Your Image Description Your Image Description
Your Image Alt Text

ഹരിപ്പാട്: കടലിന്റെ കലിയിൽ മണ്ണ് അടിഞ്ഞു കയറിയതോടെ തീരദേശ പാതയിൽ യാത്ര ദുരിതമായി മാറുന്നു. ആറാട്ടുപുഴ പഞ്ചായത്തിന്റെ വടക്കൻ മേഖലകളിലും ആറാട്ടുപുഴ എംഇഎസ് ജംഗ്‌ഷൻ , തൃക്കുന്നപ്പുഴ ഗസ്റ്റ് ഹൗസ് ജംഗ്‌ഷൻ എന്നിവിടങ്ങളിലുമാണ് കടലാക്രമണം ഏറെ ദുരിതം വിതച്ചത്. ഇന്നലെ റോഡിൽ അടിഞ്ഞ മണ്ണ് മാറ്റാൻ എത്തിയവരെ നാട്ടുകാർ തടഞ്ഞു. തൃക്കുന്നപ്പുഴ ഗസ്റ്റ് ഹൗസ് ജംഗ്‌ഷനിൽ മണ്ണ് മാറ്റാൻ നാട്ടുകാർ സമ്മതിച്ചില്ല.

ഇവിടെ റോഡിൽ രണ്ടടിയോളം ഉയരത്തിൽ മണ്ണ് കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ ഒന്നിന് സമാന രീതിയിൽ കടൽ കയറ്റത്തിൽ റോഡിൽ മണ്ണ് അടിഞ്ഞിരുന്നു. അന്നും നാട്ടുകാർ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്ഥലത്തെത്തിയ തഹസീൽദാർ കലക്ടറുടെ നിർദ്ദേശ പ്രകാരം ഏപ്രിൽ 5ന് മുൻപ് പ്രദേശത്തു മണൽ ചാക്ക് നിരത്തി തീരസംരക്ഷണം ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ തീരുമാനം ആകാതെ മണ്ണ് മാറ്റാൻ അനുവദിക്കില്ലെന്ന വാശിയിലാണ് തീരവാസികളുള്ളത്.

ജെസിബി ഉൾപ്പടെയുള്ള സംവിധാനങ്ങളുമായി എത്തിയ സംഘത്തെയാണ് തടഞ്ഞത്. ഈ പ്രദേശത്തു കടലും റോഡും തമ്മിൽ ചുവടുകളുടെ അകലം മാത്രമാണുള്ളത്. ഏതുനിമിഷവും റോഡ് കടലെടത്തു പോകാവുന്ന സ്ഥിതിയിലാണ്. ഇതും ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. നിരവധി വണ്ടികൾ മണ്ണിൽ താഴ്ന്നു. പല ബസ് സർവീസുകളും പ്രശ്നമുള്ള സ്ഥലത്ത് വെച്ച് സർവീസ് അവസാനിപ്പിച്ചത് യാത്രക്കാരെയും വലച്ചു.

Leave a Reply

Your email address will not be published. Required fields are marked *