തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തെ തുടർന്ന് മഴ ദുർബലമാകുന്ന സാഹചര്യത്തിൽ നാളെ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ടുകൾ പിൻവലിച്ചു. ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്നുണ്ട്.
അതേസമയം, നാളെ കാസർഗോഡ് മുതൽ തൃശൂർ വരെയുള്ള ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പും പുറത്തിറക്കി. ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും മുൻ ദിവസങ്ങളിലേതുപോലെ അതിതീവ്ര മഴയ്ക്കുള്ള സാഹചര്യം കുറവാണെന്നാണ് വിലയിരുത്തൽ.
കേരള–ലക്ഷദ്വീപ്–കർണാടക തീരങ്ങളിൽ കടൽക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് മുതൽ ജൂൺ 9 വരെ ഈ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക മുന്നറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു.
