Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കുടുംബവും സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിന് മുന്നിൽ നിർത്തിയിട്ട സംഭവത്തിൽ പരിശോധിച്ച് നടപടിയെടുക്കാൻ കന്റോൺമെന്റ് പൊലീസിന് കോടതി നിർദ്ദേശം നൽകി. അഭിഭാഷകനായ ബൈജു നോയലിന്റെ ഹർജിയിൽ ആണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശം. സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നായിരുന്നു ബൈജു നോയൽ നൽകിയ പരാതി.

മേയറും സംഘവും കെഎസ്ആർടിസി ബസ് തടഞ്ഞ വിവാദ സംഭവത്തിലാണ് ഡ്രൈവർ യദു കോടതിയിലെത്തിയത്. ബസ് തടഞ്ഞ് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നാണ് പരാതി . മേയറുടെ ഭർത്താവും എംഎൽഎയുമായി സച്ചിൻദേവ് ബസിൽ അതിക്രമിച്ചുകയറി അസഭ്യം പറഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ഉന്നയിക്കുന്നുണ്ട്. മേയർക്കും എംഎൽഎക്കും പുറമെ കാറിലുണ്ടായിരുന്ന ബന്ധുക്കൾക്കെതിരെയും പരാതിയുണ്ട്. പരാതി ഫയലിൽ സ്വീകരിച്ച തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റി.

പൊലീസ് യദുവിൻറെ പരാതിയിൽ കേസെടുക്കാൻ തയ്യാറാകാത്തത് ചർച്ചയാകുന്നതിനിടെയാണ് കേസ് കോടതിയിലെത്തുന്നത്. ഇതിനിടെ ബസിലെ കണ്ടക്ടർ സുബിനെതിരെ കടുത്ത ആരോപണം യദു ഉന്നയിച്ചു. പിൻസീറ്റിൽ ഇരിക്കുന്നതിനാൽ എംഎൽഎ ബസിൽ കയറിയത് കണ്ടില്ലെന്ന് കണ്ടക്ടർ പൊലീസിന് നൽകിയ മൊഴി കള്ളമാണെന്ന് യദു കുറ്റപ്പെടുത്തി. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിൽ മേയർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് അഭിഭാഷകനായ ബൈജു നോയൽ കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ചാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി കന്റോൺമെന്റ് പൊലീസിനോട് അന്വേഷിച്ച് നടപടി എടുക്കാൻ നിർദേശിച്ചത്. എന്നാൽ ബസിലെ മെമ്മറി കാർഡ് ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *