Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ഇന്ത്യൻ-അമേരിക്കൻ കള്ളക്കടത്തുകാരൻ സുഭാഷ് കപൂർ ഉൾപ്പെടെയുള്ളവർ മോഷ്ടിച്ച് കൊണ്ടുവന്ന 30 ലക്ഷം ഡോളർ (25 കോടി രൂപ) വില വരുന്ന പുരാവസ്തുക്കൾ കംബോഡിയക്കും ഇന്തോനേഷ്യക്കും തിരികെ നൽകിയതായി അമേരിക്ക. മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് ആണ് ഇക്കാര്യം അറിയിച്ചത്. തെക്കുകിഴക്കൻ ഏഷ്യൻ പുരാവസ്തുക്കൾ ലക്ഷ്യമിടുന്ന വ്യാപകമായ കടത്തു ശൃംഖലകളെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും നിരവധി​ ​സംഘങ്ങളെ അമർച്ച ചെയ്തെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും മോഷ്ടിച്ച പുരാവസ്തുക്കൾ നാട്ടിലേക്ക് തിരികെ നൽകുന്നതിനുമുള്ള അമേരിക്കയുടെ പ്രതിബദ്ധതയുടെ ഭാ​ഗമായിട്ടാണ് കൈമാറ്റമെന്നും ബ്രാഗ് പറഞ്ഞു.

തിരിച്ചയച്ച ശേഖരത്തിൽ കംബോഡിയയിലെ നോം പെനിൽ നിന്നുള്ള 27 പുരാവസ്തുക്കളും ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്നുള്ള മൂന്ന് പുരാവസ്തുക്കളും ഉൾപ്പെടുന്നു. കംബോഡിയയിൽ ഹിന്ദു ദേവനായ ശിവൻ്റെ വെങ്കല വിഗ്രഹമായ ‘ശിവ ട്രയാഡ്’, 13-16-ാം നൂറ്റാണ്ടിലെ ഇന്തോനേഷ്യയിലെ മജാപഹിത് സാമ്രാജ്യത്തിലെ രാജാക്കന്മാരെ ചിത്രീകരിക്കുന്ന കല്ലായ ബാസ്-റിലീഫ് എന്നിവ ഉൾപ്പെടുന്നു.

പുരാവസ്തുക്കൾ തിരികെ ലഭിച്ചതിൽ നന്ദിയുണ്ടെന്ന് കംബോഡിയ റോയൽ അംബാസഡർ കിയോ ഛിയ പറഞ്ഞു. ഇന്ത്യൻ-അമേരിക്കൻ ആർട്ട് ഡീലറായ സുഭാഷ് കപൂറിനെയും അമേരിക്കൻ ഡീലറായ നാൻസി വീനറെയും മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് പ്രത്യേകം പരാമർശിച്ചു. ഹിഡൻ ഐഡൽ എന്ന് പേരിട്ടിരിക്കുന്ന ഒരു ഓപ്പറേഷനൊടുവിൽ സുഭാഷ് കപൂറിനെ 2011-ൽ ജർമ്മനിയിൽ വെച്ച് അറസ്റ്റ് ചെയ്തു. പിന്നീട് അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൈമാറുകയും 13 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *