎം തീരുമാനിക്കുന്നതും. കേസ് വീണ നേരിടേണ്ടി വരും എന്ന അവസ്ഥയാണ് നിലവിലുള്ളത്. കേസില്‍ സിഎംആര്‍എല്‍ ഉയര്‍ത്തിയ വാദങ്ങള്‍ എല്ലാം തന്നെ ഹൈക്കോടതി തള്ളിക്കളയുകയും ചെയ്തു. അന്വേഷണത്തിനു തടയിടാന്‍ കഴിയില്ലെന്ന നിലപാടിലാണ് കോടതി എത്തിയതും. ഇതും സിപിഎമ്മിന് പരിഗണിക്കേണ്ടിവരും. ഇതുവരെ വീണയെ കേള്‍ക്കാതെയുള്ള വിധി എന്നാണു പാര്‍ട്ടി പറഞ്ഞത്.
ഹൈക്കോടതി അന്വേഷണം തുടരാന്‍ ഉത്തരവിട്ടതോടെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഇനി വീണ ഹാജരാകേണ്ടിവരും. സിപിഎമ്മിന് എതിര്‍ക്കാനും കഴിയില്ല. മൂന്നു കോടിയോളം രൂപ സേവനം നല്‍കാതെ വീണ കര്‍ത്തയുടെ സിഎംആര്‍എല്‍ കരിമണല്‍ കമ്പനിയില്‍ കൈപ്പറ്റി എന്നാണ് കേസ്. ഇതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണമാണ് ഇഡി നടത്തുന്നത്. 150 കോടിയോളം രൂപ സിഎംആര്‍എല്‍ കമ്പനിയിലേക്ക് വന്നെങ്കിലും അത് കമ്പനി കണക്കുകളിലില്ല. ഈ തുകയെക്കുറിച്ചുള്ള അന്വേഷണമാണ് ഇഡി ഊര്ജമാക്കുന്നത്. കമ്പനിയില്‍ നിന്നും പണം നല്കിയ രാഷ്ട്രീയ നേതാക്കളുടെയെല്ലാം പേരുകള്‍ ഉള്ള ഡയറി കമ്പനിയില്‍ നിന്നും ഇഡി കണ്ടെടുത്തിട്ടുമുണ്ട്. മാസപ്പടി കേസില്‍ ഇഡിയുടെ നടപടികളാണ് സിപിഎം ഉറ്റുനോക്കുന്നതും.
